എരുമേലി: ജനാധിപത്യത്തിന്റെ 62 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്ത് അധികാരവും സമ്പത്തും സംഘടിത ശക്തികള്‍ കവരുകയാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും മതന്യൂനപക്ഷങ്ങള്‍ സാമ്പത്തികമായും അധികാരപരമായും വളര്‍ന്നുവരുമ്പോള്‍ മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു ചെയ്തുതന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. മൂക്കന്‍പെട്ടിയില്‍ ഡോ. പല്പു മെമ്മോറിയല്‍ പ്രാര്‍ത്ഥനാമന്ദിരവും കരിങ്കല്ലുംമൂഴിയില്‍ ശാഖയുടെ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഈ ദുരവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഉളളിടത്തോളം കാലം ജാതിവ്യവസ്ത നിലനില്ക്കുകതന്നെ ചെയ്യും. ജാതി ചോദിച്ചതിനുശേഷം അതിന്റെ പേരില്‍ ജോലി ലഭിക്കാതെ പോയതും ഡോ. പല്പ്പുവിനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധികാരവും സമ്പത്തും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ വളരുമ്പോള്‍ നിയമപരമായി ലഭിക്കാന്‍ സാധ്യതയുള്ള പരിരക്ഷപോലും നല്കാന് രാഷ്ട്രീയക്കാര്‍ തയ്യാറായിട്ടില്ല.
രാഷ്ട്രീയക്കാര്‍ പഞ്ചസാര പോലെ പറയുന്നതല്ലാതെ പഞ്ചസാര രുചിക്കാന്‍ തരുന്നില്ലെന്നും ഈ നീതിനിഷേധത്തിനെതിരെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വളരാതെ കിടക്കാന്‍ വിധിക്കപ്പെട്ടവരെപ്പോലെ കിടക്കാനാണ് കോളനി സംസ്കാരം കൊണ്ടുവന്നതെന്നും എന്നാല്‍ ചിലര്‍ക്ക് സ്ഥിരമായി വോട്ടുചെയയ്തിട്ടും തങ്ങള്‍ക്ക് പരിരക്ഷ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം നീതിനിഷേധമാണ് മാവോയിസത്തിനും നക്സലിസത്തിനും വഴിതുറക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മൂക്കന്‍പെട്ടിയില്‍ എരുമേലി യൂണിയന് പ്രസിഡന്റ് എം.വി. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരിങ്കല്ലുംമൂഴി ശാഖാ കനകജൂബിലി ആഘോഷത്തില്‍ ശാഖാ പ്രസിഡന്റ് വി.കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ ശ്രീപാദം ഭദ്രദീപം തെളിയിച്ചു. കെ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണന് തന്ത്രി, കെ.സി. ഷാജി, പി.ആര്. ശശിധരന്, ടി.എസ്. പ്രസാദ്, എം.വി. സതീഷ്, ശോഭന ജയപ്രകാശ്, ബിനോയ്, അനിത റജി, കെ.കെ. ദയാനന്ദന്, ജി. വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: