കോട്ടയം: ദേവസ്വം ബോര്‍ഡിലെ സംഘടനാപ്രവര്‍ത്തനം ഈശ്വരീയമായ കാര്യമാണെന്ന സങ്കല്പത്തോടെ നടത്തണമെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് കോട്ടയം ഗ്രൂപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മവിശ്വാസത്തോടെ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്നേറാന്‍ ദേശീയ പ്രസ്ഥാനങ്ങളുടെ പിന്തുണയുണ്ടാകും. ക്ഷേത്ര ചൈതന്യത്തോടും ആചാരാനുഷ്ഠാനങ്ങളോടും ഭക്തരോടും പ്രതിബദ്ധതയുള്ള സംഘടനകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ ര്‍ഡില്‍ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ഈ കുറവു പരിഹരിക്കാനാണ് എംപ്ലോയീസ് സംഘ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ജീവനമല്ല ക്ഷേത്ര സേവനമാണ് ജീവനക്കാര്‍ ചെയ്യേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാ ന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ കച്ചവടസ്ഥാപനങ്ങളായി കാണുന്നു. ലാഭകേന്ദ്രങ്ങളായാണ് ഇവര്‍ ക്ഷേത്രങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ലാഭകരമല്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ പുനര്വിന്യസിപ്പിക്കുന്നത്. വരുമാനം നോക്കി ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള നീക്കം ക്ഷേത്രങ്ങളെ തകര് ക്കാനേ ഉപകരിക്കൂ. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് അര്‍പ്പിക്കുന്നതിനുപോലും ദേവസ്വം ബോര്‍ഡിന്റെ അനുവാദം വേണം. ദേവസ്വം ബോര്‍ഡിന്റെ പല തീരുമാനങ്ങളും ക്ഷേത്രങ്ങളെ നാശത്തിലേക്കാണ് നയിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ക്ഷേത്രത്തിനു പുറത്തുള്ളവരെ ഏല്‍പ്പിക്കുന്നു. പലയിടത്തും മാഫിയാബന്ധം വളരുന്നു. ക്ഷേത്രവരുമാനം ക്ഷേത്രവികസനത്തിനല്ല ഉപയോഗപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ഭഗവത് പൂജയ്ക്കുള്ള സമര്‍പ്പണമായി സംഘടനാ പ്രവര്‍ത്തനത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.എസ്. രാമസ്വാമി, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണന്, എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശ്രീകുമാര്‍, ടി. രാഗേഷ്, ഉപാദ്ധ്യക്ഷന്മാരായ കെ.പി. രമേഷ്, ആര്. ശങ്കരനാരായണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.ആര്. സുനില്‍കുമാര്‍ പോറ്റി സ്വാഗതവും എം.ടി. രാഗേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: