ആനന്ദം പുറത്തുനിന്നും കിട്ടുന്നതല്ല. ചിലര്‍ക്കു ചോക്ലേറ്റു വളരെയധികം ഇഷ്ടമുള്ള സാധനമാണ്. എന്നാല്‍ അടുപ്പിച്ചു പത്തെണ്ണം കഴിച്ചു കഴിയുമ്പോള്‍ എത്ര മധുരമുള്ളതാണെങ്കിലും അതിനോടു വെറുപ്പു തോന്നും. പതിനൊന്നാമത്തേത് എടുക്കുമ്പോള്‍ ആദ്യത്തേതുപോലുള്ള സംതൃപ്തി അതില്‍നിന്നു ലഭിക്കുന്നില്ല. അതുപോലെ ചോക്ലേറ്റു തീരെ ഇഷ്ടമില്ലാത്ത ചിലരുണ്ട്. അവര്‍ക്കതിന്റെ മണം ശ്വസിക്കുന്ന മാത്രയില്‍ ഓക്കാനിക്കാന്‍ വരും.
വാസ്തവത്തില്‍ ചോക്ലേറ്റെല്ലാം ഒരുപോലെയാണ്. അവയായിരുന്നു സംതൃപ്തി തന്നിരുന്നതെങ്കില്‍ എത്ര കഴിച്ചാലും ഒരുപോലെ സംതൃപ്തി അനുഭവപ്പെടേണ്ടതല്ലേ? എല്ലാവര്‍ക്കും സംതൃപ്തി ലഭിക്കേണ്ടതല്ലേ? അപ്പോള്‍ സംതൃപ്തി ചോക്ലേറ്റിനെയല്ല മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്. പട്ടി എല്ലില്‍ കടിക്കും. ചോര കിട്ടുമ്പോള്‍ സന്തോഷമാകും.
കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നുവീണു. അപ്പോഴാണ് ശ്രദ്ധിക്കുന്നത്, എല്ല് അതേപോലെ കിടക്കുന്നുണ്ട്. ഞാന്‍ നുണഞ്ഞതു സ്വന്തം മോണ കീറിവന്ന രക്തമാണ്. ബാഹ്യവസ്തുക്കളില്‍ ആനന്ദം തേടുന്നതും ഇതില്‍നിന്നും ഭിന്നമല്ല. നമ്മള്‍ കരുതും ആനന്ദം ഭൗതികവസ്തുക്കളില്‍നിന്നുമാണ് ലഭിക്കുന്നതെന്ന്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നുവീഴും. ആനന്ദം ഉള്ളിലാണ്, പുറത്തല്ല. അതിനെ ആശ്രയിച്ചാലേ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കൂ. പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ട്. ഭൗതീകം വേണ്ട എന്നമ്മ പറയുന്നില്ല. ഓരോന്നിന്റെയും പ്രയോജനം മനസ്സിലാക്കി അതിനനുസരിച്ച് സ്ഥാനമേ അവയ്‌ക്കു ജീവിതത്തില്‍ നല്‍കാവൂ എന്നുമാത്രം. അനാവശ്യചിന്തകളും പ്രതീക്ഷകളും ആണ് തെറ്റ്.െ
















