പൊന്‍കുന്നം: കൂരാലിക്ക് സമീപം 11 കെവി വൈദ്യുതി ലൈന്‍ സ്ഫോടനത്തിന്റെ ശക്തിയില്‍ തകര്‍ന്നു. മൂവാറ്റുപുഴ-പുനലൂര്‍ റോഡു വികസനത്തിന്റെ ഭാഗമായി ഇളങ്ങുളം പള്ളിക്ക് സമീപം പാതയോരത്ത് പാറ പൊട്ടിച്ച് നീക്കുന്നതിന് സ്ഫോടനം നടത്തിയതാണ് വൈദ്യുതി ലൈന്‍ തകരുന്നതിന് കാരണം. പിക് അപ് വാനുമായി എത്തിയ കൂരാലി സ്വദേശി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പൊതു നിരത്തില്‍ സ്ഫോടനം നടത്തിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്ത് നാട്ടുകാര്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. റോഡ് നിര്‍മ്മാണ കരാറുകാര്‍ക്കെതിരെ സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും അനുവദനീയമായ അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനും നിര്‍മ്മാണ വേളയില്‍ ഉപയോഗിക്കേണ്ട ദിശാ സൂചികകളും മുന്നറിയിപ്പ് ബോര്‍ഡുകളും ഉപയോഗിക്കാതിരുന്നതിനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശ വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി. കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: