എരുമേലി: സ്കൂളില്‍ പോയി പഠിച്ചിട്ടില്ലാത്ത കേശവന് ജീവിതത്തില്‍ ഇതുവരെ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സ്വന്തം പേര് ഒന്ന് എഴുതണം. അങ്ങനെ ആദ്യമായി കേശവന് 86-ാമത്തെ വയസ്സില്‍ തന്റെ സ്വന്തം പേര് മാത്രമല്ല, നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും വടിവൊത്ത അക്ഷരങ്ങളില്‍ മറുപടികളും കുറിച്ചു. പരീക്ഷാ ഹാളില്‍ കേശവന് മാത്രമായിരുന്നില്ല. ഇതേ പ്രായക്കാരിയായ കമലാക്ഷിയമ്മയും 60 കഴിഞ്ഞ അമ്പത്തിരണ്ട് പേരും ഉള്‍പ്പെടെ 70 പേര് ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നാലാം തരം തുല്യതാ പരീക്ഷയാണ് ഇവരെല്ലാവരും എഴുതിയത്. കേശവന് പരീക്ഷ എളുപ്പമായിരുന്നെങ്കില്‍ കമലാക്ഷിയമ്മയ്ക്ക് അല്പം ബുദ്ധിമുട്ടായിരുന്നു. പരീക്ഷ എഴുതി ഇറങ്ങിവരുന്ന കമലാക്ഷിയമ്മയെ കൈപിടിച്ച് കൊച്ചുമക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ മറ്റുള്ളവര്‍ക്കു തുണയായി ബന്ധുക്കള്‍ എത്തിയിരുന്നു. ചെറുപ്പത്തില്‍ ഉപ്പുമാവും ഉച്ചക്കഞ്ഞിയും കഴിക്കാന്‍ വേണ്ടി മാത്രം സ്കൂളില്‍ പോയ ഓര്‍മ്മയെ ഇവരില്‍ പലര്‍ക്കുമുള്ളൂ.
പതിവായി കാണുന്ന ബസിന്റെ നിറവും രൂപവും ഒന്നു മാറിയാല്‍ യാത്ര വേണ്ടെന്ന് വച്ച് വീട്ടിലേക്ക് മടങ്ങുന്നവരാണ് ചിലരെന്ന് അധ്യാപകരും പറഞ്ഞു. ആറുമാസം കൊണ്ടാണ് ഇവരെല്ലാം നാലാംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ എരുമലിയില്‍ 70 പേരാണ് പങ്കെടുത്തത്. ഇവരില്‍ 52 പേര് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഭാവിയില്‍ പി.എസ്.സി. പരീക്ഷയെഴുതുന്നതിനോ, ജോലികള്‍ക്കോ വേണ്ടിയായിരുന്നില്ല ഇവരുടെ ഈ അഗ്നി പരീക്ഷ. മലയാളം, ഇംഗ്ലീഷ്, അതുല്യം അക്ഷരോത്സവം, ഗണിതം, നമ്മളും ചുറ്റുപാടും തുടങ്ങിയ വിഷയങ്ങളില്‍ ഒറ്റദിവസമായിരുന്നു പരീക്ഷ. എല്ലാവര്ക്കും പഠനോപകരണങ്ങളും പുസ്തകങ്ങളും സൗജന്യമായി സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ വച്ചായിരുന്നു ക്ലാസുകള്‍. പഞ്ചായത്ത് അംഗങ്ങളായ ജിജിമോള്‍ സജി, ഷാനി സാബു, രജിത പ്രകാശ്, സാക്ഷരതാ പ്രേരക്മാരായ പി.കെ. റസാക്ക്, പ്രേമാനന്ദ്, എന്‍.എം. പ്രസാദ് എന്നിവരായിരുന്നു അദ്ധ്യാപകര്‍. പരീക്ഷയ്ക്ക് ശേഷം എല്ലാവര്ക്കും ഗ്രാമപഞ്ചായത്തിന്റെ വകയായി വിഭവസമൃദ്ധമായ സദ്യയും നല്കി.
പഠിതാക്കളില്‍ കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് അടുത്ത ദിവസം പരിശോധനകള്‍ക്ക് ശേഷം കണ്ണടകള്‍ നല്‍കുമെന്ന് പ്രേരക് പി.കെ. റസാക്ക് പറഞ്ഞു. മൂന്ന് ദിവസത്തിനകം പരീക്ഷാഫലം പുറത്തുവരുമെന്ന് അറിഞ്ഞതോടെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പഠിതാക്കളെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: