നാലാളെ അറിയിച്ചും നാടൊട്ടുക്കും വിളിച്ച് അതികേമമായി നടത്തിത്തീര്‍ക്കേണ്ട മകളുടെ വിവാഹം എങ്ങനെ നടത്തും എന്നോര്‍ത്ത് തീതിന്നുന്ന രക്ഷിതാക്കളെയാണ് നാം കണ്ടിരുന്നത്. ഇന്ന് അതിലും വലിയ പുകിലാണ് അതിനുശേഷം വന്നുചേരുന്നത്. മനസമാധാനം എന്ന ഒന്ന് ഇവര്‍ക്കുണ്ടാകില്ല. കുടുംബത്തിന് ചേര്ന്നവിധമാവണം,കുട്ടികളുടെ മനസ്സും ചേരണം.
വിവാഹം ഒരുവിധം മംഗളമായിത്തീര്ന്നാല് കുറച്ചു സമാധാനമായി. തുടര്‍ന്നങ്ങോട്ടുള്ള ജീവിതമാണ് പ്രധാനം.
ഏതുനിമിഷവും എന്തും സംഭവിക്കാം, ഒരഗ്നി പര്‍വതം കണക്ക് പൊട്ടാന്‍ കാത്തിരിപ്പാണ്. വിദ്യ കൈവന്നാല്‍ വന്നുചേരേണ്ട വിനയം, ലാളിത്യം തുടങ്ങിയവ ഇന്നത്തെ തലമുറയില്‍ ബഹുഭൂരിപക്ഷത്തിനും കാണാനില്ല. ഒരാളേയും വകവക്കേണ്ടതില്ലെന്നും ആരോടും വലിയ കടപ്പാടില്ല എന്നതുമാണ് ഇന്ന് മിക്കയിടങ്ങളിലും നിഴലിക്കുന്നത്. ഉച്ചവരെ കുഴപ്പമൊന്നും ഇല്ലാതെ സന്തോഷം പങ്കിട്ടിരുന്ന ദമ്പതികള്‍, ഇരുചേരിയായ് നിന്ന് അമ്പെയ്ത്തു തുടങ്ങുവാന്‍ നിസ്സാര സമയം മതി.
മറക്കാനും പൊറുക്കാനും പഠിക്കണം. അതു പഠിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. പരസ്പ്പരം കുറ്റം ആരോപിക്കുന്നത് നിത്യസംഭവമായിരിക്കുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ ജീവിച്ചു തീര്‍ക്കേണ്ടത് കുറച്ചു സമയം മാത്രം. ഇതിനിടയില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ വളരുകയാണ്. തോല്‍വിയും ജയവുമാണ് ഇരുകൂട്ടരുടേയും പ്രശ്നം. വിട്ടുവീഴ്ചയല്ല.
ഒരാളും തീര്പ്പിനുശ്രമിക്കാതെ അഗ്നിയില്‍ നെയ്യുഹോമിക്കാനാണ് ഏവരുടേയും തിടുക്കം. കുടുംബങ്ങളില്‍ സ്വസ്ഥത എന്നത് മരുന്നിനുപോലും ഇല്ലാതായിരിക്കുന്നു.
നിത്യേന വീട്ടില്‍ എല്ലാവരും ചേര്‍ന്നിരുന്ന് ചര്‍ച്ചവേണം. എന്നാല്‍ത്തന്നെ കുറേ സമാധാനം കിട്ടും. ഒരു വീട്ടിലും ഇതൊന്നും പതിവില്ല.നെട്ടോട്ടവും പരക്കം പാച്ചിലുമെല്ലാം കാശു വാരുന്നതിന്നാണ്. ആ തീരുമാനമാണ് തിരുത്തേണ്ടത്. കുടുംബ ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നത് നമ്മുടെ നില്പ്പുറക്കാത്തയാത്രയാലാണ്. ചുറ്റുപാടുമുള്ള അനുഭവങ്ങള്‍, എന്തിന് നമ്മുടെ കുടുംബത്തിലെ അനുഭവങ്ങള്‍ ഇതൊന്നും കൊണ്ട് നമ്മള് പഠിക്കില്ല.
സ്വന്തം കാലില്‍ നില്ക്കാറായാല് പിന്നെന്തിന് പരാശ്രയം. എനിക്കാരുടേയും തുണ വേണ്ടതില്ല. എന്നൊക്കെതോന്നും കുറെ കാശുണ്ടായതുകൊണ്ടൊന്നും ജീവിതമാവില്ല. അനേകം അനുഭവത്താല്‍ പഠിച്ചുതീര്ക്കേണ്ടതാണ് ജീവിതം.സര്‍വ്വ ചരാചരങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് ലോകം. ഇതെല്ലാം ചേര്‍ന്നാലേ നമുക്കെല്ലാം നല്ല അനുഭവങ്ങള്കിട്ടൂ. കുടുംബക്കാര് ചേര്‍ന്നുനിന്ന് വഴക്കിടുന്ന, പരസ്പരം തമ്മില്‍ അടിപ്പിച്ച് തലകീറുന്നതെല്ലാം പതിവ് സീരിയല്‍ കാഴ്ച്ചയാണ്. തെറ്റായ സന്ദേശമാണ് ഇതെല്ലാം ജനങ്ങളിലെത്തിക്കുക.
പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വിവാഹം കഴിച്ചവരുടെ ജീവിതത്തിന് പോലും ഉറപ്പില്ലാതായിരിക്കുന്നു. കട്ടപ്പുറത്തിരിക്കുന്ന വണ്ടിയെപ്പോലെയായ കുടുംബത്തെക്കൊണ്ട് എന്തു പ്രയോജനം മക്കളോടൊപ്പം വ്യസനിക്കുന്ന, പ്രായാധിക്യത്താല്‍ മക്കളുടെ സ്നേഹം കൊതിക്കുന്ന അച്ഛനമ്മമാര്‍ സല്ക്കുടുംബത്തെ മോഹിക്കുന്നതില്‍ എന്തുതെറ്റ്. അത് വരുത്തിത്തീര്‍ക്കാനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്.
ദാരിദ്ര്യത്തിന്റെ ദുരിതക്കയത്തില്നിന്നുംവളര്ത്തിയെടുക്കാന് കഷ്ടപ്പെട്ട കാരണവന്മാരെ സംരക്ഷിക്കുന്നതിന് പകരം നാമിന്ന്ചെയ്തു തീര്‍ക്കുന്നത് പറയാതിരിക്കയാണ് നല്ലത്. മക്കളുടെ തണലില്വസിക്കുന്നതിന്നു പകരം അവര്‍ പണിതകൂട്ടിലാണ് പലരുടേയും അന്തിയുറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: