കോട്ടയം: സാംസ്കാരിക വിപ്ലവമാണ് യോഗക്ഷേമ സഭയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അക്കിരമന്‍ കാളിദാസ ഭട്ടതിരിപ്പാട്. സെപ്റ്റംബറില്‍ കോട്ടയത്ത് നടക്കുന്ന യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ചിത്രകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തയ്യാറാക്കിയ ലോഗോ ചടങ്ങില്‍ അദ്ദേഹത്തിന്റെ മകന് ദേവന് കരുവാട്, കാളിദാസ ഭട്ടതിരിപ്പാടിന് നല്കി പ്രകാശനം ചെയ്തു. സമൂഹത്തെ നേര്‍വഴിക്കു നയിക്കാനുള്ളതാണ് നമ്പൂതിരിയുടെ ജന്മമെന്ന് ഭട്ടതിരിപ്പാട് ഓര്‍മ്മപ്പെടുത്തി. അവനവന് ഈശ്വരനാണ് എന്ന് ലോകത്തെ ഊട്ടിയുറപ്പിക്കാനാണ് ശ്രീശങ്കരാചാര്യരുടെ ജീവിതം പഠിപ്പിക്കുന്നത്. കോലാഹലങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ കേരളത്തിന്റെ അപചയം മാറ്റാന്‍ സമൂഹം സാത്വിക ഭാവം വീണ്ടെടുക്കണമെന്നും ബ്രാഹ്മണരുടെ മന്ത്രോപാസന അതിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എന്‍. കൃഷ്ണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം സഭാ ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന് പോറ്റി നിര്‍വ്വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.എ. ഭട്ടതിരിപ്പാട്, യോഗാക്ഷേമ സഭാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.എന്‍. ദാമോദരന്‍ നമ്പൂതിരി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. മണിക്കുട്ടന് നമ്പൂതിരി, ജോയിന്റ് സെക്രട്ടറി മധു ഹോരക്കാട്, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് സതീഷ് എസ്. പോറ്റി, ജയന് ചേറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ 19,20,21 തിയതികളിലാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: