കുറച്ചുദിവസം മുമ്പ് വാട്സ് ആപില്‍ വന്നൊരു മെസേജ് ഇങ്ങനെ. മാട്രിമോണിയല്‍ സൈറ്റുകളില്‍, വിവാഹപരസ്യം നല്‍കിയിട്ടുള്ള പെണ്‍കുട്ടികള്‍ കുക്കിംഗ് ഹോബിയാണ് എന്നെഴുതിയിരുന്നത് നീക്കം ചെയ്തുവത്രെ. മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നതാണ് കാരണമായി പറയുന്നത്. കാര്യം ചിലപ്പോള്‍ തമാശയാകും. ഒരു നേരം വിശപ്പുമാറ്റാന്‍ എന്തെങ്കിലും കഴിച്ചാല്‍ മതിയെന്നുകരുതിയിരുന്നവരുടെ ഏക ആശ്രയമായിരുന്നു മാഗിപോലുള്ള ഇന്‍സ്റ്റഡ് ഫുഡുകള്‍. വിശപ്പുമാറ്റാന്‍ അകത്താക്കുന്നത് ഗ്ലൂട്ടാമേറ്റും ഈയവും അടങ്ങിയ സാധനമാണെന്ന് അടുത്തിടവരെ ആര്‍ക്കും അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ കഴിച്ചുപോയ ന്യൂഡില്സിനെപ്പറ്റിയായി പിന്നത്തെ ആവലാതി. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, ഫാസ്റ്റ് ഫുഡും മറ്റും ഒരു ദിവസംപോലും ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ ശരീരത്തിനുള്ളിലെത്തുന്നത് ഒരുപക്ഷേ ഹാനികരമായ വിഷപദാര്ത്ഥമാവാം. നമ്മുടെ നാവുതന്നെയാണ് മാഗിയുടേയും മറ്റ് ഫാസ്റ്റുഫുഡുകളുടേയും വിപണിയെ സജീവമാക്കിയത്. നാവിനെ കീഴടക്കുന്ന രുചിക്കൂട്ടുകളുമായി അവര്‍ മുന്നിലെത്തിയപ്പോള്‍ പൊതുവെ ഭക്ഷണപ്രിയരായ നാം എങ്ങനെ നോ എന്ന് പറയും.
നമുക്ക് ആ പഴയ അടുക്കളക്കാലത്തിലേക്ക് ഒന്നു പോകാം. അവിടെ ഭക്ഷണങ്ങള്‍ക്ക് രുചിപകര്ന്നിരുന്നത് തനതായ കറിക്കൂട്ടുകളായിരുന്നു. ഭക്ഷണത്തില്‍ മായം എന്നൊരു വാക്കുതന്നെ അന്ന് ആരും കേട്ടിട്ടുണ്ടാവില്ല. മുളകും മല്ലിയും മഞ്ഞളുമെല്ലാം വെയിലത്തുണക്കി ഉരലിലിട്ട് പൊടിച്ചെടുത്തു. കറികള്‍ക്കാവശ്യമായ എല്ലാ കൂട്ടുകളും വീട്ടില്‍ത്തന്നെ തയ്യാറാക്കി. ഇന്നാണെങ്കിലോ ഏത് കറി വയ്ക്കുന്നതിനും ആവശ്യമായ മസാലപ്പൊടികള്‍ വിപണിയില്‍ സുലഭം. കാര്യവും എന്തെളുപ്പം. പക്ഷേ, അമ്മമാര്‍ അടുക്കളയില്‍ തയ്യാറാക്കിയിരുന്ന കറിക്കൂട്ടുകൊണ്ടുണ്ടാക്കുന്ന കറിയുടെ രുചിയും ഗുണവും മണവും ഒന്നും നല്കാന് ഇന്നത്തെ മസാലക്കൂട്ടുകള്‍ക്ക് സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.
പണ്ടത്തെപ്പോലെ ആഹാരകാര്യത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ മലയാളിക്ക് കഴിയുന്നില്ല. മുഴുവന്‍ സമയവും ഗൃഹഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാരും ഇന്ന് കുറവാണ്. ജീവിതം ഒരു കരയ്ക്കടുപ്പിക്കണമെങ്കില്‍ പകലന്തിയോളം അധ്വാനിച്ചാലേ കാര്യമുള്ളു എന്ന് ചിന്തിക്കുന്നവരാണ് അധികവും. അടുക്കളയിലെ കാര്യങ്ങള്‍ എങ്ങനെയെങ്കിലും തട്ടിക്കൂട്ടണമെന്നേ പലര്‍ക്കും ചിന്തയുള്ളു. അര മണിക്കൂറിനുള്ളില്‍ കിച്ചണിലെ കാര്യങ്ങള്‍ ഒതുക്കാന്‍ പറ്റിയാല്‍ അത്രയും നന്ന്. അങ്ങനെ വരുമ്പോള്‍ വിപണിയില്‍ കിട്ടുന്ന കറിക്കൂട്ടുകള്‍ വാങ്ങുകയേ നിവൃത്തിയുള്ളു. എന്നാല്‍ കറിയ്ക്ക് നിറവും മണവും കിട്ടുന്നതിനായി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് ശരാശരി വീട്ടമ്മയ്ക്ക് യാതൊരു അറിവുമില്ല.
കറിവേപ്പിലയും മല്ലിയിലയും കേടുകൂടാതെ ദീര്‍ഘനാള്‍ ഇരിക്കുന്നതിനായി അവയിലും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. രാജ്യത്ത് വിതരണം ചെയ്യുന്ന പാലില്‍ 70 ശതമാനവും മായം കലര്‍ന്നതാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ വന്നിരുന്നു. ഡിറ്റര്‍ജന്റ്, കൊഴുപ്പ്, പാല്‍പ്പൊടി, എന്തിനേറെ യൂറിയവരെ പാലില്‍ കണ്ടെത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. പാല്‍പ്പൊടിയില്‍ മൈദയോ അതുപോലുള്ള വെളുത്ത പൊടികളോ ചേര്‍ക്കുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ട്സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന പാലും പാല് ഉല്‍പ്പന്നങ്ങളും.
നമ്മള് വാങ്ങുന്ന സാധനങ്ങളില്‍ പലതിനും ആ പേര് മാത്രമേ ഉണ്ടാകു. ഉത്പന്നങ്ങളുടെ ഫ്്ളേവര് നല്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത വ്യാജനെയാവും വിപണിയില്‍ നിന്നും വാങ്ങേണ്ടിവരിക. റേഷനരിയില്‍ ടാല്‍ക്കം എന്ന രാസവസ്തു ചേര്‍ത്ത് പോളിഷ് ചെയ്തെടുത്താണ് വിപണിയിലെത്തുന്നത്. വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ത്തിയ അരിയല്ല നമ്മുടെ അടുക്കളയില്‍ വെന്തുകൊണ്ടിരിക്കുന്നതെന്ന് പറയാന്‍ സാധിക്കുമോ?. മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്നത് ലെഡ് ക്രോമേറ്റും മുളകുപൊടിയില്‍, നിറം കിട്ടുന്നതിനായി ഓടിന്‍കഷ്ണം പൊടിച്ചിട്ട് കാശ്മീരി ചില്ലി പൗഡറായി വിറ്റും കണ്ണില്‍ പൊടിയിടുന്നു. മല്ലിയില്‍ രാസകീടനാശിനിയായ ആല്‍ഫാ ബീറ്റാ എന്‍ഡോസള്‍ഫാന്റേയും ചുക്കുപ്പൊടിയില് ക്യൂനാള് ഫോസിന്റെയും, ജീരകത്തില്‍ മാലത്തയോണ്‍, എത്തയോണ്‍, ക്ലോര്‍ പൈറിഫോസ് എന്നിവ ഉള്‍പ്പെടെ അഞ്ചു കീടനാശിനികളുടെയും, വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെത്താലിന്‍, ക്ലോര്‍ പൈറിഫോസ് ഉള്‍പ്പെടെ എട്ടു കീടനാശിനികളുടെയും അംശവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാന്‍ അപകടകരമല്ലാത്ത രാസവസ്തുക്കളും, പ്രകൃതിദത്ത വസ്തുക്കളും സുലഭമാണ്. എങ്കിലും ഇവയൊക്കെ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ രാസവസ്തുക്കള്‍ കിട്ടുമെന്നിരിക്കെ, ലാഭം മാത്രം ലക്ഷ്യമിടുന്ന കച്ചവടക്കാര്‍ക്ക് ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ?. എന്തിനും ഏതിനും എളുപ്പമാര്‍ഗം സ്വീകരിക്കുമ്പോള്‍, ഭാവിയില്‍ നമ്മുടെ കീശ ചോരുന്നതിനുള്ള വഴിയാണ് ഇപ്പോഴേ സ്വീകരിക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. അതല്ല, നമ്മുടെ കുടുംബത്തിന്റെ ആരോഗ്യമാണ് വലുതെങ്കില്‍, ആ പഴയ തലമുറയുടെ വഴി പിന്തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: