ആലപ്പുഴ: മലയാള സിനിമാ ചരിത്രത്തിലെ ഇതിഹാസമായിരുന്ന കുഞ്ചാക്കോ തിരശ്ശീലയില്‍ നിന്ന് മറഞ്ഞിട്ട് പതിനഞ്ചിന് 39 സംവത്സരങ്ങള്‍ പിന്നിടും. മദ്രാസില്‍ പൂര്‍ണമായും കുടുങ്ങിക്കിടന്ന മലയാള സിനിമയെ മലയാളക്കരയിലേക്ക് പറിച്ചുനട്ടവരില്‍ പ്രമുഖ സ്ഥാനം എം. കുഞ്ചാക്കോയ്ക്കായിരുന്നു. 1947ല്‍ അദ്ദേഹം തുടങ്ങിയ ഉദയാ സ്റ്റുഡിയോ ഒരു കാലത്ത് മലയാള സിനിമയുടെ തറവാടായിരുന്നു. മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും പുത്രനായി 1912ല്‍ പുളിങ്കുന്നിലാണ് ജനനം.
ആദ്യകാലത്ത് കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. വി. കോശിയുമായി ചേര്‍ന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. വെള്ളിനക്ഷത്രം, നല്ല തങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. ഇതില്‍ ജീവിതനൗക 250 ദിവസമാണ് തിയേറ്ററുകളില്‍ ഓടിയത്. അച്ഛന് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് കോശിയും കുഞ്ചാക്കോയും പിരിഞ്ഞത്. തുടര്‍ന്ന് കുഞ്ചാക്കോ ഉദയായുടെ പേരില്‍ ചലച്ചിത്ര നിര്‍മ്മാണം തുടങ്ങി.
അച്ഛന്, അവന് വരുന്നു, കിടപ്പാടം എന്നിവ അക്കാലത്ത് ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ചിത്രങ്ങളാണ്. കിടപ്പാടത്തിന്റ വന്‍ പരാജയത്തോടെ ഉദയാ പൂട്ടേണ്ടി വന്നു. അടുത്ത സുഹൃത്തും മന്ത്രിയുമായ ടി. വി. തോമസ്സിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു ഉദയാ തുറന്നു.
1960ലാണ് കുഞ്ചാക്കോ സംവിധാനരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഉമ്മ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്. ഈ ചിത്രത്തിന്റെ വിജയം വഴിത്തിരിവായി. അതേ വര്‍ഷം തന്നെ നീല സാരിയും, സീതയും സംവിധാനം ചെയ്ത് ഹാട്രിക് വിജയം നേടി. പുണ്യപുരാണ ചിത്രങ്ങള്‍, വടക്കന്‍പാട്ടു ചിത്രങ്ങള്‍, തമാശ ചിത്രങ്ങള്‍, സാമൂഹ്യ ചിത്രങ്ങള്‍ തുടങ്ങി കുഞ്ചാക്കോ ധാരാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കുഞ്ചാക്കോയുടെ ഒട്ടുമിക്ക ചിത്രങ്ങളും യേശുദാസ്, വയലാര്‍, ദേവരാജന്‍ കൂട്ടുകെട്ടിന് അരങ്ങൊരുക്കി.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന സത്യന്, ശാരദ, നസീര്‍, അടൂര്‍ഭാസി, ഉമ്മര്‍, ജയഭാരതി, വിജയശ്രീ തുടങ്ങിയവരെപ്പോലെയുള്ള അതിപ്രശസ്തര്‍ പലരും കുഞ്ചാക്കോ സ്കൂളില്‍ പയറ്റിത്തെളിഞ്ഞവരായിരുന്നു. സ്വയം സംവിധാനം ചെയ്യുമ്പോള്‍ തന്നെ മറ്റ് പ്രമുഖസംവിധായകര്ക്ക് വേണ്ടിയും ഉദയാ സിനിമകള്‍ നിര്‍മ്മിച്ചു. മലയാളസിനിമയുടെ വളര്‍ച്ചയിലും വികാസത്തിലും വ്യാവസായിക വിപണനത്തിലും കുഞ്ചാക്കോ വെട്ടിത്തുറന്ന വഴികളിലൂടെത്തന്നെയാണ് പിന്നീട് വന്നവര്‍ മുന്നേറിയത്. നാല്‍പ്പത് ചിത്രങ്ങള്‍ കുഞ്ചാക്കോ സംവിധാനം ചെയ്തു.
ഉദയയുടെ ബാനറിലെ എഴുപത്തിയഞ്ചാം സിനിമയായ ‘കണ്ണപ്പനുണ്ണി’യാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. 1976 ജൂണ്‍ 15ന് ‘മല്ലനും മാതേവനും’ എന്ന സിനിമയുടെ പാട്ടുകളുടെ റിക്കോഡിങ്ങിനായി കെ.രാഘവനുമൊത്ത് തമിഴ്നാട്ടില്‍ പോയ സമയത്താണ് കുഞ്ചാക്കോയുടെ മരണം. ഭാര്യ അന്നമ്മ ചാക്കോ. നാലുമക്കള്‍. മകന് ബോബന് കുഞ്ചാക്കോ ചലച്ചിത്രസംവിധായകനായപ്പോള് ബോബന്റെ മകന് കുഞ്ചാക്കോ ബോബന് നടനെന്ന നിലയില്‍ തിളങ്ങുന്നു. സഹോദരന് നവോദയ അപ്പച്ചനും കുഞ്ചാക്കോയെ പോലെ മലയാളസിനിമാചരിത്രത്തിന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: