മലയാളികളുടെയെല്ലാം സ്വകാര്യ അഹങ്കാരമായ വാനമ്പാടി കെ.എസ്. ചിത്രയെ ഒഴിവാക്കിക്കൊണ്ട് മലയാളിയുടെ ഒരു ദിവസം കടന്നുപോകുന്നില്ല. അവരെപ്പോഴും നമ്മുടെ കാതിന്നോരത്തുണ്ട്. അതുകൊണ്ടുതന്നെ പാട്ടിന്റെ ലോകത്തുനിന്നും അല്പനാള് ചിത്ര വിട്ടുനിന്നാലും നമ്മള് അറിയാറുമില്ല. ഇന്നത്തെ അര്‍ത്ഥമില്ലാ പാട്ടുകള്‍ക്കിടയിലും നമുക്കാശ്വാസം ചിത്രയെപ്പോലുള്ളവരുടെ പാട്ടുകളാണ്. ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു മലയാള ചിത്രത്തില്‍ത്തന്നെ മൂന്ന് ഗാനങ്ങള്‍ പാടി കെ. എസ്. ചിത്ര, ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നു.
ആധുനിക സംഗീത-സാങ്കേതിക വിദ്യയില്‍ വിദഗ്ധനും, കീ ബോര്‍ഡ്, സ്റ്റുഡിയോ ഉപകരണങ്ങളുടെ കണ്‍സള്‍ട്ടന്റുമായ ആന്റണി ഏബ്രഹാം, ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ‘’ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം’’ എന്ന ചിത്രത്തിലൂടെയാണ്, കെ. എസ്. ചിത്ര മൂന്ന് വ്യത്യസ്ത ഗാനങ്ങളുമായി എത്തുന്നത്.
കെ. എസ്. ചിത്ര എന്ന ഭാവഗായികയ്ക്ക് മാത്രം പാടാന്‍ കഴിയുന്ന ഗാനങ്ങളാണ് മൂന്ന്ഗാനങ്ങളും. അതുകൊണ്ടാണ്, ചിത്രതന്നെ പാടണമെന്ന നിര്‍ബന്ധം പിടിച്ചതെന്ന് ആന്റണി ഏബ്രഹാം പറയുന്നു. വ്യത്യസ്തമായ, ഒരു ത്രികോണ പ്രണയകഥ അവതരിപ്പിക്കുന്ന ‘ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാല’ത്തില്‍, ഗാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ലളിതവും, പരമ്പരാഗതമായ രീതിയില്‍, അര്‍ത്ഥവത്തായ വരികളും, പഴയകാല മലയാളസിനിമാഗാനങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന, വ്യത്യസ്ത ശൈലിയിലുമുള്ള അഞ്ച് മനോഹരഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുതലമുറ ഈ ഗാനങ്ങള്‍ നെഞ്ചിലേറ്റുമെന്ന് ആന്റണി ഏബ്രഹാം വിശ്വസിക്കുന്നു.
കാര്‍മുകിലേ പുല്‍മേടുകളില്‍
നീ വിതറും മഞ്ഞുതുള്ളികള്‍ പോല്‍
ചിത്രത്തിലെ അനാഥയും, കൗമാര പ്രായക്കാരിയുമായ നായിക അവതരിപ്പിക്കുന്ന ഈ ഗാനം, കെ. എസ്. ചിത്ര, പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമായി കഥാപാത്രത്തിന്റെ പ്രായത്തിനോട് ചേര്‍ന്ന, ശബ്ദവ്യതിയാനങ്ങളോടെയാണ് പാടിയിരിക്കുന്നത്. വളരെ കാലങ്ങള്‍ക്ക് ശേഷം , പൂര്‍ണ്ണമായും സ്റ്റേജില്‍ അരങ്ങേറുന്ന ഒരു ശാസ്ത്രീയ നൃത്തരംഗവും ചിത്രത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശുഭപന്തുവരാളി രാഗത്തില്‍, രാഗഭാവം നിലനിര്‍ത്തിക്കൊണ്ട്, ചില അന്യസ്വരങ്ങളും ചേര്‍ത്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനവും ചിത്രയുടെ മധുരസ്വരത്തില്‍ ആരാധകര്‍ക്ക് കേള്‍ക്കാം.
യുവഗായകരായ, വില്‍സണ്‍ പിറവം, അഞ്ജു ജോസഫ് എന്നിവരെ ഈ ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് പരിചയപ്പെടുത്തുകയും ചെയ്യുന്നു ആന്റണി ഏബ്രഹാം. കുറച്ചു കാലങ്ങള്ക്ക്് ശേഷം, മലയാള സിനിമയില്‍ പുറത്തുവരുന്ന സംഗീതപ്രാധാന്യമുള്ള ഈ ചിത്രം, പ്രേക്ഷകര്‍ക്ക് പുതിയ ആസ്വാദനതലങ്ങള്‍ തീര്‍ക്കുമെന്ന് വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: