ആലപ്പുഴ: മണ്‍സൂണ്‍ എത്താന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ കുട്ടനാട്ടില്‍ അടിയന്തരമായി അഗ്നിശമനസേനയുടെ സബ്യൂണിറ്റ് എങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. വെള്ളക്കെട്ടുകളാല്‍ ചുറ്റപ്പെട്ട കുട്ടനാട്ടില്‍ കാലവര്ഷസമയത്തുണ്ടാകാറുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ യാതൊരു സംവിധാനങ്ങളും അഗ്നിശമന സേനയ്ക്കില്ല. ആലപ്പുഴ ഫയര്‍ സ്റ്റേഷനിലുള്ള രണ്ട് ബോട്ടുകള്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലെത്താന്‍ മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടിവരും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വകുപ്പ് മന്ത്രിയായിരിക്കെ കുട്ടനാട്ടില്‍ ഫയര്‍ സ്റ്റേഷന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.കാലവര്‍ഷത്തോടൊപ്പം എത്തുന്ന അപകടങ്ങളെ നേരിടുന്നതിന് അഗ്നിശമനസേന ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടു പോലുമില്ല. അഗ്നിശമന സേനയ്ക്ക് ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന് പരാതി വ്യാപകമാണ്. വേണ്ടത്ര ജീവനക്കാരോ വാഹനങ്ങളൊ സുരക്ഷാ ഉപകരണങ്ങളോയില്ലാത്തതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ഫയര്‍മാന്‍മാരുടേയും ഡ്രൈവര്‍മാരുടേയും കുറവ് അഗ്നിശമന സേനയുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു. അടുത്തിടെ പള്ളാത്തുരുത്തിയാറ്റില്‍ യുവാവ് മുങ്ങി മരിച്ച സംഭവമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ ആലപ്പുഴയില്‍നിന്നുള്ള അഗ്നിശമന സേനയ്ക്ക് തെരച്ചില്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ അവതാളത്തിലായിരിക്കുകയാണ്.
ടച്ച് വെട്ട് ജോലികള്‍ മാത്രമാണ് പലേടത്തും നടത്തിയിട്ടുള്ളത്.
അപകടാവസ്ഥയിലുള്ള പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടി പേരിന് മാത്രമാണ് ചിലയിടങ്ങളില്‍ നടന്നത്. വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നുണ്ടാകുന്ന അപകടങ്ങള്‍ മഴക്കാലത്ത് ഏറെയാണ്. കുട്ടനാടന്‍ മേഖലയില്‍ അടക്കം ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.
വൈദ്യുതിമേഖലയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ബോര്‍ഡ് നിര്‍ദ്ദേശിച്ച സമയം പിന്നിടുമ്പോഴും ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: