ന്യൂദല്‍ഹി: വിദേശഫണ്ട് സ്വികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എഫ്സിആര്‍എ നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം.
സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഭിക്കുന്ന വിദേശ ധനസഹായം ഉപയോഗിച്ച് എന്‍ജിഒകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഫോര്‍ഡ് ഫൗണ്ടേഷന്, ഗ്രീന്‍പീസ് തുടങ്ങിയവയ്ക്ക് വിദേശത്തു നിന്നും ധനസഹായം സ്വീകരിക്കുന്നതിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഫ്സിആര്‍എ നിയമം ജൂണ്‍ 15 മുതല്‍ കര്‍ശനമാക്കാന്‍ പിഎംഒ ആഭ്യന്തര മന്ത്രാലയത്തിനോടാവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം ആഭ്യന്തര സെക്രട്ടറി എല്‍. സി. ഗോയലിന് കൈമാറിയിട്ടുണ്ട്. കൂടാതെ വിദേശഫണ്ടുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം കൊണ്ടുവരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശഫണ്ട് സ്വീകരിക്കുന്നവര്‍ അവരുടെ ധനവിനിയോഗം സംബന്ധിച്ച് നിര്‍ബന്ധമായും കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. വിദേശഫണ്ട് സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ വിശദവിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് ബോധിപ്പിക്കേണ്ടതാണെന്നും പിഎംഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കു നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. 2010ലാണ് എഫ്സിആര്‍എ നിയമം പ്രാബല്യത്തില്‍ വന്നത്. എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: