കൊച്ചി: വെളിയത്തുനാട് കാര്‍ഷികമേഖലയില്‍ കിന്‍ഫ്ര 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വെളിയത്തുനാട് ഭൂസംരക്ഷണകര്മ്മസമിതി സമരപ്രഖ്യാപന സമ്മേളനം നടത്തി. പ്രമുഖപരിസ്ഥിത പ്രവര്ത്തകന് ഡോ.സി.എം. ജോയി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയായ വെളിയത്തുനാടിനെ തകര്‍ക്കുവാനും ഭൂമാഫിയകള്‍ക്ക് വന്‍ലാഭം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ ഗൂഢനീക്കത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ആര്.വി. ബാബു മുഖ്യപ്രഭാഷണം നടത്തി.
ഭൂസംരക്ഷണകര്മ്മസമിതിയുടെ കണ്‍വീനര്‍ എം.കെ. സദാശിവന് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ വെളിയത്തുനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ മുഹമ്മദ് പുല്ലാത്ത് എഴുതി ചിട്ടപ്പെടുത്തിയ ‘നാടിന്റെ ചരമഗീതം’ എന്ന കവിത ആലപിച്ചു. 300 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭൂസംരക്ഷണ കര്‍മ്മസമിതി അംഗം എം.കെ. ജയചന്ദ്രന് പ്രമേയം അവതരിപ്പിച്ചു.
വി.കെ. കൃഷ്ണന്‍കുട്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിസ്ഥിതി പ്രവര്‍ത്തകരായ ഏലൂര്‍ ഗോപിനാഥ്, കെ.പി. സുരേഷ്, നിയാമത്തുള്ള, റ്റി.പി. മുരളി, എം.രവി കെ.ആര് രമേഷ് തുടങ്ങി വിവിധ സാമുദായിക സാംസ്കാരിക സംഘടനകളുടെ നേതാക്കളും സംസാരിച്ചു. യോഗത്തില്‍ 10-ാം വാര്‍ഡ് മെമ്പര്‍ ആര്. സുനില്‍കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: