മുഹമ്മ: രണ്ടുവര്‍ഷം മുമ്പ് പണി പൂര്‍ത്തിയായിട്ടും തുറന്ന് കൊടുക്കാത്ത അങ്കണവാടിക്ക് മുന്നില്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. കുട്ടികളും മാതാപിതാക്കളും നാട്ടുകാരും സമരത്തില്‍ പങ്കാളികളായി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ എത്തി പുതിയ കെട്ടിടം തുറന്ന് കൊടുക്കുന്നത് വരെ അങ്കണവാടി താത്കാലിക കെട്ടിടത്തിലേയ്ക്ക് മാറ്റാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.
മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ 52-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് പണി പൂര്‍ത്തിയായിട്ടും പുതിയ കെട്ടിടം തുറന്ന് കൊടുക്കാതിരുന്നത്. അഞ്ചുലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. സ്ഥലയുടമയ്ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കാത്തതിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റിവെക്കുകയും താല്‍ക്കാലികമായി മറ്റൊരു വ്യക്തിയുടെ വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ അങ്കണവാടി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഇവര്‍ക്ക് യഥാസമയം വാടക നല്‍കാതിരുന്നതും വീട്ടുകാരുടെ അസൗകര്യവും കണക്കിലെടുത്ത് വീട്ടുടമ മുറി പൂട്ടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ തെരുവിലായത്.
നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് രണ്ടാഴ്ചക്കകം അങ്കണവാടി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജുമൈലത്ത് പറഞ്ഞു. പ്രതിഷേധ സമരത്തിന് വിന്നേഴ്സ് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എസ്. അജ്മല്‍, വൈസ് പ്രസിഡന്റ് അഷ്റഫ് കരിം, പി.എച്ച്. റിയാസ്, എസ്. ഹരിദാസ്, പി.സി. ബിജു, ദിനേശന്, മാഹീന്, ഷിഹാബ് നൈന, ജാസ്മിന്, സാജിദ, മോളി, ഗീത, ഷാനി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: