നൂറുസംവത്സരങ്ങള്‍ കഴിഞ്ഞു കീഴ്പടം കുമാരന് നായര്‍ പിറന്നിട്ട്. മഹാന് എന്നു പ്രകീര്‍ത്തിച്ചാല്‍ പോരാ അതിലും വലിയ വിശേഷണങ്ങള്‍ക്ക് അദ്ദേഹം സര്‍വ്വഥായോഗ്യനാണ്. കഥകളിയുടെ സാമ്രാജ്യത്തില്‍നിന്നും, സിനിമയുടെ തട്ടകംവഴി, പേരും പ്രശസ്തിയും നേടി പത്മശ്രീ ബഹുമതിക്കുവരെ അര്‍ഹനായ കീഴ്പടം കുമാരന് നായര്‍ എന്നവിശാല ഹൃദയനില്‍നിന്നും പാഠങ്ങള്‍ പഠിച്ചവര്‍ കുറച്ചല്ല. നാനാദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന~ശിഷ്യരും ആശാന്റെ പ്രത്യേകവഴികളെ ശ്രദ്ധാപൂര്‍വ്വം പിന്തുടര്ന്നു.
പുണ്യാത്മാക്കളായ കലാകാരന്മാര്ക്ക് ജന്മം നല്കിയ നാടാണ് പാലക്കാടിനടുത്ത വെള്ളിനേഴി. ശുദ്ധ വള്ളുവനാടന്‍ ഗ്രാമത്തില്‍നിന്നും അതിപ്രഗത്ഭന്മാര്‍ ഉദിച്ചുയര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അപൂര്‍വ്വ പ്രതിഭകള്‍ വിരിഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളില്‍ സ്ഥാനംപിടിച്ചു. ഒളപ്പമണ്ണമനയും, പട്ടിക്കാന്തൊടി രാവുണ്ണിമേനോനും ചേര്‍ന്നാണ്കഥകളിയെ വാനോളം ഉയര്‍ത്തിയത്എന്നുപറഞ്ഞാല്‍ ഒട്ടും അധികമാവില്ല. കഥകളിക്കായി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്ന തമ്പുരാക്കന്മാര് ചെയ്ത സല്‍പ്രവൃത്തിയാല്‍ ഇന്നു കേളികൊട്ടി അരങ്ങേറുന്ന കഥകളിയില്‍ അവിടുത്തെ ശിഷ്യപ്രശിഷ്യര്‍ നിറഞ്ഞാടുകയാണ്.
കഥകളിയിലെ ചിന്തകന്മാരില് ഒരാളായ കീഴ്പടത്ത് കുമാരന് നായര്‍ എന്ന അപൂര്‍വ്വ പ്രതിഭയെ വെള്ളിനേഴിക്ക് ലഭിച്ചിട്ട് ഒരുനൂറ്റാണ്ട് കഴിഞ്ഞു. പത്മശ്രീ പുരസ്കാരം വരെ നേടിയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. എന്നും മാറ്റത്തിന്റെ മുദ്രകള്‍ വിരിഞ്ഞിരുന്ന കണ്ണും വിരലുകളുമായിരുന്നു കുമാരന് നായരുടേത്. ഓരോവേഷവും നല്‍കിയിരുന്ന ധന്യത പറഞ്ഞാല്‍ മതിയാവില്ല. ഏതുവേഷത്തിനും ആ കഥാപാത്രവുമായി ചേര്‍ന്നുപോകാനുള്ള ആശാന്റെ നാട്യശാസ്ത്രം വേറെ തന്നെയായിരുന്നു. നാം പ്രതീക്ഷിച്ചതിലും അപ്പുറം കാണിച്ചുതരുന്ന കഥകളായിരുന്നു ഓരോ രാത്രിയിലും പകര്‍ന്നാടിയിരുന്നത്.
ഒരിക്കലും തെറ്റാത്ത ചുവടുകളുമായി എത്രയെത്ര വേഷങ്ങള്‍. ഇതുപോലൊരാളെ കഥകളിക്കു ലഭിച്ചിട്ടില്ല. ഇതു കഥകളിയുടെ ഭാഗ്യമാണ്.
കഥകളി അഭ്യാസം തീര്‍ന്ന് മദിരാശിയില്‍ ചെന്നുപെട്ടു. സിനിമാ ലോകത്തിലേക്ക് ആ യിരുന്നു കടന്നെത്തിയത്. കുമാര്‍ എന്നപേരില്‍ നൃത്ത അധ്യാപകനായി. മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന് (എംജിആര്‍) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ക്ക് നല്ല ടീച്ചറായി. അവിടെ പുരാണ നൃത്തനാടകം സംവിധാനം ചെയ്ത് പ്രേക്ഷകരുടെ നല്ല അഭിപ്രായം നേടി. ഇതറിഞ്ഞ പട്ടിക്കാന്തൊടി ആശാന് വലിയ വിഷമമായി. കഷ്ടപ്പെട്ട് കഥകളി പഠിച്ച തന്റെ പ്രിയപ്പെട്ട ശിഷ്യന് വന്നുചേര്‍ന്ന ദുര്യോഗത്തെ നേരിട്ടുകാണാന്‍ ഇടയായപ്പോഴാണ് വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ എന്നുമനസിലായത്. കഥകളിയെ അതിലും പറിച്ചുനടപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് അനുഗ്രഹിച്ചു.
കേരള കലാമണ്ഡലത്തിലും, പേരൂര്‍ ഗാന്ധിസേവാസദനത്തിലും കഥകളി അദ്ധ്യാപകനായി ഏറെക്കാലംപ്രവര്‍ത്തിച്ചു. ഒട്ടേറെ ശിഷ്യര്‍ ഇക്കാലത്ത് ആശാനുണ്ടായി. കേരളത്തിലെത്തിയാല്‍ നിരവധി അരങ്ങുകളില്‍ പ്രത്യക്ഷപ്പടുമായിരുന്നു. എങ്കിലും നിത്യേന കാണാത്ത കാരണം ധാരാളം ആരാധകര്‍ കീഴ്പടം ആശാനുണ്ടായിരുന്നില്ല.കാണികളെ തൃപ്തിപ്പെടുത്തുന്ന ആട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.
നിഷ്പ്രയാസം ചെയ്തു തീര്‍ക്കുന്ന അഷ്ടകലാശങ്ങളുടെ കൗതുകം ഒന്നുവേറെ. കാരണം അതില്‍ നൃത്തത്തിന്റെ സ്വാധീനം നേരില്‍കാണാന്‍ കഴിയും എന്നതുതന്നെ. ഒട്ടേറെ കഥകളിയില്‍ അഷ്ടകലാശങ്ങള്‍ കുമാരന് നായരാശാന് ചെയ്തു തീര്‍ക്കാറുണ്ട്. കൂട്ടുവേഷക്കാരെ കൊണ്ട് അഷ്ടകലാശം ചവിട്ടിക്കുന്ന ലവണാസുരവധത്തിലെ ഹനുമാനെ മറക്കാന്‍ പറ്റില്ല. ഹൃദയത്തെപിടിച്ചു കുലുക്കുന്ന കഥാപാത്രമാണ് ആ ഹനുമാന്. സീതയുമായി ചേര്‍ന്നുള്ള രംഗങ്ങള്‍ എത്രകണ്ടാലും മതിയാവില്ല. ശ്രീരാമ ഭക്തിയാല്‍ കാണികളെ കോരിത്തരിപ്പിക്കുന്ന അതുല്യ കലാമര്‍മ്മജ്ഞനായിരുന്നു ആശാന്.
എന്നാല്‍ പലര്‍ക്കും കീഴ്പടത്തിനെ അംഗീകരിക്കാനാവുമായിരുന്നില്ല എന്നതാണ് സത്യം. ചിലരില്‍ ഭ്രമിച്ചവര്‍ക്ക് എല്ലാത്തിനേയും സ്വീകരിക്കാന്‍ മനസ്സുവരില്ല. ഒരുതരം തോന്നലുകളായിരുന്നു അത്. ആരേയും തൊഴുതുപിടിച്ചു നടക്കുന്ന ശീലം. ഈ കലാകാരനുണ്ടായിരുന്നില്ല. അതിന്നാല്‍ത്തന്നെ ഒരകല്‍ച്ച ആശാനോട് ചിലര്‍ കാണിച്ചിരുന്നു.
ആട്ടങ്ങളുടെ മാറ്റത്തിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് രസമായിരുന്നു. ‘താന്‍ കുറേക്കാലം പുറംനാട്ടിലായിരുന്നു. അപ്പോഴേക്കും ഇവിടെ ഓരോവേഷത്തിനും ഓരോരുത്തരെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഇനി തനിക്കുള്ള ഇടം ഉണ്ടാക്കിയെടുക്കുകതന്നെ വേണം’. അതിനായിട്ടാണ് ആ വഴികളെ ചിന്തിച്ചുറപ്പിച്ചത്.അത് മനോബലത്തിന്റെ വലുപ്പംതന്നെയായിരുന്നു. എല്ലാ കഥാപാത്രങ്ങളേയും തന്റെ മൂശയില്‍ വാര്‍ത്തെടുക്കുവാന്‍ ആശാനുണ്ടായിരുന്ന കഴിവ് എത്ര പറഞ്ഞാലും അവസാനിക്കാത്തതുതന്നെ. എല്ലാത്തിലും സ്വര്‍ണ്ണലിപികളിലുള്ള തന്റെ ഒപ്പോടുകൂടി ആടിത്തീര്‍ക്കുകയായിരുന്നു കഥാപാത്രങ്ങളോരോന്നും.
തന്റെ വേഷം കഴിഞ്ഞാല്‍ പിന്നെ അരങ്ങില്‍ നടക്കുന്ന മറ്റ്വേഷങ്ങളെ കണ്ട് വിലയിരുത്തും. ഇത് മറ്റാരിലും കാണാത്ത പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും ശ്രമിക്കും. ആരേയും വേദനിപ്പിക്കാതെയാണ് ഉപദേശം പതിവ്. സദനത്തിലാണ് ഏറെക്കാലം കുമാരന് നായര്‍ ആശാനായത്. എണ്ണംപറഞ്ഞശിഷ്യര്‍ അവിടെ നിന്നും ഉയര്‍ന്നുവന്നു. നിത്യേന ഗീത വായിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. 90-ാംവയസ്സിലാണ് പത്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം ബഹുമാനിച്ചത്. അവസാനകാലം വരെ തനിക്കു പറ്റുന്ന വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അരങ്ങിന്റെ അമരക്കാരനായിരുന്നു ആവെള്ളിനേഴിയിലെ വസന്തം.
അരങ്ങില്‍നിന്നകന്ന് ദേവലോകത്ത് വസിക്കുമ്പോഴും നമുക്കൊപ്പം കൂടെനിന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കുന്നു.വലുപ്പമേറിയ പ്രവൃത്തിയുടെ കീര്‍ത്തി ഏറെക്കാലം മായതെ നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: