കൊട്ടാരക്കര: പുത്തൂര്‍ റോഡില്‍ മുസ്ലീംസ്ട്രീറ്റ് റയില്വെപാലത്തിനുസമീപം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിക്കുന്ന മുസ്ലീം തൈക്കാവ് ആഡിറ്റോറിയ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പിഡബ്ല്യുഡി അസി.എക്സി.എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഉപരോധം.
റെയില്‍വെ വികസനത്തിനും റോഡ് വികസനത്തിനും ഉപയോഗിക്കേണ്ട 50 സെന്റിലധികം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. കയ്യേറ്റത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനവും നല്കി. പുറമ്പോക്കുഭൂമി കയ്യേറി നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ കയ്യേറ്റഭൂമിയിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന് പറഞ്ഞു. കയ്യേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് തഹസീര്‍ദാര്‍ക്ക് കത്ത് നല്‍കിയെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നുമാണ് പിഡബ്ലിഡിയുടെ നിലപാട്.
കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ പഴയ റയില്‍വേ മേല്‍പ്പാലം പൊളിച്ചു നീക്കിയ സ്ഥലം കയ്യേറിയാണ് താത്കാലിക ഷെഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരക്കര നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടികളെടുക്കാന്‍ റവന്യു അധികാരികളോ പൊതുമരാമത്ത് അധികാരികളോ തയ്യാറായിട്ടില്ല. ഈ സംഭവത്തിലും കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നത്.
ഗണപതി ക്ഷേത്രഭൂമിയില്‍ എക്സൈസ് കോംപ്ലക്സ് പണിയാനും ക്ഷേത്ര റോഡില്‍ കച്ചവടം നടത്തുന്ന പാവപ്പെട്ട കച്ചവടക്കാരെ ഒഴിപ്പിക്കാനും ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയ എംഎല്‍എ ഇത് അറിഞ്ഞില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.ആര്.രാധാകൃഷ്ണന് പറഞ്ഞു. നേതാക്കളായ എഴുകോണ്‍ ചന്ദ്രശേഖരപിള്ള, രഞ്ജിത്ത്, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: