ജീവിച്ചിരിക്കുന്ന ഒരു ഗുരുവുണ്ടെങ്കില്‍ എന്താണ് ആവശ്യമെന്ന് അദ്ദേഹം അറിയുകയും മനസ്സിലാക്കുകയും ചെയ്യും. ഒരാള്‍ക്ക് ഏതു തരത്തിലുള്ള സമ്മിശ്രമാണ് ആവശ്യമെന്ന് അദ്ദേഹം നോക്കി മനസ്സിലാക്കും. ഓരോരുത്തര്‍ക്കും വേണ്ടതരത്തില്‍ അദ്ദേഹം അവ കൂട്ടിച്ചേര്‍ക്കും. ഓരോ ആളോടും അദ്ദേഹം പറയും, ‘താങ്കള്‍ക്ക് ഇത്ര പ്രവര്‍ത്തനങ്ങള്‍, ഇത്ര ധ്യാനം’, എന്ന്. ഈ ആശ്രമത്തിലുള്ള എല്ലാ ആളുകളും ഒരേ അളവിലുള്ള ജോലിയോ ഒരേ അളവിലുള്ള ധ്യാനമോ അല്ല അനുഷ്ഠിക്കുന്നത്.
അവരുടെ പ്രകൃതിക്കനുസൃതമായി വിവിധതരത്തിലുള്ള ധ്യാനവും വിവിധ തരത്തിലുള്ള പ്രവൃത്തികളുമാണ് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളത്. ഒരാള്‍ തന്റെ പ്രകൃതിയെ നിഷേധിച്ച് അതിനെതിരായി നീങ്ങുവാന്‍ പാടുള്ളതല്ല. പൊതുവായ ഒരു അനുശാസനം പ്രാവര്‍ത്തികമല്ല. അത് ആളുകളെ പീഡിപ്പിക്കാനേ ഉതകൂ. പ്രബോധോദയം അവിടെ ഉണ്ടാവുകയില്ല. അത് സാധ്യവുമല്ല. ആത്മീയതയുടെ പേരില്‍ ലോകത്തെല്ലായിടത്തും പീഡനം സംഭവിച്ചിട്ടുണ്ട്. തൊണ്ണൂറുശതമാനവും പീഡനം തന്നെ.
അടിസ്ഥാനപരമായ ധാരണപോലുമില്ലാതെ, തന്റെ പ്രകൃതിക്ക് എതിരായി നീങ്ങുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമാണിങ്ങനെ സംഭവിക്കുന്നത്. അത് പ്രാവര്‍ത്തികമാവുകയില്ല. നിങ്ങള്‍ പ്രകൃതിയുടെ അടിമകളാകണമെന്നല്ല, മറിച്ച് പ്രകൃതിക്കതീതരാകുകയാണ് വേണ്ടത്. അതുമായി യുദ്ധമല്ല, മറിച്ച് അതിനെ ധാരണയോടും, അവബോധത്തോടെയും സമീപിക്കുകയാണ് വേണ്ടത്.
















