കോട്ടയം: ജില്ലയെ സമ്പൂര്‍ണ മാലിന്യരഹിതമാക്കുമെന്ന് പ്രഖ്യാപിച്ച് ശുചിത്വ കോട്ടയം പദ്ധതി ആരംഭിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇന്നും നഗരഹൃദയം മാലിന്യപൂരിതമാണ്. കഴിഞ്ഞ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വ കോട്ടയം പദ്ധതി ആരംഭിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശീമാട്ടി ജങ്ഷനു സമീപത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കെട്ട് നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തില്‍ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനവും ചെയ്തു. എന്നാല്‍ നഗരത്തിന്റെ ഇടവഴികളിലെ ഒഴിഞ്ഞ പറമ്പുകളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുകയാണ്.
തിരുനക്കര പാലസ് റോഡിനു സമീപത്തെ ഇടവഴിയിലെ ഒഴിഞ്ഞ പറമ്പില്‍ മാലിന്യ നിക്ഷേപത്തിന്റെ വന്‍ ശേഖരമാണുള്ളത്. നിരവധി വീടുകളുള്ള ഇവിടെ മഴക്കാലം കൂടി ആരംഭിക്കുന്നതോടെ മാലിന്യകൂമ്പാരം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇടക്കിടെ മാലിന്യക്കൂമ്പാരത്തിനു തീയിടുന്നത് പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലപ്പോഴും അഗ്നിശമനസേനയെത്തിയാണ് തീയണയ്ക്കുന്നത്.
പുളിമൂട് ജങ്ഷനടുത്തുള്ള എല്‍ഐസി ഓഫീസിന് എതിര്വശത്തെവിജനമായ പറമ്പും മാലിന്യങ്ങളുടെ ശ്മശാന ഭൂമിയായി മാറുന്നു. പകല്‍ സമയത്തും ഇവിടെ മാലിന്യങ്ങളിട്ട് കത്തിക്കുന്നത് വാഹനയാത്രക്കാര്ക്കടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതേപോലെ നഗരത്തിന്റെ പലയിടങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നയിടങ്ങളായി മാറിയിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: