കാല്‍പ്പന്തു കളി… എന്നും പുരുഷ മോധാവിത്തത്താല്‍ പുകള്‍പെറ്റ ഈ കളിക്ക് ഇനി പെണ്‍കരുത്തും അവകാശപ്പെടാം. അതിന് വഴിയൊരുക്കിയത് ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലില്‍ നിന്നുള്ള പെണ്‍കുട്ടി തന്നെ. മറ്റാരുമല്ല മാര്‍ത്ത എന്ന ബ്രസീലിയന്‍ ഫുട്ബോളര് തന്നെയാണ് ആ പെണ്‍കുട്ടി. മുഴുവന്‍ പേര് മാര്‍ത്ത വിയേറിയ ഡി സില്‍വ. ചടുലമായ നീക്കങ്ങള്‍ക്കൊണ്ട് ലോകത്തെ ആത്ഭുതപ്പെടുത്തിയ അവളെ എല്ലാവരും വിശേഷിപ്പിച്ചത് ‘പാവാടയിലെ പെലെ'(Pele in Skirts) എന്നാണ്. പിന്നീട് സാക്ഷാല്‍ പെലെ ഇതിനെ ശരിവച്ചു. അത്രയ്ക്കായിരുന്നു അവളുടെ കഴിവുകള്‍. വേഗത, ട്രിബിളിംഗ്, ഫിനിഷിംഗ് ഫുട്ബോളിന് വേണ്ട മൂന്ന് ഗുണങ്ങളുടേയും പെണ്‍രൂപം. ബ്രസീലുകാര്‍ക്ക് പെലെ എത്രത്തോളം പ്രിയപ്പെട്ടവനാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടവളാണ് മാര്‍ത്തയും. പ്രായം 29 വയസ് മാത്രം. ഇതിനോടകംതന്നെ ഫുട്ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന വ്യക്തിഗത നേട്ടങ്ങളിലേറെയും സ്വന്തമാക്കിക്കഴിഞ്ഞു. നാലു ലോകകപ്പുകള്‍, അഞ്ചുതവണ ഫിഫയുടെ ലോക ഫുട്ബോളര് പുരസ്കാരം… അങ്ങനെ നീളുന്നു മാര്‍ത്തയുടെ നേട്ടങ്ങള്‍. 1986ല്‍ അലഗോസില്‍ ജനിച്ച മാര്‍ത്ത ആണ്‍കുട്ടികള്‍ക്കൊപ്പം തെരുവുഫുട്ബോള്‍ കളിച്ചാണ് വളര്‍ന്നത്. തന്റെ 14ാം വയസ്സില്‍ വനിതകള്‍ക്ക് പ്രത്യേക ഫുട്ബോള്‍ പരിശീലനം നല്കുന്ന റിയോയിലെ വാസ്കോ ഡ ഗാമ ഫുട്ബോള്‍ ക്ലബ്ബിലെത്തി. രണ്ടുവര്‍ഷത്തിനു ശേഷം വിദഗ്ധ പരിശീലനത്തിനായി സ്വീഡനിലേക്ക് ചേക്കേറിയ മാര്‍ത്ത അവിടെ നിന്ന് യുഎസിലേക്ക് പോയി. അതിനിടെ 2002ല്‍ 16-ാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ് കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു, ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിക്കൊണ്ട്. 2011 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും തന്റെ ഗോള്‍ പട്ടികയില്‍ 14-ാമത്തെ ഗോളും മാര്‍ത്തയ്ക്ക് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമത്സരത്തില്‍ തന്നെ 15-ാം ഗോളും മാര്‍ത്ത സ്വന്തമാക്കിയതോടെ ലോക ഫുട്ബോളിന്റെ നെറുകയിലാണ് ഈ പെണ് വാഴ്ച്ച. പുരുഷ ഫുട്ബോളില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ് ക്ലോസെയാണ് 15 ഗോള്‍ തികച്ച താരം. അതാകട്ടെ 36-ാം വയസിലും. മാര്‍ത്തയ്ക്ക് മുന്നില്‍ പ്രായവും മത്സരങ്ങളും ഒട്ടേറെയുള്ളപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയാണ്. ഒപ്പം മാര്‍ത്തയുടെ നേട്ടങ്ങള്‍ പ്രചോദനമാക്കി ഫുട്ബോളിലേയ്ക്കു കൂടുതല്‍ പെണ്‍സാന്നിധ്യങ്ങളേയും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: