കൊടുംകാട്ടിലും ഗുഹകളിലുമിരുന്ന് താപസന്മാര്ക്കും യോഗികള്‍ക്കും അനുഷ്ഠിക്കാന്‍ മാത്രമുള്ളതാണ് യോഗമെന്നും അത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും ചിലര്‍ക്കുള്ള ധാരണ തെറ്റാണ്. ആര്‍ക്കും യോഗം അനുഷ്ഠിക്കാം. ചെറിയൊരു മാര്ഗ്ഗദര്ശനമുണ്ടെങ്കില് യോഗവും അഭ്യസിക്കാം. ആരോഗ്യമുള്ള ശാരീരികാവസ്ഥയുണ്ടാവാന് യോഗം ഗുണകരവും പരിപൂര്‍ണ്ണവുമായ വ്യായാമമാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധന്മാര്ക്കും രോഗികള്‍ക്കുമെല്ലാം യോഗാഭ്യാസം ചെയ്യാവുന്നതാണ്.
പക്ഷേ, യോഗം എന്നു പറയുമ്പോള്‍ ചിലര്‍ക്ക് അതിനോട് അകല്ച്ചയുണ്ടാകുന്നു. അതിനെ ഇംഗ്ലീഷാക്കി ‘യോഗ’ ആക്കിയാല്‍ പഥ്യമായി. യോഗം അടിസ്ഥാനമാക്കി, കുറച്ചുകൂടി പാശ്ചാത്യവല്ക്കരിച്ച് അവതരിപ്പിച്ചാല്‍ അതു കണ്ണടച്ച് പിന്തുടരുകയും ചെയ്യും. നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രിമായ പദ്ധതിവഴിയുള്ള അനുഷ്ഠാനമായാല്‍ അതു യോഗത്തിന്റെ അടിത്തറയായി. അതിനപ്പുറം നിശ്ചിത വിധിപ്രകാരം പിന്തുടരുമ്പോള് അതു വിശിഷ്ടമായ യോഗമായി.
യോഗം എന്ന സംസ്കൃത വാക്കിനര്‍ത്ഥം ‘കൂട്ടിയോജിപ്പിപ്പിക്കുക’ എന്നാണ്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗമാണ് യോഗമെന്ന്-യാജ്ഞവല്ക്യസംഹിത. ഓരോ ജീവനിലും ദിവ്യത്വം കുടികൊള്ളുന്നു. ഈ ദിവ്യത്വത്തെ പ്രകടീകരിക്കുകയാണ് ജീവിതലക്ഷ്യം. ബാഹ്യവും ആന്തരികവുമായ പ്രകൃതിയെ നിയന്ത്രിച്ചുവേണം ഇതു സാധിക്കാന്‍. കര്‍മ്മയോഗത്തില്‍ കൂടിയോ, ഭക്തിയോഗത്തില് കൂടിയോ, രാജയോഗത്തില്‍ കൂടിയോ ജ്ഞാനയോഗത്തില്‍ കൂടിയോ ഇവയെല്ലാം ചേര്ന്നവഴിയിലൂടെയോ ഇതു സാധിക്കണം, ബന്ധമോചിതനാകുകയും വേണം എന്ന് സ്വാമി വിവേകാനന്ദന്. ഇതേ അന്തര്‍ ദിവ്യത്വത്തെ ആത്മസാക്ഷാത്കാരത്തിലൂടെ പുറത്തേയ്ക്കുകൊണ്ടുവരുവാനുള്ള ചിട്ടപ്പെടുത്തിയ മാര്‍ഗ്ഗത്തെയാണ് മഹര്‍ഷി അരവിന്ദന് ‘യോഗം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഭഗവത്ഗീതയില്‍ ‘യോഗഃ കര്‍മ്മസു കൗശലം’ എന്നു പറഞ്ഞിരിക്കുന്നു. അതായത് ഏതെങ്കിലും ഒരു പ്രവൃത്തിയെ കുശലതയോടുകൂടി ചെയ്യുന്നതാണ് യോഗം. അതിനപ്പുറം ഒന്നുമല്ല, യോഗം.
യോഗം, ഭാരതീയ ഷഡ്ദര്‍ശനങ്ങളില്‍ ഒന്നാണ്. പതഞ്ജലിമുനിയാണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹം യോഗം, വ്യാകരണം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങള്‍ മാനവരാശിക്ക് സംഭാവന ചെയ്തിട്ടുണ്ട്.
മനസ്സിനെ നിയന്ത്രിക്കാന്‍
‘യോഗഃ ചിത്തവൃത്തി നിരോധഃ’ അന്തഃ കരണത്തിലെ നാനാമുഖങ്ങളായ ചിത്തവൃത്തികളെ അകറ്റി ഒന്നില്‍ യോജിപ്പിക്കുന്ന അഭ്യാസത്തിനാണ് ‘യോഗം’ എന്ന് പതഞ്ജലിമഹര്‍ഷി പറഞ്ഞിരിക്കുന്നത്. പുരുഷനെ പ്രകൃതിയില്‍നിന്നും വേര്‍തിരിച്ചറിഞ്ഞ് മോക്ഷം പ്രാപിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് യോഗത്തെ പതഞ്ജലി വീക്ഷിക്കുന്നത്. യോഗസൂത്രത്തെ നാലായി തിരിക്കാം. ഒന്ന് സ്വരൂപവും ലക്ഷ്യവും വിവരിക്കുന്ന സമാധിപാദം; രണ്ട്, ലക്ഷ്യം നേടാനുള്ള വഴികള്‍ വിവരിക്കുന്ന സാധനാപാദം; യോഗംകൊണ്ട് സാധിക്കാവുന്ന എല്ലാ സിദ്ധികളേയും നിരൂപിക്കുന്നത് മൂന്നാമതായുള്ള വിഭൂതിപാദം. നാല്, മോക്ഷസ്വരൂപത്തെ വിവരിക്കുന്ന കൈവല്യപാദം.
മനുഷ്യരുടെ ബന്ധത്തിനും, മോക്ഷത്തിനും, സുഖത്തിനും, ദുഃഖത്തിനും കാരണം മനസ്സാണ്. അവനവന്റെ സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നതും സ്വന്തം മനസ്സുതന്നെ. അതുകൊണ്ട് മനോനിയന്ത്രണം സാധകന്മാര്ക്കെല്ലാം അത്യാവശ്യമായി എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നു. ആധുനിക മാനേജ്മെന്റ് പറയുന്ന ശാസ്ത്രവും ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ്.
ആധുനിക മാനേജ്മെന്റ് വിദഗ്ദ്ധരും അടിസ്ഥാന പ്രമാണമായി പരിഗണിച്ച്, അവരവരുടെ ഭാഷയിലും രീതിയിലും വ്യാഖ്യാനിക്കുന്ന ഭഗവത്ഗീതയില്‍ ഇതെല്ലാം വിവരിക്കുന്നു. ഭഗവത്ഗീതയില്‍ ഭഗവാന് യോഗങ്ങളെല്ലാം ഉപദേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയോ കേള്‍വിക്കാരനോ ഉപദേശം കാംക്ഷിക്കുന്നയാളോ ആയ അര്ജ്ജുനന് പറഞ്ഞതിങ്ങനെയാണ്.
”ഭഗവാനെ അങ്ങ് പറയുന്ന യോഗങ്ങള്‍ ഒന്നും മനോനിയന്ത്രണം കൂടാതെ സാധിക്കുകയില്ല. എന്നാല്‍ മനസ്സിനെ നിയന്ത്രിക്കുക എന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെ ദുഷ്ക്കരമാണുതാനും.” ഇത് സമ്മതിച്ചുകൊണ്ട് ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞത് – ”അര്‍ജ്ജുന മനസ്സ് ദുര്നിഗ്രഹവും ചഞ്ചലവുമാണെന്നതു ശരിതന്നെ. പക്ഷെ അഭ്യാസവും വൈരാഗ്യവുമാകുന്ന രണ്ടു കയറുകൊണ്ട് ആ മനസ്സിനെ പിടിച്ചുകെട്ടാവുന്നതാണ്”- എന്നാണ്.
മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന, ചിട്ടയായി ക്രമപ്പെടുത്തിയിട്ടുള്ള ഒരനുഷ്ഠാന പദ്ധതിയായി യോഗശാസ്ത്രത്തെ ‘അഷ്ടാംഗയോഗം’ എന്നപേരില്‍ പതഞ്ജലി ആവിഷ്ക്കരിച്ചിരിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍. ഇവയില്‍ ആദ്യത്തെ അഞ്ചെണ്ണം ബഹിരംഗ സാധന എന്നും അവസാനത്തെ മൂന്നെണ്ണമായ ധാരണ, ധ്യാനം, സമാധി എന്നിവയെ അന്തരംഗ സാധന എന്നും പറയുന്നു.
ആത്മസുഖം പകരും സാധന
യമം – അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം,അപരിഗ്രഹം. സാമൂഹ്യമായ ഉത്ക്കര്‍ഷത്തിന് ഈ യമങ്ങള്‍ പ്രയോജനപ്പെടുന്നു.
നിയമം – ശൗചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വര പ്രണിധാനം, വിശേഷിച്ച് വ്യക്തിപരമായ ഉത്കര്‍ഷത്തിന് ഈ നിയമങ്ങള്‍ പ്രയോജനപ്പെടുന്നു.
ആസനം – വിവിധതരത്തിലുള്ള ശാരീരികാദ്ധ്വാനംകൊണ്ട് ശരീരത്തെ നിയന്ത്രിച്ച് അതിനെ കൂടുതല്‍ ആരോഗ്യവും ബലമുള്ളതുമാക്കിത്തീര്ക്കുകയാണ് യോഗാസനം ചെയ്യുന്നത്. ‘സ്ഥിരസുഖാമാസനം’ സ്ഥിരമായ ഇരിപ്പില്‍ സുഖവും ശാന്തിയും അനുഭവിക്കുക.
പ്രാണായാമം – പ്രാണന്റെ (ശ്വസന) ഗതിയെ ബോധപൂര്‍വ്വം നിയന്ത്രിച്ച് ചിത്തവൃത്തികളെ ഏകാഗ്രമാക്കി മനഃ ശാന്തി നേടുന്നു.
പ്രത്യാഹാരം – ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിക്കല്‍.
ധാരണ – സങ്കല്പ്പവിഷയത്തില് മനസ്സിനെ കേന്ദ്രീകരിക്കുന്നത് ‘ധാരണ.’
ധ്യാനം – ധാരണയിലൂടെ എത്തിപ്പെടുന്ന അനുഭൂതിതലം.
സമാധി – അനിര്‍വചനീയമായ, ശാശ്വതമായ ആനന്ദാനുഭൂതിയില് ലയിക്കലാണ് യോഗത്തിന്റെ പരമമായ ലക്ഷ്യം. സാക്ഷാത്ക്കരിക്കല്‍ ആണ് ‘സമാധി’.
സത്യം കണ്ടെത്തുന്നതിനുള്ള മനുഷ്യന്റെ നിരന്തരമായ അഭിവാഞ്ഛയില്നിന്നാണ് വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ദര്‍ശനങ്ങള്‍ മറ്റ് ഭൗതികമായ കണ്ടുപിടിത്തങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ളത്. ഇതല്ല…ഇതല്ല. എന്നറിവില്നിന്ന് മനനത്തിലൂടെ സത്യത്തെ സാക്ഷാത്കരിച്ച യോഗിവര്യന്മാര് – അദ്ധ്വയതാലകം, അമൃതാനന്ദം, അമൃതബിന്ദു, ക്ഷുരികം, തേജോബിന്ദു (തിശിഖ) ബ്രാഹ്മണം, ദര്‍ശനം, ധ്യാനബിന്ദു, നാദബിന്ദു, പാശുപതബ്രാഹ്മം, ബ്രഹ്മവിദ്യ, മണ്ഡലബ്രാഹ്മം, മഹാവാക്യം, യോഗകുണ്ഡലിനി, യോഗചൂഡാമണി, യോഗശിഖ, വരാഹം, ശാണ്ഡില്യം, ഹംസം തുടങ്ങിയ ഉപനിഷത്തുകളിലും ഭഗവത്ഗീതയില്‍ ആറാം അദ്ധ്യായത്തിലും നാരായണീയത്തില്‍ നാലാാം അദ്ധ്യായത്തിലും ‘യോഗം’ പ്രതിപാദിച്ചിരിക്കുന്നു.
പതഞ്ജലിയുടെ യോഗദര്‍ശനം
പതഞ്ജലി മഹര്‍ഷി യോഗദര്‍ശനത്തില്‍ ഇപ്രകാരം പറയുന്നുണ്ട്: ഞാന്‍ ആരാണ്? എന്തിനു വേണ്ടി ജനിച്ചു? എന്ത് സാധിക്കണം? എങ്ങനെ സാധിക്കും? എന്നിത്യാദി ചിന്തകള്‍ ആത്മസ്വരൂപാനുഭൂതി നേടാതിരിക്കുന്ന കാലത്തോളമാണ് ഒരാളെ അലട്ടിക്കൊണ്ടിരിക്കുന്നത്. സമാധി പരിശീലനം കൊണ്ട് വിവേകജ്ഞാനം ഉണര്‍ന്ന് ചിത്തത്തിന്റെയും ആത്മാവിന്റെയും ഭേദം പ്രത്യക്ഷമായി ബോധ്യപ്പെടുമ്പോള്‍ താന്‍ ശരീരമോ, ഇന്ദ്രിയങ്ങളോ, ചിത്തമോ, ബുദ്ധിയോ അല്ല. ആത്മാവാണ്. ആത്മാവ് ഇവയില്‍ നിന്നൊക്കെ വേറെയാണ്. ആത്മാവ് ജനിച്ചിട്ടില്ല. മരിക്കുന്നില്ല. തനിക്ക് സാധിക്കേണ്ടതായി ഒന്നും ഇല്ലെന്ന് ബോധ്യമാവുമ്പോള്‍ മുന്‍പറഞ്ഞ ആത്മവിഷയമായ ചിന്തനം തന്നത്താന്‍ നിവര്‍ത്തിക്കപ്പെടുന്നു.
സര്‍വ്വസ്പര്‍ശിയായ യോഗം
യോഗപദ്ധതി ഒരു ദര്‍ശനമാണ്, നീതിശാസ്ത്രമാണ്, കലയാണ്. അതെല്ലാമാണ്. സര്വതിലുമുള്ളതും സര്വതുമുള്ളതും. ഒരു വ്യക്തിയുടെ ഉള്ളില്‍ സൂക്ഷ്മരൂപത്തിലുള്ള കഴിവിനെ വികസിപ്പിച്ച് പ്രകാശിപ്പിക്കുവാന്‍ യോഗത്തിന് സാധിക്കുന്നു. മനുഷ്യന് തന്റെ ജീവിതലക്ഷ്യത്തില്‍ മുന്നോട്ട് പോകുവാനുള്ള പ്രേരണയും ദര്‍ശനവുമാണ് യോഗം. യമനിയമാദികളെ അനുസരിച്ച് ആഹാര – വിഹാരങ്ങളിലുള്ളതും നിയന്ത്രണത്തിലൂടെ പരമാത്മാവില്‍ ലയിപ്പിച്ച് അനന്തമായ ശാന്തി നേടുകയാണ്, യോഗത്തിന്റെ ആത്യന്തിക ലക്ഷ്യം.
ആഹാരത്തിന്റെ പ്രാധാന്യം
കഴിക്കുന്ന ഭക്ഷണം ആമാശയത്തിലെത്തി ദഹിച്ച് രക്തവും കൊഴുപ്പും മറ്റും മറ്റുമായി നമ്മുടെ ജീവസന്ധാരണത്തിനും ശരീര പോഷണത്തിനും ഉതകുന്നുവെന്ന് ആധുനിക ശാസ്ത്രം പറയുന്നു. എന്നാല്‍ ഭക്ഷണം മനസ്സായി മാറുന്നുവെന്ന ശാസ്ത്രം എത്രയോ കാലം മുമ്പേ നമ്മുടെ പൂര്വികള് പറഞ്ഞുവെച്ചിരിക്കുന്നുവെന്നു നോക്കുക.
ഉദ്ദാലകമുനി സ്വന്തം പുത്രനായ ശ്വേതകേതുവിന് ഉപദേശം നല്കുന്ന ഉപനിഷത്തില്‍ ഭക്ഷണം മനസ്സായി മാറുന്ന പ്രക്രിയ വിവരിക്കുന്നു.
”വത്സാ, തൈര് കടയുമ്പോള്‍ അതിലെ സൂക്ഷ്മാംശം വെണ്ണയായി ഉയര്‍ന്നുവരുന്നു. അതുപോലെ ഭക്ഷണത്തിലെ സൂക്ഷ്മാംശവും ഉയര്‍ന്നുപൊങ്ങി മനസ്സായി മാറുന്നു. ജലത്തിന്റെ സൂക്ഷ്മാംശം ഉയര്‍ന്നുപൊങ്ങി പ്രാണനായിത്തീരുന്നു. അങ്ങനെ മനസ്സ് ഭക്ഷണം കൊണ്ടും പ്രാണന് ജലംകൊണ്ടും വാക്ക് അഗ്നികൊണ്ടും നിര്മിക്കപ്പെട്ടതാണെന്നു പറയാം.”
ശ്വേതകേതുവിന്റെ സംശയം തീര്‍ക്കാന്‍ മുനി വീണ്ടും വിശദീകരിച്ചു. ”ഒരു വ്യക്തിക്ക് 16 അംശങ്ങളുണ്ട്. 15 ദിവസം നീ ഭക്ഷണമൊന്നും കഴിക്കരുത്. ഇഷ്ടംപോലെ വെള്ളം കുടിച്ചുകൊള്ളൂ. പ്രാണന് ജലാംശഭൂതമായതുകൊണ്ട്, നീ ജലം പാനം ചെയ്തുകൊണ്ടിരുന്നാല്‍ പ്രാണന് വേര്‍പെടുകയില്ല’
അച്ഛന് പറഞ്ഞതുപോലെ അനുസരിച്ച് 15 ദിവസത്തിനുശേഷം പിതാവിനെ സമീപിച്ചു. ഉദ്ദാലകമുനി പറഞ്ഞു: ”ഋഗ്വേദവും സാമവേദവും യജുര്‍വേദവും ചൊല്ലൂ’. ഒന്നും ഓര്‍മ്മ വരുന്നില്ലെന്ന് മകന് പറഞ്ഞു.
അച്ഛന് മകനോട് പറഞ്ഞു: ആളിക്കത്തുന്ന അഗ്നിയില്‍നിന്ന് മിന്നാമിനുങ്ങിന്റെയത്ര വലിപ്പംമാത്രമുള്ള കല്‍ക്കരിക്കഷണം എടുക്കാന്‍ അത് അധികമൊന്നും കാണുകയില്ലല്ലോ. അതുപോലെ നിന്റെ പതിനാറ് അംശങ്ങളില്‍ ഒരു ചെറിയ അംശമേ ഇപ്പോള്‍ നിലവിലുള്ളൂ. അതുകൊണ്ടാണ് നിനക്ക് വേദങ്ങളൊന്നും ഓര്മവരാത്തത്. ഇനി നീ പോയി ഭക്ഷണം കഴിച്ചുവരൂ. അപ്പോള്‍ നിനക്ക് ഞാന്‍ പറയുന്നതിന്റെ പൊരുള്‍ മനസ്സിലാകും.
ശ്വേതകേതു ഭക്ഷണം കഴിച്ചശേഷം വീണ്ടും പിതാവിന്റെ സമീപം വന്നുനിന്നു. അപ്പോള്‍ അച്ഛന് പറഞ്ഞതെല്ലാം തെറ്റാതെ ചൊല്ലുവാന്‍ ശ്വേതകേതുവിന് കഴിഞ്ഞു.
ഉദ്ദാലകമുനി പറഞ്ഞു: ഇപ്പോള്‍ നിനക്ക് മനസ്സിലായില്ലേ മനസ്സ് ഭക്ഷണത്തില്‍നിന്നും പ്രാണന് ജലത്തില്‍നിന്നും ഉച്ചാരണശക്തി അഗ്നിയില്നിന്നുമാണ് സംഭൂതമാക്കുന്നത് എന്ന്. ഭക്ഷണം മനസ്സും ബുദ്ധിയും ശക്തിയുമാകുന്ന വഴിയങ്ങനെയാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ പ്രാധാന്യം സുവ്യക്തം.
ശ്വാസോച്ഛ്വാസവും ആയുര്‍ദൈര്‍ഘ്യവും
ഏതാണ് ജീവന്റെ ഏറ്റവും പ്രധാന പ്രവര്‍ത്തനം – ഹൃദയമിടിപ്പോ ശ്വാസോച്ഛ്വാസമോ? ഹൃദയമിടിപ്പാണ് എന്നായിരിക്കും പെട്ടെന്നുള്ള ഉത്തരം. എന്നാല്‍ ശ്വസോച്ഛ്വാസമാണ് സസ്യങ്ങളിലും മൃഗങ്ങളിലും ഒരുപോലെ പ്രാണന് ആധാരം. ഓരോ ശ്വാസത്തിലൂടേയും കോശങ്ങളിലെ ഉര്‍ജ്ജ സംശ്ലേഷണത്തിനാവശ്യമായ ഓക്സിജനെ രക്തത്തില്‍ നിക്ഷേപിക്കുകയും രക്തത്തിലെ കാര്ബണ്ഡയോക്സൈഡിനെ നിശ്വാസത്തിലൂടെ പുറത്തേക്കു വിടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണല്ലോ ശ്വാസ-നിശ്വാസങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. സസ്യങ്ങളിലാകട്ടെ ഫോട്ടോ സിന്തസിസ് (പ്രകാശ സംശ്ലേഷണം) എന്ന ഊര്ജ്ജോല്പ്പാദന പ്രക്രിയയാണിത്.
ആയുര്‍ദൈര്‍ഘ്യം ശ്വാസോച്ഛ്വാസങ്ങളുടെ ആവര്ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിവേഗം ശ്വസനം നടത്തുന്ന നായകളുടെ ആയുര്‍ ദൈര്‍ഘ്യം കേവലം 10 -15 വര്ഷങ്ങളായിരിക്കെ മിനിട്ടില്‍ രണ്ടു മൂന്നു പ്രാവശ്യം മാത്രം ശ്വസിക്കുന്ന ആമകളുടെ ആയുസ്സ് 300 വര്‍ഷങ്ങളാണ്. അതുപോലെ ഒരു മിനിട്ടില്‍ 35-40 പ്രാവശ്യം ശ്വസിക്കുന്ന കുതിരകളുടെ ആയുര്‍ ദൈര്‍ഘ്യം 35-40 വര്‍ഷമാണ്. മനുഷ്യരാകട്ടെ മിനിട്ടില്‍ 15-16 പ്രാവശ്യം ശ്വസിക്കുന്നതുകൊണ്ട് അവരുടെ ആയുര്‍ ദൈര്‍ഘ്യം 100 -120 ആകുന്നു. അതായത്, ശ്വസന ക്രമീകരണംകൊണ്ട് ആയുര്‍ദൈര്‍ഘ്യം സിദ്ധിക്കും.
അതുപോലെതന്നെ, ശ്വാസ-പ്രശ്വാസങ്ങളുടെ താളം, മനുഷ്യ ചിന്തകള്‍ക്കും വികാര-വിക്ഷോഭങ്ങള്‍ക്കും അടിസ്ഥാനകാരണമാണെന്ന് കാണാന്‍ കഴിയും. ഉദാഹരണത്തിന്, ദ്വേഷ-വിദ്വേഷങ്ങള്‍ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസങ്ങളും ത്വരിതപ്പെടുത്തുമ്പോള്‍, വിഷാദവും മാനസിക സംഘര്‍ഷങ്ങളുമെല്ലാം ഇവയെ ക്രമരഹിതമാക്കുന്നു. ഇവയുടെ സന്തുലിതാവസ്ഥ, മനസ്സിന്റെയും സന്തുലിതാവസ്ഥയെ കാണിക്കുന്നു. ശ്വാസനിയന്ത്രണം കൊണ്ട് മനോനിയന്ത്രണവും സാധ്യമാണെന്ന തത്വമാണ് ഇതിന് ആധാരം.
യോഗയുടെ പ്രഥമലക്ഷ്യങ്ങള് – ശരിയായ ശ്വാസോച്ഛ്വാസം, ശരിയായ ആഹാരം, ശരീയായ വ്യായാമം, ശരിയായ വിശ്രമം തുടങ്ങിയവ പരിശീലിക്കുകയാണ്. ശ്വസനപരിശീലനങ്ങള് വഴി പേശികളുടേയും വാരിയെല്ലുകളുടേയും വ്യത്യസ്തമായ ചലനങ്ങളിലൂടെ ശ്വാസകോശത്തെ സക്രിയമാക്കാനും അതുവഴി സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലനം സാധ്യമാകുകയും ചെയ്യും.
21 യോഗദിനം; ലോകമെങ്ങും ഭാരതമെമ്പാടും
യുഎന്‍ ആഹ്വാന പ്രകാരം ജൂണ്‍ 21-ന് ഭാരതമെമ്പാടും യോഗ അനുഷ്ഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലവും വിശാലവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നു. ന്യൂദല്‍ഹിയിലെ രാജ്പഥില്‍ 21ന് രാവിലെ 6.40 ന് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, എം പിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വിദേശികള്‍ തുടങ്ങിയവര്‍ സംബന്ധിയ്ക്കും. എന്‍സിസി കേഡറ്റുകള്‍, സിആര്‍പിഎഫ്, വിവിധ യോഗാ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളടക്കം 35,000 ത്തില്‍ അധികപേര് പരിപാടിയില്‍ യോഗം അവതരിപ്പിക്കും. അന്താരാഷ്ട്ര യോഗദിനം പ്രമാണിച്ച് കേന്ദ്ര തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ സ്റ്റാമ്പും, കേന്ദ്ര ധനമന്ത്രാലയം 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളും പുറത്തിറക്കും.
21ന് രാവിലെ ഏഴുമണി മുതല്‍ 7.35 വരെ സംസ്ഥാന, ജില്ല, പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും. 11 ലക്ഷത്തിലധികം എന്‍സിസി കേഡറ്റുകളും ഒമ്പതുലക്ഷത്തോളം വരുന്ന സായുധ പോലീസ് സേന അംഗങ്ങളും ഫീല്‍ഡ് യൂണിറ്റുകളില്‍ യോഗാസനങ്ങള്‍ അവതരിപ്പിക്കും. രാജ്പഥില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേഷണവും വെബ്കാസ്റ്റിംഗും ഉണ്ടായിരിക്കും. ഒരേ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ സംയുക്ത പരിപാടി എന്ന നിലയ്ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം ഗിന്നസ്സ് ലോക റെക്കോര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ട്.
അന്തര്‍ദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടക്കുന്ന ചടങ്ങുകള്‍ ടൈംസ്ക്വയറില്‍ തത്സമയം സംപ്രേഷണം ചെയ്യും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഭാരതം നേതൃത്വം നല്‍കും. ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ജനറല്‍ അസംബ്ലി പ്രസിഡന്റ് സാം കുറ്റെസ എന്നിവര്‍ ആചരണത്തിന് നേതൃത്വം നല്‍കും. ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കറും പങ്കെടുക്കും. ലോകത്തെ 177 രാജ്യങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: