കൊച്ചി: വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ഉപസമതി രൂപീകരിക്കാന്‍ ഇന്നലെ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, പോലീസ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ബസുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റി. ആര്‍ടിഎയുടെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ നടത്തിപ്പ് ചുമതല ഒരു എംവിഐക്ക് ആയിരിക്കും.
സ്വകാര്യബസുകളില്‍ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്സഷന് കാര്‍ഡ് അനുവദിക്കുന്നതിനും പുതിയ കാര്‍ഡുകള്‍ ആഗസ്റ്റ് 31 വരെ നല്‍കുന്നതിനും തീരുമാനിച്ചു. കോളേജുകളില്‍ പുതിയ അഡ്മിഷന് വൈകുമെന്നതിനാല്‍ പിന്നീട് വരുന്ന കണ്സഷന് കാര്‍ഡുകളുടെ കാര്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു തീരുമാനമെടുക്കും. കെഎസ്ആര് ടിയുടെ കണ്സഷന് കാര്യത്തില്‍ നിലവിലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം തുടരും. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത കെ. എസ്ആര്ടിസി ആസ്ഥാനവുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ജില്ല കളക്ടര്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
കോളേജ് വിദ്യാര്‍ഥികളുടെ കണ്സഷന് കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ബസ് ജീവനക്കാരുടെ ഉത്തരവാദിത്വമായിരിക്കും. അനര്‍ഹര്‍ യാത്രാനുകൂല്യം കൈപ്പറ്റുന്നതായി യോഗത്തില്‍ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്. പുതിയ കണ്സഷന് കാര്‍ഡ് ലഭിക്കുന്നതു വരെ അതതു സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് യാത്രാനുകൂല്യത്തിന് ഉപയോഗിക്കാം. ഈ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്സഷന് നല്കാന് ബസ് കണ്ടക്ടര്‍ തയാറാകണം. അതതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സോഫ്റ്റ്വേര്‍ നല്കിയാല് ഔദ്യോഗികകാര്ഡ് വേഗം അനുവദിക്കാമെന്ന് ആര്.ടി.ഒ കെ. എം. ഷാജി യോഗത്തില്‍ അറിയിച്ചു.
ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോടു മാന്യമായി പെരുമാറണം. കാലടി, ഫോര്‍ട്ട്കൊച്ചി മേഖലയില്‍ ചില ജീവനക്കാര്‍ വിദ്യാര്‍ഥികളോടു വളരെ മോശമായിട്ടാണു പെരുമാറുന്നതെന്നു വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണിത്. എന്നാല്‍ ഇതു സംബന്ധിച്ചു തങ്ങളുടെ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ബസുടമ സംഘം പ്രതിനിധികള്‍ അറിയിച്ചു. ബസുടമകള്‍ നല്കുന്ന പുതിയ കാര്‍ഡില്‍ ഓരോ യാത്രയും അടയാളപ്പെടുത്തുന്നതിനു സൗകര്യം ഉണ്ടായിരിക്കും.ഈ കാര്‍ഡിനായി വരുന്ന ചെറിയ തുക വിദ്യാര്‍ഥികള്‍ നല്‍കണം. ഈ നിര്‍ദേശം വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ അംഗീകരിച്ചു.
ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും യൂണിഫോമില്‍ നെയിംപ്ലേറ്റ് ചേര്‍ത്തിരിക്കണം. പുതിയ കാര്‍ഡിന്റെ കാര്യത്തില്‍ ബസ് ഉടമകളുടെ കോണ്‍ഫെഡറേഷനില്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നു ബസുടമ പ്രതിനിധികള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സഹകരിക്കാന്‍ തയാറാണെന്നു പാരലല്‍ കോളേജ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ 50 ബസുകളില്‍ ക്യാമറ സ്ഥാപിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നു ജില്ല കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ആര്‍ടിഒ കെ. എം. ഷാജി, തൃക്കാക്കര പോലീസ് അസി. കമ്മീഷണര്‍(ട്രാഫിക്) സാജന് കോയിക്കല്‍, െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് വൈസ്പ്രസിഡന്റ് എം. എ. കരീം, പാരലല്‍കോളേജ് അസോസിയേഷന് ട്രഷറര്‍ റെജി പി. മാത്യു, പ്രസിഡന്റ് വര്‍ഗീസ മൂത്തേടം, കെബിടി എ പ്രസിഡന്റ് കെ. പി. നവാസ്, എം. ജി. വാഴ്സിറ്റി സെക്ഷന്‍ ഓഫീസര്‍ ആന്‍ഡ്രൂ ജോര്‍ജ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: