രാമാ ഇക്കാണുന്ന ജഗത്തും വസ്തുജാലങ്ങളും വാസ്തവമല്ല. ചിത്തുമാത്രമേ സത്യമായുള്ളൂ. അത് സൂക്ഷ്മാല്‍ സൂക്ഷ്മവും, ശാന്ത, ശുദ്ധ, സൗമ്യവുമാണ്. ആത്മജ്ഞാനികള്‍ ഒരു വസ്തുവിനെ ഏതു വിധത്തില്‍ ഭാവന ചെയ്യന്നുവോ അവരുടെ ദൃഢ ഭാവനനിമിത്തം ആ വസ്തു അപ്രകാരം തന്നെ കാണപ്പെടുന്നു.
സത്യഭാവത്തില്‍ ദേഹത്തെ ദര്‍ശിച്ചാല്‍ അത് ശുദ്ധആകാശ രൂപമായും ഭവിക്കും. അണിമാദി ഐശ്വര്യയുക്തമായ ചൂഢാല ഈ ദൃശ്യാഭ്യാസം കൊണ്ട് ആകാശമാര്‍ഗ്ഗത്തിലുയര്‍ന്ന് വിശുദ്ധയായ ഗംഗാ നദിപോലെ ഭൂമി, സ്വര്‍ഗ്ഗ, പാതാളങ്ങളില്‍ സൈ്വരവിഹാരം ചെയ്ത് സൂഖിച്ചു ഭര്‍ത്താവായ ശിഖിദ്ധ്വജന് ഈ രഹസ്യങ്ങളൊന്നും മനസ്സിലായതുമില്ല.
സിദ്ധയോഗിയായ ചൂഢാല ഇത്രയധികം പണിപ്പെട്ടിട്ടും ശിഖിദ്ധ്വജന് ജ്ഞാനസിദ്ധിയുണ്ടായില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എങ്ങിനെയാണ് ലഭിക്കുക എന്ന് രാമന് ഒരു സംശയം ഉടലെടുത്തു. രാമന്റെ സംശയനിവാരണത്തിനായി മഹര്‍ഷി പറഞ്ഞു.
രാമാ ഉപദേശത്തെക്കാള്‍ ആത്മ സാക്ഷാത്കാരത്തിന് ഉപയോഗപ്രദമായിട്ടുള്ളത് ശിഷ്യന്റെ ബുദ്ധിശക്തിയാണ്. ശാസ്‌ത്രോപദേശം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് തീവ്രമായ അന്വേഷണംകൊണ്ടാണ് ആത്മജ്ഞാനം പ്രാപ്തമാക്കേണ്ടത്.
ശിഖിദ്ധ്വജനും രാജ്യസുഖങ്ങള്‍ ക്രമേണമടുപ്പുളവാക്കുകയും വനത്തിലേക്ക് തപസ്സിനായി പോകണമെന്നുള്ള തന്റെ ആഗ്രഹത്തെ ചൂഡാലയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴതിന്ന് സമയമായില്ലെന്നായിരുന്നു പത്‌നിയുടെ മറുപടി. എന്നാല്‍ ശിഖിദ്ധ്വജനാകട്ടെ രാത്രി പത്‌നി ഉറങ്ങിയപ്പോള്‍ ”ഹേ അല്ലയോ വിവേകശൂന്യയായ രാജലക്ഷ്മി ഇന്നോളം എന്നെ വ്യാമോഹിപ്പിച്ച ഭവതിക്ക് നമസ്‌കാരം എന്ന് പറഞ്ഞ് വനാന്തരം പ്രാപിച്ചു. നടന്നുനടന്ന് മന്ദാരഗിരിയുടെ താഴ്‌വരയില്‍ ഇരച്ചൊഴുകുന്ന നീര്‍ച്ചാലുകളാല്‍ ചുറ്റപ്പെട്ട കുളങ്ങളുള്ളതും പൂജാമണ്ഡപങ്ങള്‍ ബലിത്തിട്ടകള്‍ ഇവയുടെ അവശിഷ്ടങ്ങള്‍ ഉള്ളതും, ക്ഷുദ്രപ്രാണിവര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതും, സിദ്ധസംഗങ്ങള്‍ അധിവസിക്കുന്ന ലതാഗൃഹങ്ങളാല്‍ പരിലസിതവുമായ ആ താഴ്‌വരയില്‍ ഒരു പര്‍ണ്ണശാലകെട്ടി നിത്യവൃതചര്യകളോടെ താമസം തുടങ്ങി.
ചൂഢാല ഉണര്‍ന്നു നോക്കുമ്പോള്‍ രാജാവിനെ കണ്ടില്ല. യോഗസിദ്ധിയാല്‍ അന്വേഷിക്കുകയും കാനനത്തില്‍ കണ്ടെത്തുകയും ചെയ്തു. പക്ഷെ ദര്‍ശനം നല്‍കാന്‍ സമയമായില്ലെന്ന് ചിന്തിച്ച്. ആകാശമാര്‍ഗ്ഗേണ കൊട്ടാരത്തില്‍ തിരിച്ചെത്തി, രാജ്യപരിപാലനം യഥാവിധി നിര്‍വഹിച്ചു. പതിനെട്ടു സംവത്സരം പൂര്‍ത്തിയായപ്പോള്‍ ഭര്‍തൃസമീപത്തെത്താന്‍ സമയമായെന്ന് തീരുമാനിച്ച് ചൂഢാല ആകാശമാര്‍ഗ്ഗേണ ശിഖിദ്ധ്വജാശ്രമപ്രാന്തത്തിലെത്തി.
ധ്യാനശക്തിയാല്‍ ഒരു ബ്രാഹ്മണകുമാരന്റെ വേഷം ധരിച്ച് ശിഖിദ്ധ്വജന്റെ മുമ്പില്‍ പ്രത്യക്ഷമായി നിലം തൊടാതെ നിന്നു. ആഗതന്റെ നിലം തൊടാതെയുള്ള നില്‍പ്പുകണ്ട് ആശ്ചര്യഭരിതനായ രാജവ് എഴുന്നേറ്റ് തന്റെ മെതിയടികള്‍ അഴിച്ചു വെച്ചു വിനീതനായിനമസ്‌കരിച്ചും കൊണ്ടു പറഞ്ഞു ദേവപുത്രാ അങ്ങേക്ക് നമസ്‌കാരം ഈ ആസനത്തില്‍ എഴുന്നള്ളി ഇരുന്നാലും എന്ന് സല്‍ക്കാരവചനങ്ങള്‍ ചൊരിഞ്ഞു.
രാജര്‍ഷേ അങ്ങേക്ക് നമസ്‌കാരം എന്ന് പ്രീതി വന്ദന വചസ്സോടെ ആഗതബ്രാഹ്മണന്‍ ആസനസ്ഥനായി. മഹാത്മാവേ അങ്ങ് ഏതു പുണ്യദേശത്ത് നിന്നാണ്? അങ്ങയുടെ ദര്‍ശനത്താല്‍ എന്റെ ജന്മം സഫലമായി എന്നീ ഉപചാരവാക്കുകളോടെ തന്റെ അതിഥിയെ രാജാവ് അര്‍ഘ്യമാല്യ പുഷ്പാദികളാല്‍ പൂജിച്ചു.
അങ്ങയുടെ ഈ വിനയം അങ്ങേക്ക് ചിരം ജീവിതത്തെ പ്രദാനം ചെയ്യുന്നു. സങ്കല്പത്യാഗത്തോടെ ശാന്തമനസ്സനായി മോക്ഷസാധകമായ തരത്തില്‍ ഉദാരവും മഹത്തരവുമായ തപസ്സ് അങ്ങ് അനുഷ്ഠിക്കുകയാണല്ലോ? സിംഹാസനവും കിരീടവുമുപേക്ഷിച്ചുള്ള താപസനായ അങ്ങയുടെ ഈ തപസ്സ് അസിധാരവ്രതത്തിനു തുല്യമാണ്. സുന്ദരിമാരുമായി ക്രീഡയില്‍ കഴിഞ്ഞു കൂടുന്ന യുവാക്കള്‍ക്ക് മനസ്സിനെ ബലാല്‍ക്കരേണ നിസ്സംഗമാക്കി സൂക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അതിനാണ് അസിധാരാവ്രതമെന്ന് പറയുന്നത്. ഇതിനുമറുപടിയായി ശിഖിദ്ധ്വജന്‍ പറഞ്ഞു സര്‍വജ്ഞത്വത്തെ വിളിച്ചോതുന്ന സര്‍വോത്തമമായ ലക്ഷണശ്രീകള്‍ തികഞ്ഞ അങ്ങ് സര്‍വവും ഗ്രഹിച്ചിരിക്കുന്നു എന്നതില്‍ വിസ്മയമില്ല.
ജ്ഞാനപ്രകാശമായ ആത്മതത്ത്വം അവിടുന്ന് എനിക്കു പദേശിച്ചു തരണം.രാജാവേ സുഖ ദു:ഖങ്ങളുടെ സങ്കല്പസ്ഫുരണമായ ജീവന്‍ സ്ഫുരിക്കാതിരിക്കുന്നതാണ് മോക്ഷം. വിശുദ്ധമായ പരമബ്രഹ്മാനുഭൂതിയാല്‍ സുഖ ദു:ഖങ്ങള്‍ അസത്യമെന്ന ബോധം ഉദിര്‍ക്കുന്ന ജ്ഞാനി ജീവമുക്തനാണ്. ജഗത്ത് ബ്രഹ്മമാണെന്നുള്ള ദൃഢനിശ്ചയം കൈവരിച്ചാല്‍ ജീവന്‍ നിര്‍വാണ പദം പ്രാപിക്കുന്നു. വാസനകളകറ്റി ധര്‍മ്മാധര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെടാതിരുന്നാല്‍ ജീവന്റെ ജന്മപാശം നശിക്കുന്നു.
കര്‍മ്മാനുഷ്ഠാനം കൊണ്ട് മനഃശാന്തിയോ സന്തോഷമോ ലഭ്യമല്ല. അതെല്ലാം കാലക്ഷേപത്തിന്നുള്ള വിനോദങ്ങള്‍ മാത്രമാണ്. ജ്ഞാനം മാത്രമാണ് പരമമായസുഖസാധനവും മോക്ഷവും. ആത്മജ്ഞാനം ലഭിക്കാത്തവര്‍ക്ക് കര്‍മ്മങ്ങള്‍ പരഗതിക്ക് കാരണമാകുന്നു. ജ്ഞാനികള്‍ക്കാകട്ടെ വാസനാബന്ധമില്ലാത്തതിനാല്‍ കര്‍മ്മങ്ങള്‍ക്ക് ഫലസിദ്ധി ഉണ്ടാകുന്നില്ല. സര്‍വം ബ്രഹ്മം എന്നുള്ള ഭാവനയോടെ അജ്ഞാനനാശം ഭവിക്കുന്ന അഭിജ്ഞന്മാര്‍ക്ക് വാസനകള്‍ ഉണ്ടാകുന്നില്ല. വാസന നശിച്ചാല്‍ തന്നെ ജീവന്‍ ജരാമരണ വര്‍ജ്ജിതവും ജന്മവൃത്തി രഹിതവുമായ പരമപദമായിഭവിക്കുന്നു. വാസനയോടുകൂടിയ മനസ്സിനെ ജ്ഞാനമെന്നും അല്ലാത്തത് ജ്ഞേയമെന്നും പറയപ്പെടുന്നു. ജ്ഞാനത്താല്‍ ജ്ഞേയത്തെ പ്രാപിക്കുന്ന ജീവന് ജനനമരണങ്ങള്‍ സംഭവിക്കുന്നില്ല.
ജ്ഞാനം കൊണ്ടുമാത്രമേ സംസാരസമുദ്രത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ബോധ്യപ്പെട്ട രാജാവ് ആനന്ദാശ്രുക്കളോടെ പറഞ്ഞു. അല്ലയോ ദേവപുത്ര അങ്ങയുടെ കാര്യണ്യത്താല്‍ വളരെകാലങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ എനിക്ക് ജ്ഞാനോദയം ലഭിച്ചു. സജ്ജനസംഗം ചെയ്യാതെ ഇതുവരെ കാട്ടിലിരുന്ന് കാലം കഴിച്ചു കൂട്ടിയ എനിക്ക് അങ്ങയുടെ ആഗമനത്താല്‍ ജ്ഞാനം ലഭിക്കുകയും എന്റെ പാപങ്ങള്‍ നശിക്കുകയും ചെയ്തിരിക്കുന്നു. അങ്ങെന്റെ ഗുരുവാണ്, പിതാവാണ്, ബന്ധുവാണ് ഈ ശിഷ്യന്‍ ഇതാ അങ്ങയുടെ പാദങ്ങളില്‍ നമസ്‌കരിക്കുന്നു. ഏതൊന്നാണോ ഉല്‍കൃഷ്ടമായത് ഏതറിഞ്ഞാല്‍ ദു:ഖമില്ലയോ ആ ബ്രഹ്മതത്ത്വം എനിക്കുപദേശിച്ചാലും.
രാജാവേ ബ്രഹ്മതത്ത്വവും മോക്ഷമാര്‍ഗ്ഗവും പ്രതിപാദിക്കുന്നതിന്നു മുമ്പ് ഒരു അദ്ഭുതകരമായ ഇതിഹാസം പറയാം ശ്രവിക്കുക. പണ്ട് സര്‍വഗുണ സമ്പന്നനും ശാസ്ത്രാര്‍ത്ഥ വിശാരദനുമായ ഒരു രാജകുമാരനുണ്ടായിരുന്നു. ആത്മജ്ഞാനം ലഭിച്ചിട്ടില്ലാത്ത അദ്ദേഹം കാമധേനുവിനെപ്പോലെ സര്‍വാഭിഷ്ടങ്ങളും സാധ്യമാക്കിത്തരുന്ന ‘ചിന്താമണി’ എന്ന രത്‌നംകൈവശപ്പെടുത്താന്‍ കഠിനമായി യത്‌നിച്ചു. ഒടുവില്‍ കൈകൊണ്ട് എത്തിപ്പിടാക്കാവുന്ന ദൂരത്തില്‍ രത്‌നം പ്രത്യക്ഷപ്പെട്ടു. ഇതു കണ്ടപ്പോള്‍ രാജാവ് ചിന്തിച്ചു ഇത്രയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഇത് ചിന്താമണി ആയിരിക്കാന്‍ ഇടയില്ല.
ഏതായാലും ഞാനിതിനെ സ്പര്‍ശിക്കാന്‍ പോകുന്നില്ല. സ്പര്‍ശിച്ചാല്‍ ഒരു പക്ഷേ ആപത്തുകള്‍ക്കിടയായേക്കും അല്ലാതെ സര്‍വ്വസിദ്ധി പ്രധാനമായ മണിയായിരുന്നെങ്കില്‍ ഇത്രവേഗം കൈവരാന്‍ ന്യായമില്ല. രാജാവ് ഇങ്ങനെ ചിന്തിച്ചിരിക്കവെ ആ മണിപെട്ടന്ന് മറഞ്ഞു. അപ്പോള്‍ രാജാവിന് ദു:ഖം ഇരട്ടിച്ചു താന്‍ കണ്ടത് യഥാര്‍ത്ഥമണിയായിരുന്നോ? തന്റെ മൂഢത്വംകൊണ്ട് സൗഭാഗ്യം നഷ്ടമായി എന്ന് പരിതപിച്ച് വീണ്ടും ചിന്താമണിക്കായി യത്‌നം ആരംഭിച്ചു.
രാജാവിന്റെ ഈ പരിഭ്രമം മനസ്സിലാക്കിയ സിദ്ധന്മാര്‍ മിനിപ്പുള്ള തിളങ്ങുന്ന ഒരു കല്ല് രാജാവിന്റെ മുമ്പില്‍ ഗൂഢമായി വെച്ചുകൊടുത്തു. ഹാ… കിട്ടിപ്പോയി എന്ന സന്തോഷത്താല്‍ രാജാവ് ആ കല്ലുമെടുത്ത് വനാന്തരം പ്രാപിച്ചു. സര്‍വസിദ്ധികളും ലഭിക്കണമെന്നും, സമ്പന്നനും സൗഭാഗ്യവാനുമാകാമെന്നും മനക്കോട്ട പടുത്തുയര്‍ത്തിയ രാജാവിന് ആ കല്ലുകൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല മാത്രമല്ല തന്റെ രാജ്യവും ധനവും അത്യാഗ്രഹംകൊണ്ട് നഷ്ടമാവുകയും ചെയ്തു.
… തുടരും
















