കോട്ടയം: ജില്ലയില്‍ ഇന്ന് പതിനായിരത്തിലധികം കുരുന്നുകള്‍ അക്ഷരമുറ്റത്തെത്തും. പ്രവേശനോത്സവങ്ങള്‍ ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാതല പ്രവേശനോത്സവം കുടമാളൂര്‍ ഗവ. എച്ച്എസ് എല്‍പി സ്കൂളിലാണ് നടക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിനു മുന്നോടിയായി നടക്കുന്ന വിളംബര റാലി കോട്ടയം ഡിവൈഎസ്പി പി.എ. അജിത്ത് ഫ്ളാഗ് ഓഫ് ചെയ്യും. സ്കൂളുകളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാമുഖ്യം നല്‍കിയുള്ള ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. അദ്ധ്യാപകര്‍ മധുര പലഹാരങ്ങള്‍ നല്‍കിയാണ് നവാഗതരായ കുരുന്നുകളെ ക്ലാസ്റൂമില്‍ സ്വീകരിക്കുന്നത്.
പാഠപുസ്തകം
ഇത്തവണയുമെത്തിയില്ല
കോട്ടയം: പ്രവേശനോത്സവം ഗംഭീരമാക്കുന്നതിന് തയ്യാറെടുക്കുമ്പോഴും പാഠപുസ്തകങ്ങള്‍ ഇത്തവണയും സമയത്തെത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനായില്ല. സിലബസ് മാറിയ പാഠപുസ്തകങ്ങള്‍ എപ്പോഴെത്തുമെന്നും അധികൃതര്‍ക്ക് നിശ്ചയമില്ല. ഇത് അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
മുന്‍വര്‍ഷങ്ങളിലും പാഠപുസ്തകങ്ങള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണ് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ശുചിമുറിയും ശുചിത്വവുമില്ലാത്ത സ്കൂളുകള്‍ അറുപതിലധികം
കോട്ടയം: ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശുചിത്വമുറിയില്ലാത്തയും മതിയായ ശുചിത്വമില്ലാത്തതുമായ സ്കൂളുകള്‍ കണ്ടെത്തി. ഇത്തരത്തിലുള്ള അറുപതിലധികം സ്കൂളുകള്‍ക്കാണ് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എട്ടു സ്വകാര്യ സ്കൂളുകളുമിതില്പ്പെടും. ഇവിടെ ശുചിമുറികള്‍ പര്യാപ്തമല്ല. പത്തു സ്കൂളുകളില്‍ ശുചിത്വമില്ലാത്ത പാചകപ്പുരകളാണുള്ളത്. ശുദ്ധജല വിതരണ സംവിധാനത്തിലും വീഴ്ചവരുത്തിയ സ്കൂളുകളുമിതിലുണ്ട്.
ശുചിമുറികളുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃര്‍ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഈ സ്കൂളുകള്‍ ഇന്ന് തുറക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
രക്ഷിതാക്കളെ ചൂഷണം ചെയ്യാന്‍ സ്കൂള്‍ മാനേജ്മെന്റുകള്‍
കോട്ടയം: അദ്ധ്യയന വര്‍ഷത്തിനാരംഭം കുറിച്ച് സ്കൂള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവങ്ങള്‍ ഗംഭീരമാക്കാന്‍ വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ അധികൃതരും തയ്യാറായിക്കഴിഞ്ഞു. ഈ അവസരത്തില്‍ രക്ഷിതാക്കളെ പരമാവധി ചൂഷണം ചെയ്യുന്നതിന് സ്കൂള്‍ വിപണിയോടൊപ്പം മത്സരിക്കുകയാണ് എയിഡഡ് സ്കൂള്‍ മാനേജ്മെന്റും. ചെരുപ്പ്, കുട, ബാഗ്, ടിഫിന്‍ബോക്സ്, സോക്സ് തുടങ്ങിയവയ്ക്കുപുറമേ ടെക്സ് ബുക്കുകള്‍, നോട്ടുബുക്കുകള്‍ ഇവ പൊതിയുന്ന പേപ്പര്‍, യൂണി ഫോം ഇവയ്ക്കെല്ലാം രക്ഷിതാക്കള്‍ പണം കണ്ടെത്തണം.
ബാഗ്, സോക്സ്, യൂണിഫോം, പുസ്തകങ്ങള്‍, ബുക്കുകള്‍, പേന, പെന്‍സില്‍ അടക്കമുള്ള മുഴുവന്‍ സാധനങ്ങളും സ്കൂളില്‍ നിന്നുതന്നെ വാങ്ങണമെന്നാണ് എയിഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. ഓരോന്നിന്റെ വില പ്രത്യേകം പറയുന്നതിനുപകരം ഇവയ്ക്കെല്ലാംകൂടിയുള്ളതുക അടയ്ക്കാനാണ് മാനേജ്മെന്റ് പറയുന്നത്.
ബാഗിലും പുസ്തകത്തിലും, നോട്ടുബുക്കിലും ഇവപൊതിയുന്ന പേപ്പറിലുമടക്കം സ്കൂളിന്റെ പേര് ആലേഘനം ചെയ്തിട്ടുണ്ട്. പൊതുവിപണിയിലേക്കാള്‍ കൂടുതല്‍ വിലകൊടുത്ത് സ്കൂളിന്റെ പര സ്യം ചുമക്കുകയാണ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
പാഠപുസ്തകങ്ങളും യൂണിഫോമും എത്താത്തതില്‍ വ്യാപക പ്രതിഷേധം
കോട്ടയം: സ്കൂളുകളില്‍ പാഠപുസ്തകങ്ങളും യൂണിഫോമും എത്താത്തതില്‍ വ്യാപക പ്രതിഷേധം. കടുത്തുരുത്തിയിലെ 16 സര്‍ക്കാര്‍ സ്കൂളുകളിലും 24എയിഡഡ് സ്കൂളുകളിലും 2 അണ് എയിഡഡ് സ്കൂളുകളിലും 2 സ്പെഷ്യല്‍ സ്കൂളുകളിലും പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തില്ലെന്ന് പരാതി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപവിദ്യാഭ്യാസജില്ലയുടെ പ്രവേശനോത്സവം കല്ലറ പെരുന്തുരുത്ത് എസ്കെവി എല്‍പി സ്കൂളില്‍ നടക്കും. വൈക്കം ഉപജില്ലയുടേത് വൈക്കം ആശ്രമം സ്കൂളില്‍ നടക്കും. കൊടിതോരണങ്ങളാലലങ്കരിച്ച് മധുരവിതരണവും നടത്തി ക്ലാസുകളിലേക്ക് ആനയിക്കപ്പെടുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകം എപ്പോള്‍ ലഭിക്കുമെന്ന് അധികൃതര്‍ക്ക് അറിയില്ല. യൂണിഫോമിനുള്ള സര്‍ക്കാര്‍ഫണ്ട് ഇതുവരെ അനുവദിച്ചില്ലെന്ന് പിടിഎ ഭാരവാഹികള്‍ ജന്മഭൂമിയോട് പറഞ്ഞു. പാഠപുസ്തകം അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മോന്‍സ്ജോസഫ് എംഎല്‍എ അറിയിച്ചു.
പോലീസിന്റെ
നിര്‍ദ്ദേശങ്ങള്‍
കോട്ടയം: സ്കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങള്‍ അമിതമായി കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. വലതുവശം ചേര്‍ന്ന് വഴി നടക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. പക്വതയുള്ളവരും പത്തുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം ഡ്രൈവര്‍മാര്‍. ഓട്ടോകളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി വണ്ടി ഓടിക്കുന്നത് ഒഴിവാക്കണം. ഓട്ടോകളില്‍ പരമാവധി അഞ്ചു കുട്ടികള്‍ മാത്രം. വിദ്യാര്‍ത്ഥികളുടെ ബാഗുകളും മറ്റും വാഹനങ്ങളുടെ പുറത്തേക്ക് കിടക്കരുത്. വാഹനങ്ങളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ക്യൂ പാലിക്കുക, വാതിലുകള്‍ അടച്ചശേഷം മാത്രമേ യാത്ര തുടരാവു. സ്കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കണം. മദ്യപിച്ച് വാഹനം ഓടിക്കരുത്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടോയെന്ന് സ്കൂള്‍ മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈവര്‍മാര്‍ കുട്ടികളുമായി യാത്രാവേളയില്‍ സംസാരിക്കാതിരിക്കാന്‍ കാബിന് തീര്‍ക്കണം. യാതൊരു കാരണവശാലും ഡ്രൈവിങ് വേളയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ പുകവലിക്കാനോ മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. ബസുകളിലെ ജീവനക്കാര്‍ യാത്രക്കാരോടും വിദ്യാര്‍ത്ഥികളോടും മാന്യമായി പെരുമാറണം. വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചാല്‍ പോസ്കോ ആക്ട് 2012 പ്രകാരം കേസെടുക്കും. വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ അലക്ഷ്യമായി നടക്കാതെ റോഡിന്റെ ഓരം ചേര്‍ന്ന് രണ്ടുവരിയായി നടക്കണം. വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം സീബ്രാലൈനില്‍ കൂടി മാത്രം റോഡുമുറിച്ചു കടക്കണം. വാഹനത്തില്‍ ഓടിക്കയറുകയോ ഇറങ്ങുകയോ ചെയ്യരുത്. ഗതാഗത നിയമങ്ങള്‍ കൃത്യമായും പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: