മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വര്‍ണനാതീതമായ സംഭാവനകള്‍ നല്കിയ കേരളപാണിനി എ.ആര്. രാജരാജവര്‍മ ഓര്‍മയായിട്ട് 97 വര്‍ഷം. അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും മികവാര്ന്നതുതന്നെയെങ്കിലും വൈയാകരണ ഗ്രന്ഥങ്ങള്‍ ഒരു പടികൂടി മുന്നിട്ടുനില്‍ക്കുന്നു. മലയാള ഭാഷാ ശാസ്ത്രത്തിന് തനതായ വൈയാകരണകൃതികള് ഇല്ലാതിരുന്ന സമയത്ത് മലയാള കവിതയുടെ വികാസത്തിന് സൈദ്ധാന്തിക പശ്ചാത്തലമൊരുക്കിയത് എ.ആര്. രാജരാജവര്‍മയാണ്. ഇക്കാര്യത്തില്‍ ഭാഷാപണ്ഡിതന്മാര്ക്കിടയിലും ഭിന്നാഭിപ്രായമുണ്ടാകില്ല. ഭാഷയുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന മറ്റനേകം കൃതികളും അദ്ദേഹം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വേണ്ടിയിട്ടാണ് 1896 ല്‍ കേരളപാണിനീയം എഴുതിയത്. ഭാഷാഭൂഷണം, വൃത്തമഞ്ജരി, പ്രഥമ വ്യാകരണം, മധ്യമ വ്യാകരണം, സാഹിത്യസാഹ്യം എന്നീ വൈയാകരണ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനകളാണ് എന്നതിലും തര്‍ക്കമില്ല. 1916 ലാണ് കേരളപാണിനീയത്തിന്റെ പരിഷ്കരിച്ച പതിപ്പിറങ്ങിയത്.
ബഹുഭാഷാ പണ്ഡിതനായ എ.ആറിന് സംസ്കൃതത്തില്‍ മാത്രമല്ല, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. സംസ്കൃത ഭാഷയിലെ ഒട്ടുമിക്ക ശ്രേഷ്ഠകൃതികളും അദ്ദേഹം തര്‍ജ്ജമ ചെയ്തു. മലയാള ഭാഷാസാഹിത്യത്തിന് പുത്തന്‍ ഉണര്‍വ് നല്കിയ അദ്ദേഹം ഈ കൃതികള്‍ക്കെല്ലാം വ്യാഖ്യാനമെഴുതിയെന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യ-പൗരസ്ത്യ ഭാഷകളെ ഏകോപിപ്പിച്ചുകൊണ്ട് നൂതനമായ ഒരു ശൈലിതന്നെ അദ്ദേഹം വാര്‍ത്തെടുത്തു. അക്കാരണത്താല്‍ മലയാള ഭാഷയക്ക് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായതായി സാഹിത്യവിമര്‍ശകര്‍ രേഖപ്പെടുത്തുന്നുണ്ട്. വിമര്‍ശന സാഹിത്യരംഗത്തും അദ്ദേഹം സംഭാവന നല്കി. മഹാകവി കുമാരനാശാന്റെ നളിനിയ്ക്ക് എ.ആര്. രാജരാജവര്മയെഴുതിയ അവതാരിക അതിന് വ്യക്തമായ ഉദാഹരണമാണ്. സാഹിത്യകാരന്മാരുടെ കൃതികളെ മാത്രമേ അദ്ദേഹം വിമര്ശിച്ചുകാണുന്നുള്ളു. ആരെഴുതി എന്നുനോക്കാതെ എന്തെഴുതി എന്നതുമാത്രമാണ് അദ്ദേഹം നിരീക്ഷിച്ചിരുന്നത്. അത്ര സാഹിത്യപ്രേമിയും സാഹിത്യോപാസകനുമായിരുന്നു എ.ആര്. രാജരാജവര്‍മ.
അദ്ധ്യാപകന് എന്ന നിലയില്‍ അദ്ദേഹം അന്നും ഇന്നും മാതൃകയാണ്. സംസ്കൃത കോളേജ് പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട് പിന്നീട് യൂണിവേഴ്സിറ്റി കോളേജിലെ നാട്ടുഭാഷാവകുപ്പില് അദ്ധ്യാപകനായി. ഈ കാലയളവിലാണ് മലയള ഭാഷ ഐച്ഛിക വിഷയമായി പഠിക്കുവാനുള്ള സൗകര്യമുണ്ടായത്. സംസ്കൃതത്തിന്റെ മേല്ക്കോയ്മയില് നിന്നും മലയാള ഭാഷയേയും സാഹിത്യത്തേയും വേര്‍പ്പെടുത്തുവാനും അദ്ദേഹത്തിനായി. മലയാള സാഹിത്യലോകത്ത് വലിയ സംവാദത്തിനാധാരമായ പ്രാസവാദം രാജരാജവര്‍മയും അമ്മാവനായ കേരളവര്‍മ വലിയകോയിത്തമ്പുരാനും തമ്മിലായിരുന്നു. ഇരുഭാഗത്തും സാഹിത്യ പ്രമുഖര്‍ അണിനിരന്നു. ആശയത്തെ ബലികഴിച്ച് പ്രാസം ദീക്ഷിക്കണ്ടായെന്ന പക്ഷക്കാരനായിരുന്നു എ.ആര്. എന്നാല്‍ കേരളവര്‍മയ്ക്ക് തന്റെ ശിഷ്യനും കൂടിയായ എ.ആറിനോട് യാതൊരു വ്യക്തിവിരോധവും ഇക്കാരണത്താല്‍ ഉണ്ടായിരുന്നുമില്ല. രണ്ട് അഭിപ്രായങ്ങളുടെ ആരോഗ്യകരമായ സംവാദമായിട്ടുമാത്രമേ അതിനെ പരിഗണിച്ചുള്ളു.
ഔദ്യോഗിക തലത്തില്‍ എ.ആറിന്റെ സംഭാവനകള്‍ വര്‍ണനാതീതമാണ്. സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍, നാട്ടുഭാഷ സൂപ്രണ്ട്, സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസര്‍, പാഠപുസ്തക കമ്മറ്റി അധ്യക്ഷന്‍, ലക്ചറര്‍ കമ്മറ്റി കാര്യദര്‍ശി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ എന്നിങ്ങനെ അനേകം ഉത്തരവാദിത്തമുള്ള ജോലികള്‍ അദ്ദേഹം മാതൃകാപരമായി ചെയ്തു.
കേരളപാണിനിയുടെ വിവര്‍ത്തന കൃതികള്‍ ഏവരുടേയും വിശിഷ്യാ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പദാനുപദ തര്ജമയല്ല എ.ആര്. സ്വീകരിച്ചിരുന്നത്. ലളിതവും കോമളവുമായ ഒരു പരിഭാഷയാണ് അദ്ദേഹം കൈക്കൊണ്ടത്. അതാകട്ടെ മൂലകൃതികളേക്കാള് സുന്ദരവും ആസ്വാദ്യവുമായിരുന്നു. ആ ശൈലിക്ക് സ്വതന്ത്രവും പ്രസാദാത്മകവുമായ ഒരു ഒഴുക്കുണ്ടായിരുന്നു. മലയാള ശാകുന്തളം, മാളവികാഗ്നിമിത്രം, സ്വപ്നവാസവദത്ത, ഭാഷാകുമാരസംഭവം, ചാരുദത്തം എന്നിവയൊക്കെ അദ്ദേഹത്തിലെ പരിഭാഷകനേയും കവിയേയും ഭാഷാപണ്ഡിതനേയും വിളിച്ചോതുവാന് പര്യാപ്തമായ കൃതികളാണ്. മാളവികാഗ്നിമിത്രം മൂന്നാം അങ്കത്തിലെ ഒരു വര്‍ണന ഇതിന് തെളിവാണ്.
”ശരീരം ശോഷിക്കാം പ്രിയയെ
ലഭിക്കയാഞ്ഞാല് പുണരുവാന്‍
ചൊരിഞ്ഞീടാം കണ്ണീര് മിഴിക-
ളവളെക്കാണ്മതു വരെ
ഒരിക്കല്‍പ്പോലും നീ ഹൃദയപ്പിരി-
യാറില്ലവളമായ്പ്പരം മോദിക്കേണ്ടും
പൊഴുതഴല് നിനക്കെങ്ങനെവരാം”
(മാളവികാഗ്നിമിത്രം)
ഒരുപക്ഷേ കാളിദാസന്റെ ഭാവനയേക്കാള്‍ ഉദാത്തമായ വര്ണനാവൈഭവം തെളിഞ്ഞുമിന്നുന്ന കൃതി മലയാള ശാകുന്തളമാണ്. അതിലെ ഒരു വര്‍ണന ഇതിന് ഉദാഹരണമാണ്.
”പിന്നിട്ടെത്തുന്ന തേരില്‍ഗ്ഗളമഴകില്‍
വളച്ചിട്ടുനോട്ടങ്ങള് ചേര്‍ത്തും
പിന്‍ഭാഗം മിക്കവാറും ശരവരവ്
ഭയന്നുള്ളിലേക്കായ് ചുളിച്ചും
വക്ത്രം വീര്‍ത്തൂര്‍ന്നുവീഴുന്നൊരു
തൃണകബളം മാര്ഗ്ഗമദ്ധ്യേപൊഴിച്ചും
പാര്‍ത്താലും പാഞ്ഞീടുന്നു നെടിയ
കുതികളാല്‍ ഭൂവിലേക്കാള്‍ നഭസ്സില്‍”
ശരപതന ഭയത്താല്‍ പ്രാണഭയത്തോടെയുള്ള മാനിന്റെ ചിത്രമാണിത്.
വിരഹതാപത്താല്‍ പരിക്ഷീണയായ ശകുന്തളയുടെ അവസ്ഥയെക്കുറിക്കുന്ന ഒരു വാങ്മയ ചിത്രവും മനോഹരമാണ്.
”ഒട്ടീ ഹന്ത! കവിള്‍ത്തടം
കുചമതിന് കാഠിന്യമസ്സ്പഷ്ടമായ്
തട്ടീവാട്ടമരയ്ക്കൂ; തോളുകള്‍ തുലോം താണു
വിളര്ത്തുനിറം, കോട്ടം മന്മഥനാലഞ്ഞിടുകിലും
തന്വംങ്ഗി രമ്യാംഗിതാന്‍
കോടക്കാറ്റടിയേറ്റ് വെണ്ണില കൊഴിഞ്ഞുള്ള വാസന്തിപോല്‍”
ശാകുന്തളത്തിന് ഇത്ര മനോഹരമായ മറ്റൊരു പരിഭാഷയുമില്ലെന്ന് പണ്ഡിതന്മാര് സാക്ഷ്യപ്പെടുത്തുന്നു.
ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ശകുന്തളയെ താതകണ്വന് ഉപദേശിക്കുന്ന ഭാഗം ഇന്നും വളരെ പ്രസക്തമാണ്.
”സേവിച്ചീടുക പൂജ്യരെ, പ്രിയസഖിക്കൊപ്പം സപത്നീജനം
ഭാവിച്ചീടുക, കാന്തനോടിടയൊലാ ധിക്കാരമേറ്റീടിലും,
കാണിച്ചീടുക ഭൃത്യരില്‍ദ്ദയ, ഞെളിഞ്ഞീടായ്ക ഭാഗ്യങ്ങളാല്‍,
വാണിട്ടിങ്ങനെ കന്യയാള്‍ ഗൃഹണിയാ, മല്ലെങ്കിലോ ബാധതാന്‍”
ഇത്തരത്തിലുള്ള തെളിഞ്ഞ വിവര്‍ത്തനങ്ങളാണ് കേരളപാണിനി സ്വീകരിച്ചിട്ടുള്ളത്. 1863 ല്‍ ഫെബ്രുവരി 20 നാണ് എ.ആര്. രാജരാജവര്‍മ ജനിച്ചത്. ചങ്ങനാശേരി ലക്ഷ്മീപൂരം കൊട്ടാരത്തിലെ ഭരണിതിരുനാള്‍ അമ്മത്തമ്പുരാട്ടിയും കിടങ്ങൂര്‍ പാറ്റിയാല മഠത്തില്‍ വാസുദേവന്‍ നമ്പൂതിരിയുമാണ് മാതാപിതാക്കള്‍. ചുനക്കര രാമവാര്യര്‍, ചുനക്കര ശങ്കരവാര്യര് എന്നിവരായിരുന്നു ഗുരുക്കന്മാര്. കേരളവര്‍മ വലിയകോയിത്തമ്പുരാനും ഗുരുവാണ്. നാടകാലങ്കാരാദികളും തര്‍ക്കശാസ്ത്രവും ഗഹനമായിത്തന്നെ പഠിച്ചുതീര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ഭാഷയിലും പഠനം തുടര്‍ന്നു. രസതന്ത്രം ഐച്ഛികവിഷയമായെടുത്ത് ബിരുദവും നേടി. 1889 ല്‍ മാവേലിക്കര കൊട്ടാരത്തിലെ മഹാപ്രഭാത്തമ്പുരാട്ടിയെ ജീവിതസഖിയാക്കി. അദ്ദേഹത്തിന് എട്ട് മക്കളാണുണ്ടായിരുന്നത്. അതില്‍ രാഘവരാജവര്മയും ഭാഗീരഥിയമ്മത്തമ്പുരാട്ടിയും സാഹിത്യരംഗത്ത് വളരെ ശ്രദ്ധേയരായിത്തീര്‍ന്നു. 1918 ജൂണ്‍ 18 ന് 55-ാം വയസ്സില്‍ എ.ആര്. രാജരാജവര്‍മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: