കോട്ടയം: അഴിമതിക്കെതിരെ പരാതി നല്‍കേണ്ട ജില്ലാ വിജിലന്‍സ് കമ്മറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. യോഗം ചേര്‍ന്നിട്ട് അഞ്ച് മാസം കഴിഞ്ഞു. ജനുവരി 12നുശേഷം യോഗങ്ങള്‍ നടന്നിട്ടില്ല. ഇത് അഴിമതിക്കാരെ സഹായിക്കാനെന്ന് ആക്ഷേപം ഉയരുന്നു.
ജില്ലാ കളക്ടര്‍ ചെയര്‍മാനും വിജിലന്‍സ് ഡി വൈ എസ് പി കണ്‍വീനറുമായുള്ള കമ്മറ്റിയില്‍ വിവിധ വകുപ്പ് മേധാവികളുമുണ്ട്. മൂന്ന്് മാസത്തിലൊരിക്കലാണ് വിജിലന്‍സ് കമ്മറ്റി യോഗം ചേരേണ്ടത്. കമ്മറ്റിക്കു ലഭിക്കുന്ന പരാതികള്‍ യോഗ തീരുമാനപ്രകാരം അതത് വകുപ്പ് മേധാവികള്‍ക്ക് അയക്കുകയാണ് പതിവ്. പരാതിയും റിപ്പോര്‍ട്ടും അടുത്ത യോഗത്തില്വകുപ്പ് മേധാവി സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുകയോ, അന്വേഷണത്തിന് ശുപാര്‍ശ ചെയ്യ പ്പെടുകയോ ആണ് പതിവ്. ശുപാര്‍ശ ചെയ്യപ്പെട്ടാല്‍ പോലും വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ അന്വേഷണം നടക്കുക യുള്ളു. അന്വേഷണം നടക്കുന്ന പല കേസുകളിലും രാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടാകാറില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ വിജിലന്‍സ് കമ്മറ്റി അഞ്ച് മാസമായി യോഗം ചേരാത്തത് ആശങ്കയുണ്ടാക്കുന്നു.
പൊതുമരാമത്ത് ഉള്‍പ്പടെയുള്ള മിക്ക വകുപ്പുകളും ഏറ്റവുമധികം ജോലികള്‍ ചെയ്തു തീര്‍ത്തതായി കണക്കുണ്ടാക്കുന്നതും ഇത് സംബന്ധിച്ച് ഏറ്റവും അധികം പരാതി ഉയരുന്നതും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. ഈ മാസങ്ങള്‍ ഉള്‍പ്പെടുന്ന സമയത്ത് സമിതി യോഗം ചേരാത്തത് ഏറെ പരാതികള്‍ക്കും ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. നൂറുകണക്കിന് പരാതികളാണ് കമ്മറ്റിയുടെ പരിഗണനയ്ക്കും പരിഹാര നിര്‍ദ്ദേശത്തിനുമായി കാത്തിരിക്കുന്നത്. യോഗം ചേരാത്തതുമൂലം ഇവയ്ക്കൊന്നും തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല.
എന്നാല്‍ കമ്മറ്റി ചെയര്‍മാനായ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് കണ്‍വീനറും വിജിലന്‍സ് ഡി വൈ എസ് പി യുമായ സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: