മരട്: മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങള്‍ ഒരു വിഭാഗം തൊഴിലാളികള്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് കവാടത്തില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇതും. മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന വാഹനങ്ങളും പച്ചക്കറി ശേഖരിക്കാനെത്തിയ വാഹനങ്ങളുമാണ് ഒരു വിഭാഗം തൊഴിലാളികള്‍ തടഞ്ഞിട്ടത്.
വെളുപ്പിന് 3 മണി മുതല്‍ 7 മണി വരെയായിരുന്നു വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റിലേക്കെത്തുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന് ആരോപിച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് ഇതിനു പിന്നിലെന്ന് വ്യാപാരികള്‍ ആരോപിച്ചു.തുടര്‍ന്ന് പനങ്ങാട് പോലീസ് എത്തിയാണ് വാഹനങ്ങള്‍ക്ക് അകത്തു കടക്കാനുള്ള സൗകര്യം ഒരുക്കിയത്.
ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാര്‍ക്കറ്റിനകത്ത് തൊഴിലെടുക്കാനുള്ള അനുമതി വേണമെന്ന ആവശ്യമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെയുള്ള മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റില്‍ നിയമപ്രകാരം തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവേശനമില്ല.
ഒരു യൂണിയനു അനുമതി നല്കിയാല് തങ്ങള്‍ക്കും പ്രവേശനം വേണമെന്നുള്ള നിലപാടിലാണ് ബിഎംഎസ്, സിഐടിയു തുടങ്ങിയ മറ്റു പ്രബല തൊഴിലാളി യൂണിയനുകളും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐഎന്‍ടിയുസി തയ്യാറാകുന്നുമില്ല. ഐഎന്‍ടിയുസി ക്കു മാത്രം പ്രവേശനം നല്‍കാനുള്ള നീക്കം മറ്റു യൂണിയനുകളും എതിര്‍ക്കുന്നു. ഒരു തൊഴിലാളി യൂണിയനും പ്രവേശനം അനുവദിക്കരുതെന്നുള്ള നിലപാടിലാണ് വ്യാപാരികളും.
മരട് അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവേശനം വേണമെന്നുള്ള ഐഎന്‍ടിയുസി യൂണിയന്റെ പരാതിയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ 15ല്‍ കൂടുതല്‍ തവണ ചര്‍ച്ചക്കു വിളിച്ചെങ്കിലും മറ്റു യൂണിയനുകള്‍ പങ്കെടുത്തിട്ടും ഐഎന്‍ടിയുസി ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്യുന്നു. പ്രത്യേക സാമ്പത്തിക മേഖലയായതിനാല്‍ ഒരു യൂണിയനു മാത്രമായിട്ട് തൊഴിലനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിഎംഎസ്, സിഐടിയു തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍. നല്ല രീതിയില്‍ നടക്കുന്ന മരട് അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റ് ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള ഗൂഢശ്രമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് നാട്ടുകാരും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: