കോട്ടയം: കോട്ടയത്തെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന് ആരംഭിച്ച ശുചിത്വ കോട്ടയം പദ്ധതിയുടെ നടത്തിപ്പ് വര്ഗ്ഗീയവല്ക്കരിച്ചതായി ആക്ഷേപം.പദ്ധതിയുടെ മുന്നൊരുക്കമായി തിരുനക്കരയില്‍ ശുചിത്വ ദീപം തെളിയിക്കല്‍ ചടങ്ങില്‍ ക്രിസ്ത്യന്‍ മുസ്ലിം മതനേതാക്കന്മാരെ പങ്കെടുപ്പിച്ചപ്പോള്‍ ഹൈന്ദവനേതാക്കളേയോ മഠാധിപതികളേയോ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി പൂര്‍ണ്ണമായും ക്രൈസ്തവമുസ്ലീം മതനേതാക്കളുടെ പരിപാടിയായി മാറ്റുകയായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മതാധ്യക്ഷന്മാരായ മാര്‍ ജോസഫ് പെരുന്തോട്ടം, കുര്യാക്കോസ് മാര്‍ സിവേറിയോസ്, ഇമാം താഹാ മൗലവി എന്നിവര്‍ ശുചിത്വ സന്ദേശം നല്കി. കോട്ടയം ജില്ലയില്‍ നിരവധി സന്യാസി മഠങ്ങളും സന്യാസി ശ്രേഷ്ഠന്മാരും ഹൈന്ദവ നേതാക്കളും ഉണ്ടായിട്ടും അവരെ ആരേയും ചടങ്ങില്‍ പങ്കടുപ്പിക്കാതെ ക്രൈസ്തവ മുസ്ലീം മതനേതാക്കളേ മാത്രം പങ്കെടുപ്പിച്ചത് വിവാദമായിട്ടുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്. സന്തോഷ് രചിച്ച് ആലപ്പി രങ്കനാഥ് സംഗീതം നല്കിയ ശുചിത്വ സന്ദേശ ഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശുചിത്വ സന്ദേശ ഗാനത്തിന്റെ സിഡി പ്രകാശനം ആന്റോ ആന്റണി എംപിയും ഡോ. റോയ് പോളും ചേര്‍ന്ന് നിര്‍വഹിച്ചു. അക്ഷര നിറവ് ഇനി ശുചിത്വസുന്ദരം എന്ന സന്ദേശം ആലേഖനം ചെയ്ത ശുചിത്വ കോട്ടയം ലോഗോ ജോയ് എബ്രാഹം എംപി പ്രകാശനം ചെയ്തു. എംഎല്‍എമാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, സുരേഷ് കുറുപ്പ്, കെ. അജിത്ത് എന്നിവര്‍ ആശംസ നേര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്മാന് കെആര്‍ജി വാര്യരും മതാധ്യക്ഷന്മാരും ചേര്‍ന്ന് ശുചിത്വത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി. ജില്ലാ കളക്ടര്‍ യു.വി. ജോസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം നന്ദിയും പറഞ്ഞു.
ജസ്റ്റിസ് കെ.റ്റി തോമസ്, ജില്ലാ ജഡ്ജി ലക്ഷ്മണന്, മഹാത്മാ ഗാന്ധി സര്‍വകലാകാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ജില്ലാ പോലീസ് മേധാവി എംപി ദിനേശ്, മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാരായ കുര്യാക്കോസ് പടവന് (പാല), ശ്രീലത ബാലചന്ദ്രന് (വൈക്കം), കൃഷ്ണകുമാരി രാജശേഖരന് (ചങ്ങനാശ്ശേരി), തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറോടൊപ്പം എഡിഎം ടിവി സുഭാഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എഡിസി ജനറല്‍ മുഹമ്മദ് ജാ, സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചടങ്ങുകള്‍ക്ക് മുന്നോടിയായി ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളുടെയും 11 ബ്ലോക്കു പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷന്മാര് സഹപ്രവര്‍ത്തകരോടൊപ്പം വേദിക്കു മുന്നില്‍ ഒരുക്കിയ ദീപങ്ങള്‍ തെളിച്ചു. ജില്ലാ പഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം, അംഗങ്ങളായ അഡ്വ ഫില്‍സണ്‍ മാത്യൂസ്, സാലി ജോര്‍ജ്, മറ്റ് അംഗങ്ങള്‍ എന്നിവരും ചേര്‍ന്ന് ദീപം തെളിയിച്ചു. ചടങ്ങുകള്‍ക്ക് അവസാനം മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: