മുംബൈ: മുഖ്യവായ്പാ നിരക്കുകള്‍ കാല് ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.25 ശതമാനമായി കുറച്ചു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ പലിശ കുറച്ചേക്കും.
അതേസമയം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍), ക്യാഷ് റിസര്‍വ്വ് റേഷ്യോ (സിആര്‍ആര്‍) എന്നിവയുടെ നിരക്കുകളില്‍ മാറ്റമില്ല. ഇത് ബാങ്കുകളെ ദീര്‍ഘകാല വായ്പകള്‍ നല്കുവാന് സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലിശനിരക്കുകള്‍ കുറച്ചതിന്റെ ഗുണഫലം ഇടപാടുകാര്‍ക്ക് ലഭ്യമാക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ആവശ്യപ്പെട്ടു.
ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചതിന് ശേഷവും ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ്വരെ താഴ്ന്നു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കും തിരിച്ച് ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയുടെ പലിശയായ റിവേഴ്സ് റിപ്പോ നിരക്കും കാല്‍ശതമാനം കുറച്ചതിന് പുറമെ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി പലിശനിരക്കും കാല്‍ശതമാനം കുറച്ചു. ഇതോടെ മറ്റ് വായ്പകള്‍ക്കെല്ലാം പുറമെ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാലവായ്പയായ എംഎസ്എഫിന്റെ നിരക്ക് എട്ടേകാല്‍ ശതമാനമായി.
റിപ്പോ നിരക്ക് കുറച്ചതിലൂടെ വീടുകളും കാറുകളും മറ്റും വാങ്ങുന്നതിനായി കൂടുതല്‍ ആളുകള്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറക്കുന്നത്. ഇതിലൂടെ നാണയപ്പെരുപ്പം കുറക്കുവാനും വിലനിലവാരം പിടിച്ചുനിര്‍ത്തുവാനും കഴിയുമെന്നാണ് പ്രതീക്ഷ. വായ്പാനയവുമായി ബന്ധപ്പെട്ടതാണ് ഭാരതത്തിന്റെ നിലവിലെ പണപ്പെരുപ്പനിരക്ക്. നാലുമാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായ 4.87ശതമാനമാണിപ്പോള്‍.
സമ്പദ്വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകയറുന്നുണ്ടെങ്കിലും അതിന് ഗതിവേഗം പോരെന്ന് ആര്‍ബിഐ വിലയിരുത്തി. കാലവര്‍ഷം ഇക്കുറി വൈകുകയും മഴയുടെ അളവ് കുറയുകയും ചെയ്താല്‍ നാണയപ്പെരുപ്പനിരക്ക് ഉയര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പലിശനിരക്ക് കുറയ്ക്കല്‍ നടപടി ഉടന്‍ പ്രതീക്ഷിക്കേണ്ട എന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ആഗസ്റ്റ് നാലിനാണ് അടുത്ത വായ്പാനയ അവലോകനയോഗം.
2015-16 വര്‍ഷത്തിലെ ജിഡിപി നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷ. വ്യാവസായിക ഉല്പാദനം തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: