വൈക്കം: തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി നാട്ടുതോട് വൃത്തിയാക്കുന്നതിനിടയില്‍ എലിപ്പനി ബാധിച്ച് 11 വീട്ടമ്മമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് വരമ്പിനകം ബ്ലോക്കിലെ നാട്ടുതോട് വൃത്തിയാക്കുന്നതിനിടയിലാണ് ഇവര്‍ക്ക് അസുഖം പിടിപെടുന്നത്. മെയ് 23ന് തുടങ്ങിയ പണികള്‍ ഈ മാസം അഞ്ചിന് അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോഴാണ് പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ശരീരവേദന, ഛര്‍ദ്ദി, വയറിളക്കം, പനി എന്നിവ ബാധിച്ച് പലരും ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നടത്തിയ പരിശോധനകളിലാണ് എലിപ്പനി സ്ഥിരീകരിക്കുന്നത്. ചെട്ടിമംഗലം കട്ടത്തറ ലളിത (54), കുടുമിക്കടവ് കുമാരി (48), പത്തിച്ചിറ ഗീത (41), ഒന്നരപ്പറ വത്സല (46), ആലിസ് (49), മുണ്ടോടി മിനി (42), തോട്ടുംപുറം ചന്ദ്രിക (65), പാലക്കാട്ടുതറ അമ്മിണി (42), പനന്തറ ഇന്ദിര (40), മുരിങ്ങാന്തറ നിര്‍മല (55) എന്നിവരെ താലൂക്ക് ആശുപത്രിയിലും, കുടുമിക്കടവ് സുജാത (46)യെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുപ്പത് വര്‍ഷമായി മാലിന്യങ്ങള്‍ നിറഞ്ഞുകിടന്നിരുന്ന തോട് ശുചീകരിക്കുന്നതിന്റെ ഭാഗമായി അധികാരികള്‍ യാതൊരു വിധത്തിലുമുള്ള മുന്‍കരുതലുകളും എടുത്തിരുന്നില്ലെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: