അമ്പലപ്പുഴ: കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ഇറിഗേഷന്‍ വകുപ്പു മേധാവികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മാധവന്‍മുക്ക് തീരദേശത്തായിരുന്നു സംഭവം.
ഏതാനും ദിവസം മുന്‍പ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് രണ്ടു വീടുകള്‍ ഈഭാഗത്ത് പൂര്‍ണമായി തകര്‍ന്നിരുന്നു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട സര്‍ക്കാര്‍ 1,350 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് എട്ടു കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ദിനംപ്രതി 15 ലോഡു കല്ലുകള്‍ തീരദേശത്ത് എത്തുമെന്നും ഇറിഗേഷന്‍ വിഭാഗം മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടു ലോഡ് കല്ലുമായി വന്ന അസി. എന്‍ജിനീയര്‍ ജയകുമാറിനേയും ഒപ്പമുണ്ടായിരുന്ന ഓവര്‍സിയര്‍മാരേയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
കല്ലുകള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കാത്തതാണ് തകര്ച്ചാഭീഷണിക്ക് കാരണമെന്നും ഇതിന് പരിഹാരം കാണാതെ ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലായെന്നും മത്സ്യത്തൊഴിലാളികള്‍ കടുംപിടുത്തം സ്വീകരിച്ചതോടെ രംഗം വഷളാകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അമ്പലപ്പുഴ തഹസീല്‍ദാര്‍ പി. സനല്‍ കുമാറിനേയും മത്സ്യത്തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചു. പരിഹാരം ഉണ്ടായില്ലെങ്കില്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ് നല്കി.
അമ്പലപ്പുഴ എസ്ഐ: സാനി, എസ്ഐ: നിസാമുദീന്‍, പുന്നപ്ര എസ്ഐ: ജയന് എന്നിവരുടേ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തി രംഗം ശാന്തമാക്കുകയായിരുന്നു. ഇന്നുമുതല്‍ 15 ലോഡ് കല്ല് വീതം ദിനംപ്രതി ഇവിടെ എത്തിക്കുമെന്ന് തഹസില്‍ദാരും, പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതനും മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: