മിഷനറിമാരെയും പള്ളിപ്പെണ്ണുങ്ങളെയും ഒഴിച്ചാല്‍ അമേരിക്കന്‍ ഏറ്റവും ആതിഥ്യശീലരും ഹൃദയാലുക്കളും ഉദാരമതികളും സത് സ്വഭാവികളുമാണ്.
യുവതികള്‍ ഒരു കാമുകനെ തട്ടിയെടുക്കാന്‍ കിണഞ്ഞു നടക്കുമ്പോള്‍, സമുദ്രതീരങ്ങളിലെ ഉല്ലാസസങ്കേതങ്ങളിലൊക്കെ പോകും. ഒരുത്തനെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും പ്രയോഗിക്കും. ശ്രമം വിഫലമാകുമ്പോള്‍, അവള്‍, അമേരിക്കയിലവര്‍ വിളിക്കുന്ന ‘നിത്യകന്യക’യാകുന്നു. പള്ളിയില്‍ ചേരുന്നു. അവരില്‍ ചിലര്‍ വലിയ പള്ളിപ്രേമികളാകുന്നു. ഈ പള്ളിപ്പെണ്ണുങ്ങള്‍ ഭയങ്കര മതഭ്രാന്തികളാണ്.
അവരവിടത്തെ പുരോഹിതന്മാരുടെ ചൊല്പടിയിലത്രേ. അവരും പുരോഹിതന്മാരും കൂടിച്ചേര്‍ന്നു ലോകം നരകമാക്കുന്നു, മതം താറുമാറാക്കുന്നു. ഇവരെ മാറ്റിനിര്‍ത്തിയാല്‍ അമേരിക്കന്‍ വളരെ നല്ലവരാണ്. അവരെന്നെ സ്‌നേഹിച്ചു ഞാനും അവരെ ഒട്ടേറെ സ്‌നേഹിക്കുന്നു. അവരുടെ കൂട്ടത്തിലൊരുവനാണെന്നപോലെ എനിക്കു തോന്നി.
















