കല്‍പ്പറ്റ: വനവാസി വിധവയെയും മക്കളെയും മതം മാറ്റാന്‍ ശ്രമിച്ച മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്. എസ്എംഎസ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുന്‍പും നിരവധി വനവാസി പീഡനങ്ങള്‍ നടന്നിട്ടുണ്ട്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി പായ്മൂല കോളനിയിലെ ഷിജിയെയും രണ്ട് മക്കളെയുമാണ് എസ്എംഎസ് ഡിവൈഎസ്പി മതം മാറ്റാന്‍ ശ്രമിച്ചത്. ഷിജിയുടെ പരാതിയില്‍ ജില്ലാപോലീസ് മേധാവി അജീത ബേഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കാട്ടുനായ്ക്ക വിഭാഗത്തിലെ ഷിജിയെ ക്രിസ്ത്യന്‍ സമുദായത്തിലെ ഷാജിയാണ് വിവാഹം ചെയ്തത്. 2014 ല്‍ എലിപ്പനി ബാധിച്ച് ഷാജി മരിച്ചതോടെ ഷിജിയെയും കുട്ടികളെയും മതം മാറ്റാനുള്ള തീവ്രശ്രമം ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും ആരംഭിച്ചു.
ഇവരില്‍ നിന്നുള്ള നിരന്തര പീഡനത്തെതുടര്‍ന്ന് ഷിജി തിരുനെല്ലി പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഭര്‍ത്താവിന്റെ പേരിലുള്ള 56 സെന്റ് കരഭൂമിയും 35 സെന്റ് പാടശേഖരവും ഷിജിക്ക് നിഷേധിച്ചു. ഈ ഭൂമിയില്‍ പ്രവേശിക്കാനോ ആദായമെടുക്കാനോ ഭര്‍തൃസഹോദരിയും മറ്റുള്ളവരും അനുവദിച്ചില്ല. ഇതിനെതിരെ ഷിജി നല്കിയ പരാതിയില്‍ ഒരുവര്‍ഷം കാപ്പിയും കുരുമുളകും പറിച്ചെടുക്കാന്‍ പോലീസ് അനുവദിച്ചു. പീഡനവുമായി ബന്ധപ്പെട്ട് മെയ് 22ന് ഷിജി മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
ഒരാഴ്ച്ച കഴിഞ്ഞ് ഷിജിയെയും ഭര്‍ത്താവിന്റെ കുടുംബക്കാരെയും ഡിവൈഎസ്പി വിളിപ്പിച്ച് കുട്ടികളെ മാമോദീസ മുക്കുവാനും ഷിജിയോട് ക്രിസ്തുമതം സ്വീകരിക്കുവാനും ആവശ്യപ്പെടുകയായിരുന്നു. ഷിജിയും കുടുംബവും ഇതിന് തയ്യാറായില്ല. ഡിവൈഎസ്പിയില് നിന്നുള്ള പീഡനം ഭയന്ന് ഷിജി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ജില്ലയിലെ ആദിവാസി പീഡനങ്ങള്‍ തടയുന്നതിനും അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുംവേണ്ടിയാണ് എസ്എംഎസ് പോലീസ് വിഭാഗം ആരംഭിച്ചത്.
എന്നാല്‍ വയനാട്ടില്‍ പല എസ്എംഎസ് ഡിവൈഎസ്പിമാരും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇരകളെ വീണ്ടും പീഡിപ്പിക്കുന്ന നയം സ്വീകരിക്കുകയാണെന്ന് പള്ളിയറ രാമന് കുറ്റപ്പെടുത്തി. പീഡിനം സംബന്ധിച്ച് തെളിവു നല്‍കിയിരുന്നു. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോകാന്‍ വനവാസി വികാസകേന്ദ്രം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: