ചാത്തന്നൂര്‍: വേനല്‍ക്കാല അവധി കലാകായിക വിനോദങ്ങളിലൂടെ ആഘോഷമാക്കി മാറ്റിയ രണ്ട് മാസത്തിനുശേഷം കുട്ടികള്‍ ഇനി അക്ഷരലോകത്തേക്ക്. പുതിയതായി സ്കൂളിലേയ്ക്ക് എത്തിയവരേയും ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയവരേയും വരവേല്‍ക്കാന്‍ എല്‍പി സ്കൂള്‍ മുതല്‍ ഹൈസ്ക്കൂള്വരെ ഒരുങ്ങിക്കഴിഞ്ഞു.
സ്വകാര്യമേഖലയെ കടത്തിവെട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകള്‍ ഒരുങ്ങിയിരിക്കുന്നത്. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിയ സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രൂപീകരിച്ച വികസനസമിതികള്‍ ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധ വര്‍ണങ്ങളിലെ പെയിന്റുകള്‍ അടിച്ച്, സ്വാതന്ത്ര്യസമര സേനാനികളുടേയും ദേശസ്നേഹികളുടേയും ചിത്രങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവുമെല്ലാം ഭിത്തികളില്‍ ആലേഖനംചെയ്തുകൊണ്ടും കളിക്കോപ്പുകള്‍ വാങ്ങിക്കൂട്ടിയും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കി സര്‍ക്കാര്‍ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
വിവിധ എല്‍പി സ്കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ടി സൗജന്യ ബാഗുകളും ബുക്കുകളുമെല്ലാം തന്നെ സംഘടനകളും വ്യക്തികളും സ്പോണ്‍സര്‍ചെയ്തു കഴിഞ്ഞു. എല്ലാ സാധനങ്ങളും സ്കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു. മുന്‍കാലങ്ങളില്‍നിന്നും വി‘ിന്നമായി സര്‍ക്കാര്‍ സ്കൂളുകളിലേയ്ക്ക് കൂടുതലായി വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെയും പൊതുജനസഹകരണത്തോടും പൂര്‍വവിദ്യാര്‍ത്ഥികളും പിടിഎയും ഉണ്ടാക്കുന്ന അത്യാധുനിക സംവിധാനങ്ങളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും എല്ലാം തന്നെ ഇതിന് കാരണമായിത്തീരുന്നു.
ഒപ്പം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ന്യൂനതകളുമുണ്ട്. പുതുവിദ്യാഭ്യാസ വര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്ക്കുമ്പോള്ത്തന്നെ രക്ഷകര്‍ത്താക്കള്‍ക്ക് ഒട്ടേറെ ആശങ്കകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇതുവരെ സ്കൂളുകളില്‍ എത്തിയിട്ടില്ല. സ്വകാര്യമേഖലയില്‍ ഏതുവിധേനയും പാഠപുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്കുമ്പോള് സര്‍ക്കാര്‍ സ്കൂളുകളില്‍ അതിനുള്ള സംവിധാനമില്ലാത്തതും രക്ഷാകര്‍ത്താക്കളെ വലയ്ക്കുന്നു. ഡീസല്‍വില വര്‍ദ്ധനവില്ലെങ്കിലും എല്ലാവര്‍ഷത്തെപ്പോലെയും ഇത്തവണ സ്കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനവാടക വര്‍ദ്ധിച്ചിരിക്കുന്നു.
സ്കൂള്‍ ബാഗ് മുതല്‍ നെയിംസ്ലിപ്പ് വരെയുള്ള സാധനസാമഗ്രികളുടെ വിലക്കയറ്റം രക്ഷകര്‍ത്താക്കളെ വലയ്ക്കുന്നു. വേനല്‍മഴമൂലം ദിവസങ്ങളോളം ജോലി ഇല്ലാതിരുന്ന കൂലിപ്പണിക്കാര്‍ വിലക്കയറ്റം മൂലം കുബേരന്മാരെ ആശ്രയിക്കുന്നു. തമിഴ്നാട് പലിശ സംഘങ്ങളാണ് സ്കൂള്‍ വിപണിയെ ലക്ഷ്യമാക്കി എത്തിയിരിക്കുന്നത്. കടമെടുത്തായാലും തങ്ങളുടെ മക്കള്‍ പഠിച്ച് വലിയ നിലയിലാവണമെന്ന് ആഗ്രഹമുള്ള രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് വേണ്ടതെല്ലാമൊരുക്കി സ്കൂളിലേക്ക് വിടാന്‍ തയാറെടുത്തു കഴിഞ്ഞു. ഒപ്പം അവരെ വരവേല്‍ക്കാന്‍ സ്കൂളുകളും അദ്ധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: