കോട്ടയം: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടത്താന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ത്ഥ്യം മന്ത്രി ഇരുന്ന വേദിയില്‍ പരസ്യമായി പറഞ്ഞതിന് കോട്ടയം ഡിടിഒ ജോര്‍ജ് തോമസിന് സസ്പെന്ഷന്. കഴിഞ്ഞ 9ന് പാലാ ഡിപ്പോയിലെ മൂന്നു ജന്റം സര്‍വ്വീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഡിടിഒയുടെ വെളിപ്പെടുത്തല്‍. സ്വാഗതപ്രാസംഗികനായ ഡിടിഒ ജീവനക്കാരുടെ കറവ് പൊന്‍കുന്നം തൊടുപുഴ ചെയിന്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നുവെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പാലാ ഡിപ്പോയിലെ ജീവനക്കാരുടെ കുറവുനിമിത്തം പഴയ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിക്കൊണ്ടാണ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുന്നതെന്നും നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് എന്നീ വിഭാഗം ജീവനക്കാരുടെ കുറവുണ്ടെന്നും പൊതുവേദിയില്‍ കോര്പറേഷന് അപമാനകരമാം വിധം പരാമര്‍ശനം നടത്തിയെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വ്യാഖ്യാനം. കോര്‍പറേഷനിലെ ഉന്നതപദവി വഹിക്കുന്നതും കോര്‍പറേഷന്റെ പ്രതിനിധിയുമായുള്ള ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വകുപ്പുതലത്തില്‍ ഫലപ്രദമായി വിഷയം പരിഹരിക്കുന്നതിനു പകരം മന്ത്രി പങ്കെടുത്ത പൊതുവേദിയില്‍ വിമര്‍ശിച്ച് സര്‍വ്വീസ് ഓപ്പറേഷന് കാര്യക്ഷമമല്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം നടത്തിയത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിടിഒ ജോര്‍ജ് തോമസിനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സ സ്പെന്‍ഡ് ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: