ആലപ്പുഴ: പുറക്കാട് തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. പഴയങ്ങാടി, തോപ്പില്‍, കരൂര്‍ പ്രദേശങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു. തകര്‍ച്ചാഭീഷണി നേരിട്ട ഏതാനും വീടുകള്‍ ഇന്നലെ പൊളിച്ചുമാറ്റി. 50 വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ ഇരുപത്തിയഞ്ചോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
കടല്‍ ശക്തമായതോടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. വീട് നഷ്ടപ്പെട്ട 28 കുടുംബങ്ങളിലെ തൊണ്ണൂറ്റിയേഴുപേരെ കരൂര്‍ ന്യൂ എല്‍പി സ്കൂള്‍, കരിനില വികസന ഏജന്‍സി എന്നിവടങ്ങളില്‍ ആരംഭിച്ച രണ്ടു ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ വിവിധ സ്ഥലങ്ങളിലായി 20 ലോഡ് കല്ല് ഇറക്കി. മണ്ണുമാന്തി ഉപയോഗിച്ച് തീരത്ത് കല്ല് ഇടുന്ന നടപടി പുരോഗമിക്കുകയാണ്.
അതിനിടെ തോട്ടപ്പള്ളി പൊഴിമുറിക്കല്‍ നടപടികളും ആരംഭിച്ചു. രണ്ട് ഹിറ്റാച്ചി ഉപയോഗിച്ചാണ് പൊഴി മുറിക്കല്‍ നടത്തുന്നത്.
പൊഴി മുറിക്കല്‍ പൂര്ണമാക്കാന് രണ്ടാഴ്ച വേണ്ടിവരുമെന്ന് ജലസേചന വകുപ്പ് ഓഫീസര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍നിന്ന് കിഴക്കന്‍ പ്രദേശങ്ങളെ രക്ഷിക്കുന്നതിനാണ് തോട്ടപ്പള്ളി സ്പില്‍വെ പൊഴി മുറിക്കല്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ കോടികള്‍ മുടക്കി ഇവിടങ്ങളില്‍ ഇറക്കിയ കല്ലുകള്‍ കടല്‍ക്ഷോഭത്തില്‍ ഒലിച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും കല്ലുകള്‍ ഇറക്കി താല്‍ക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നത്.
പ്രദേശത്ത് കടല്‍ഭിത്തിയും, പുലിമുട്ടും വാഗ്ദാനം ചെയ്ത് കബളിപ്പിച്ച എംപിയും എംഎല്‍എയുമാണ് കടലോരവാസികളുടെ ദുരിതത്തിന് പ്രധാന ഉത്തരവാദികള്‍. കഴിഞ്ഞ ഒരാഴ്ചയായി ഇവിടുത്തുകാര്‍ ദുരിതം അനുഭവിച്ചിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കാട്ടൂര്‍, ചേന്നവേലി തീരപ്രദേശങ്ങളിലും നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
മത്സ്യ തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു
മണ്ണഞ്ചേരി: കടലാക്രമണ ഭീഷണി നേരിടുന്ന കാട്ടൂരില്‍ കടല്‍ ഭിത്തികെട്ടാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം സോഫിയായുടെ നേതൃത്വത്തിലാണ് ആലപ്പുഴ-അര്‍ത്തുങ്കല്‍ റോഡ് ഉപരോധിച്ചത്. ഒന്നരമണിക്കൂറോളം ഗതാഗതം തടസപെട്ടു. തഹസില്‍ദാരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
പ്രശ്നത്തിന് പരിഹാരം കാണാന്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യ തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. 16-ാം വാര്‍ഡിലെ പാണ്ഡ്യാലയ്ക്കല്‍ റോബര്‍ട്ട്, കളപ്പുരയ്ക്കല്‍ ക്ലമന്റ്, പഞ്ചായത്തംഗം സോഫിയ എന്നിവരുടെ വീടുകള്‍ ഏതു നേരവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. തെക്കേപാലയ്ക്കല്‍ യേശുദാസ്, പള്ളിപറമ്പില്‍ മൈക്കിള്‍,അരശര്‍കടവില്‍ ജേക്കബ് എന്നിവരുടെ വീടുകള്‍ക്കും കടലാക്രമണ ഭീഷണിയുണ്ട്. ബീച്ച്-റാണി റോഡും ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: