ആലപ്പുഴ: തകഴി-എടത്വ റൂട്ടില്‍ ഇന്നു മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുമെന്നും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതു സംബന്ധിച്ച് കൂടിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തകഴി ക്ഷേത്രം മുതല്‍ എടത്വാവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി ഇന്നലെ ആരംഭിച്ചു. റോഡിലെ കുഴികള്‍ നികത്തി സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ദിവാകരന് അറിയിച്ചു.
പൈപ്പിടല്‍ പൂര്‍ത്തീകരിക്കുംവരെ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ്തി ഭാനുവിന് നിര്‍ദേശം നല്കി. റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഇന്നു മുതല്‍ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് എംപി നിര്‍ദേശം നല്കി.
റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ള കന്നാമുക്ക്, കോയില്‍മുക്ക്, പറത്തറ പാലം എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. മണ്ണുകലര്‍ന്ന ചെളി മാറ്റിയശേഷം മണ്ണടിച്ച് മെറ്റലിട്ട് കുഴികള്‍ നിരപ്പാക്കി ഗതാഗതയോഗ്യമാക്കും. മണ്ണ് താഴ്ന്നാല്‍ വീണ്ടും മെറ്റലിട്ട് നിരപ്പാക്കും. ഇതിനുള്ള നടപടി സ്വീകരിച്ചതായി എക്സി. എന്‍ജിനീയര്‍ പറഞ്ഞു.
കുഴിയെടുത്തതുമൂലം റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രം വാഹനം ഓടിയതിനാല്‍ രൂപപ്പെട്ട കുഴികളും നികത്തിനല്കാന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പറത്തറപാലത്തിലുള്ള വിടവ് ലോഹഷീറ്റ് ഉപയോഗിച്ച് അടച്ച് ബലപ്പെടുത്താനുള്ള ജോലികള്‍ ഇന്നു തുടങ്ങും. പൈപ്പിടാനായി കുഴിഞ്ഞ പാലത്തിന്റെ അപ്രോച്ച് ഭാഗം കല്ലുകെട്ടി ബലപ്പെടുത്തി നല്കാന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് എന്‍ജിനീയറോട് കളക്ടര്‍ നിര്‍ദേശിച്ചു. പറത്തറ പാലം, കന്നാമുക്ക്, കോയില്‍മുക്ക് എന്നിവിടങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് പോലീസിനെ നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: