കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ഒരു മാസം മുമ്പു വരെ ചാക്കൊന്നിന് 360 രൂപയായിരുന്നിടത്ത് 425 രൂപയായി വര്‍ധിച്ചു. വിലക്കയറ്റം രൂക്ഷമായതോടെ വിപണിയില്‍ സിമന്റ് ആവശ്യത്തിന് കിട്ടാതായെന്നും കച്ചവടക്കാര്‍ പറയുന്നു. വിലകൂടിയതോടെ വില്‍പ്പനയില്‍ 30 ശതമാനം വരെ കുറവുണ്ടായി.
സിമന്റിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സിമന്റ് വില വര്‍ദ്ധിപ്പിക്കുകയായിരുന്നു. കാലവര്‍ഷത്തിന് മുന്നോടിയായി അടിയന്തരമായി പണി പൂര്ത്തീകരിക്കേണ്ടവരെ ലക്ഷ്യമിട്ടാണ് വില വര്‍ദ്ധനവ്. ഇത് കാരണം ഏറ്റവുമധികം വിഷമിക്കുന്നത് പാവപ്പെട്ടവരും സാധരണക്കാരുമാണ്. വന്‍കിട കരാറുകാര്‍ നേരത്തെതന്നെ കമ്പനികളുമായി വില്‍പ്പനവിലയിലും കുറച്ച് കരാറുറപ്പിച്ചതിനാല് അവരെ വിലക്കയറ്റം ബാധിക്കില്ല.
സംസ്ഥാനത്ത് ഒരുമാസത്തിനിടെ ഒരുചാക്ക് സിമന്റിന് 50 മുതല്‍ 60 രൂപവരെയാണു കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്. വില അനിയന്ത്രിതമായതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണു സാധാരണക്കാര്‍.പ്രമുഖ ബ്രാന്റുകളെല്ലാം വില കുത്തനെ കൂട്ടി. മഴക്കാലം എത്തും മുന്‍പു തിടുക്കത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങിയ ചെറുകിട കരാറുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിലവര്‍ദ്ധന കാര്യമായി ബാധിച്ചത്.
അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും ചരക്കുകൂലി വര്‍ദ്ധിച്ചതുമാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണമെന്നാണു കമ്പനികളുടെ വിശദീകരണം. എന്നാല്‍ ഈ പ്രസ്താവന സത്യ വിരുദ്ധമാണെന്നാണ്് ചെറുകിട കമ്പനികളുടെ അഭിപ്രായം. വിലകുറച്ച് സിമന്റ് മാര്‍ക്കറ്റില്‍ നല്‍കിയിരുന്ന കമ്പനികള്‍ക്ക് അസംസ്കൃത സാധനങ്ങള്‍ നല്‍കാതെ കുത്തക കമ്പനികള്‍ സിമന്റിന് വില വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.
സിമന്റ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ചില വന്‍കിട സിമന്റ്കമ്പനികളുടെ കുത്തകയാണ്. അപ്രതീക്ഷിത വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇതിനായി സിമന്റ് ഉത്പാദകര്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: