554. രാധാ രാസേശ്വരീഃ – രാസേശ്വരിയായ രാധ. രാധ എന്ന 550-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക. രസിപ്പിക്കുന്നതെന്തും രാസമാണ്. ഗോലോകത്തില്‍ ലോകമാതാവായ രാധ ഭഗവാന്‍ ശ്രീകൃഷ്ണനുമായി ചേര്‍ന്നു നടത്തുന്ന അനാദിയും അനന്തവുമായ രാസനൃത്താണ് മുഖ്യമായി ഇവിടെ സൂചിപ്പിക്കുന്നത്.
ഉപാസകപക്ഷത്തില്‍ ജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാ രസങ്ങള്‍ക്കും ഈശ്വരിയായി വര്‍ത്തിക്കുന്ന രാധാദേവി എന്ന വ്യാഖ്യാനവും സ്വീകരിക്കാം. സമൂഹജീവിയായ മനുഷ്യന്‍ രസം എന്നു കരുതുന്ന ഏതും തന്നു രസിപ്പിക്കാന്‍ ദേവികാരുണ്യത്തിനു കഴിയുമെന്നതുകൊണ്ട് ദേവി രാസേശ്വരിയാണ്.
555. ഗോപീമണ്ഡലനായികാഃ – ഗോപസ്ത്രീകളുടെ സമൂഹത്തിനു നായികയായവള്‍. രാസലീലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഗോപികമാരുടെ സമൂഹത്തിന്റെ നേതൃത്വം രാധാദേവിക്കാണ്. ഗോപികമാര്‍ രാധാദേവിയുടെ വിഭൂതികള്‍ മാത്രമാണെന്ന് മുമ്പു പറഞ്ഞു.
556. കൃഷ്ണപ്രാണാധികാഃ – കൃഷ്ണന് തന്റെ പ്രാണനെക്കാള്‍ പ്രിയപ്പെട്ടവള്‍. ഈ നാമം കൃഷ്ണനെയും രാധയെയും മനുഷ്യരുടെ നിലവാരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗോലോകത്തിലെ കൃഷ്ണനും രാധയ്‌ക്കും നമ്മെപ്പോലുള്ള വികാരങ്ങളും ഒക്കെയുണ്ടെന്നു സങ്കല്‍പിക്കുകയാണു നമുക്കു സൗകര്യം.
സൗന്ദര്യലഹരി ഒന്നാം ശ്ലോകത്തില്‍ ശക്തി സഹിതനല്ലാത്ത ശിവനു സ്പന്ദിക്കാന്‍പോലും കഴിവുണ്ടാകുകയില്ല എന്നു പറഞ്ഞാണു ശങ്കരാചാര്യര്‍ സ്‌തോത്രം ആരംഭിക്കുന്നത്. അതുപോലെയാണ് ഇവിടെ ”കൃഷ്ണന്റെ പ്രാണാധികാ” എന്ന പ്രയോഗവും. ശിവനും ശക്തിയും രണ്ടു വ്യക്തികളല്ല. ഒരേ ചൈതന്യത്തിന്റെ രണ്ടു ഭാവങ്ങളാണ്. അതേ ചൈതന്യത്തിന്റെ മറ്റു രണ്ടു ഭാവങ്ങളാണു കൃഷ്ണനും രാധയും. വേര്‍പിരിക്കാനാകാത്ത പരസ്പരബന്ധത്തെ അവിനാഭാവബന്ധം എന്നുപറയും. കൃഷ്ണനുണ്ടെങ്കില്‍ രാധയുമുണ്ട്. കൃഷണനില്ലെങ്കില്‍ രാധയുമില്ല. രാധയില്ലെങ്കില്‍ കൃഷ്ണനുമില്ല എന്ന മട്ടിലുള്ള ബന്ധം. പ്രകൃതിയും പുരുഷനും തമ്മിലുള്ള ബന്ധമാണ് കൃഷ്ണനും രാധയ്‌ക്കും തമ്മിലുള്ളത്. നമ്മുടെയൊക്കെ ശരീരത്തിലെപ്പോലെ പഞ്ചപ്രാണങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശരീരമാണ് ഭഗവാനുള്ളതെന്നു മനസ്സിലാക്കേണ്ടതില്ല.
വൃന്ദാവനത്തിലെ കൃഷ്ണന്റെ രാധ കൃഷ്ണന്റെ പ്രാണാധികയാണെന്ന് നമ്മുടെ സ്ത്രീപുരുഷബന്ധസങ്കല്‍പങ്ങള്‍ വച്ചു തന്നെ പറയാം.
… തുടരും
















