550. രാധാ – രാധാദേവി. ഗോലോകത്തില്‍ കൃഷ്ണന്റെ ശക്തിയായി വിരാജിക്കുന്ന ലോകമാതാവ്. മഹാലക്ഷ്മിയായും മഹാസരസ്വതിയായും മഹാകാളിയായും മറ്റനേകം ദേവീമൂര്‍ത്തികളായും രൂപം പൂണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചുരക്ഷിക്കുന്ന പരാശക്തിയാണു രാധ. ‘രാധാ’ എന്ന രണ്ടക്ഷരങ്ങളുളള മന്ത്രം സര്‍വാര്‍ത്ഥസിദ്ധിദമാണെന്നു തന്ത്രശാസ്ത്രം. ‘രാധ’ എന്ന പദത്തെ ആചാര്യന്മാര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നു. ചിലതു പരിശോധിക്കാം.
”രാ ഇതി ദാനവചനോ ധാ ച നിര്‍വാണ വാചകഃ” (‘രാ’ ദാനത്തെയും ”ധാ” നിര്‍വാണത്തെയും കുറിക്കുന്നു.) ബ്രഹ്മാണ്ഡപുരാണത്തിലെ ഈ നിര്‍വചനം രാധ നിര്‍വാണം തരുന്ന ദേവിയാണെന്നു വ്യക്തമാക്കുന്നു.
”രാധ്യതേ പൂജ്യതേ ഇതി രാധാ” (പൂജിക്കപ്പെടുന്നവളാകയാല്‍ രാധ) എന്ന് ലിംഗസൂരി എന്ന ആചാര്യന്‍ രാധാ ശബ്ദത്തെ നിര്‍വചിക്കുന്നു. ത്രിമൂര്‍ത്തികളും സുരാസുരന്മാരും മനുഷ്യരും ഉള്‍പ്പെടെ എല്ലാവരാലും ആരാധിക്കപ്പെടുന്നവളാണു ദേവി.
ബ്രഹ്മവൈവര്‍ത്തകപുരാണം ”രാസേ സാ ദധാവ ഹരേഃ പുരഃ തേന രാധാ” (രാസക്രീഡയില്‍ ഹരിക്കു മുമ്പ് ഓടിയവളാകയാല്‍ രാധ) എന്നു നിര്‍വചിക്കുന്നു. പ്രകൃതി പുരുഷയോഗരൂപമായ പ്രപഞ്ചോത്പത്തിയുടെ പ്രതീകമാണ് ഭാഗവതപ്രസിദ്ധമായ രാസലീല. അതില്‍ ഭഗവാനു പുരോഗാമിനിയാകയാല്‍ ദേവിക്കു രാധ എന്നപേര്.
ഇങ്ങനെ പലവിധത്തില്‍ നിര്‍വചിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന രാധാദേവിയുടെ ദൃശ്യരൂപമാണ് മൂകാംബികാദേവി.
… തുടരും
















