കൊച്ചി: ആണവ മാലിന്യം കടലില്‍ തള്ളുന്നത് സമുദ്രസമ്പത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സമുദ്രശാസത്രജ്ഞരുടെ സമ്മേളനം. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്റ് ടെക്നോളജി സംഘടിപ്പിച്ച സമുദ്ര സംരക്ഷണ ചര്‍ച്ചാസമ്മേളനത്തിലാണ് അഭിപ്രായമുയര്‍ന്നത്.
പല ആണവ റിയാക്ടറുകളില്‍ നിന്നും ഉള്‍ക്കടലില്‍ 5000 മീറ്റര്‍ താഴ്ചയിലാണ് ആണവ മാലിന്യം തള്ളുന്നത്. ഭാവിയില്‍ ഇതുമൂലം മാനവരാശിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാകും. അമൂല്യമായ സമുദ്രസമ്പത്തില്‍ പലതും വംശനാശ ഭീഷണിയിലാണ്. ആണവമാലിന്യം തള്ളുന്നതിന് അനുയോജ്യമായ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര രംഗത്ത് ഇതിനെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നും സമ്മേളനത്തില്‍ നാണ്സണ് എണ്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്മാന് ഡോ. എന്‍.ആര്. മേനോന് അഭിപ്രായപ്പെട്ടു. സമ്മേളനം കൊച്ചി ശാസ്്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വൈസ് ചാന്‍സലര്‍ ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു.
സമുദ്രവുമായി ബന്ധപ്പെട്ട പഠന ഗവേഷണ സംരംഭങ്ങളില്‍ സാമൂഹിക വശങ്ങള്‍കൂടി പരിഗണിക്കണം. പഠനഫലങ്ങളുടെയും നിയമങ്ങളുടെയും ആവശ്യകത പൊതുജനങ്ങളെക്കൂടി ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും ഡോ. ലത അഭിപ്രായപ്പെട്ടു. കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: