ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളത്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണ് ആദ്ധ്യാത്മികം ചെയ്യുന്നത്. ഭൗതികള്‍ അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണ്. പായസത്തിനു മധുരം നല്‍കുന്ന ശര്‍ക്കരപോലെയാണ് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.
ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ട്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടിരിക്കും ദുഃഖിപ്പിച്ചുകൊണ്ടിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണമെന്നേ അമ്മ പറയുന്നുള്ളൂ. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടിവരില്ല. ഈ ലോകത്ത് ഇന്ന് സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണ് യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും.
















