അമിതഗുണവാനും, സത്യ പരാക്രമനും, കാമദേവനും ദേവേന്ദ്രനും തുല്യനുമായ ദശരഥമഹാരാജാവ് ഭര്‍ത്തൃശുശ്രൂഷാ നിരതരായ കൗസല്യാദേവി, കൈകേയി, സുമിത്ര എന്നീ ഭാര്യമാരോടും മന്ത്രിമാരോടും ചേര്‍ന്ന് കാര്യാകാര്യങ്ങള്‍ നിരൂപിച്ച് ഭൂതലം ഭരിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടെങ്കിലും പുത്രനില്ലാത്ത ദുഃഖം അലട്ടിയിരുന്നു. ഒരുദിനം കുലഗുരുവായ
വസിഷ്ഠമഹര്‍ഷിയെ സമീപിച്ചു ചോദിച്ചു-
രാജ്യവും സമ്പത്തുമൊക്കെയുണ്ടായിട്ടെന്തു ഫലം? മൂന്നു ഭാര്യമാരുണ്ടായിട്ടെന്തു ഫലം? ഒരു പുത്രന്റെ മുഖം കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഈ ദുഃഖത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കണം. ത്രികാലജ്ഞാനിയായ വസിഷ്ഠമുനിക്കറിയാം സംഭവിക്കാന്‍ പോകുന്നതെന്താണെന്ന്. അദ്ദേഹം പറഞ്ഞു. ”ഇക്കാര്യത്തില്‍ നീ ദുഃഖിക്കേണ്ടതില്ല. നിനക്കു നാലു പുത്രന്മാരുണ്ടാകും. അതിനായി ഋശ്യശൃംഗനെ വരുത്തി അശ്വമേധവും പുത്രകാമേഷ്ടികര്‍മ്മവും നടത്തണം. ”ദശരഥനു സന്തോഷമായി. ഒട്ടും വൈകാതെ യാഗത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. യജ്ഞാചാര്യനായി ഋശ്യ ശൃംഗനെ വരുത്താനും തീരുമാനിച്ചു.
… തുടരും
















