എനിക്ക് മൂന്നു കൃഷ്ണന്മാരെ ഇഷ്ടം. അതിനു കാരണം, ഈ മൂന്നു കൃഷ്ണന്മാര്ക്കും എന്നോടും ഇഷ്ടം. വെറും ഇഷ്ടമല്ല, ഒത്തിരിയൊത്തിരി ഇഷ്ടം!
ഒരാള്‍ മഥുരയില്‍ കാരാഗൃഹത്തില്‍ ജനിച്ച് രായ്ക്കുരാമാനം യമുന കടന്ന്, പെരുമഴയത്ത് അനന്തഫണക്കുട ചൂടി അമ്പാടിയിലെത്തി യശോദയെ അമ്മയാക്കി കളിച്ചുവളര്‍ന്ന പൈതലാണ്. ലോകബാല്യത്തിന്റെ- സ്നേഹശൈശവത്തിന്റെ- കാമ്യകൗമാരത്തിന്റെ കല്പനാതീത സാക്ഷാത്കാരം! അവതാരം ഇന്നോ ഇന്നലെയോ അല്ല. പണ്ടുപണ്ട്. ദ്വാപരയുഗത്തില്‍! എന്നിട്ടെന്താ? വല്ല വ്യത്യാസവുമുണ്ടോ? ഇന്നും ശതകോടി ജനമനസ്സുകളില്‍ കുട്ടിയോടു കുട്ടി തന്നെ! മഹര്‍ഷി ഗര്ഗ്ഗനാണ് പേരു വിളിച്ചത്, കൃഷ്ണന് എന്ന്. ഇതിലും മികച്ച ഒരു ശിശുജനനം ഇനി ഭാരതത്തിലുണ്ടാവില്ല.
നമ്മുടെ ശൈശവ-ബാല്യ-കൗമാര സങ്കല്‍പ്പങ്ങളില്‍നിന്ന് ഭഗവാന് കൃഷ്ണനെ ഒന്നുമാറ്റിനിര്ത്തുക. എന്തായിരിക്കും ഫലം? മുന്നില്‍ വെറുമൊരു മരുഭൂമി! കൃഷ്ണനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ വിദേശ നിര്‍മിതങ്ങളായ എത്രയെങ്കിലും കുട്ടിപ്രതിമകളെ ഇറക്കുമതി ചെയ്തുകൊള്ളൂ. എന്തുകാര്യം? പ്രതിമകള്‍ പ്രതിമകള്‍ മാത്രം! സര്‍വദാ സജീവമായ കൃഷ്ണന്റെ മഹിമകള്‍ അവര്ണനീയം. അത്രമാത്രം!
അതുകൊണ്ടാണ് ആ കൃഷ്ണനെ എനിക്കിഷ്ടം. കുറച്ചൊക്കെ കളികളും കാര്യങ്ങളും നിങ്ങളും കേട്ടിട്ടുണ്ടാവും. പക്ഷേ, എന്റെയത്ര ഉണ്ടാവില്ല. കൃഷ്ണ ജനനം മുതല്‍ നിഴല്‍പോലെ പിന്തുടരുകയാണു ഞാന്‍. സര്‍വരഹസ്യങ്ങളും എനിക്കറിയാം. അതുകൊണ്ട് എന്നോട് ഇഷ്ടം ഭാവിച്ച് അടുത്തുകൂടിയതാണ്. ഞാനാവുമ്പോള്‍ ഒന്നും പുറത്തുപറയില്ല. അത്രയ്ക്ക് വിശ്വാസമാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടത്തിന്റെ രഹസ്യം!
ഒന്നാമത്തെ കൃഷ്ണന് ജനിച്ചത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിക്കാണെങ്കില്, രണ്ടാമത്തെ കൃഷ്ണന് ജനിച്ചത് മകരത്തിലെ ഉതൃട്ടാതിക്കാണ്. ഉതൃട്ടാതിയോ? പാര്‍ത്ഥസാരഥിയായ ഒന്നാമന്റെ പേരിലുള്ള വള്ളംകളിക്കു പ്രസിദ്ധം. അതാണ് രണ്ടാം കൃഷ്ണന്റെ ജനനത്തിന്റെ അര്‍ത്ഥം.
ആദ്യത്തെ കൃഷ്ണന്റെ പേരില്‍ രണ്ടാമന് ഇവിടെ മറ്റൊരു ഗോകുലം തന്നെ ഉണ്ടാക്കി. അതാണ് ‘ബാലഗോകുലം’. ഗോകുലത്തിലെ ഓരോ കുട്ടിയും കൃഷ്ണന്. ഓരോ പെണ്കിടാവും രാധ! ഭക്തിയുടെ പരമാനന്ദ സമുദ്രം നിറഞ്ഞ് തിരകള്‍ മൂടുമ്പോലെ, അഷ്ടമിരോഹിണിക്ക് കേരളമായ കേരളം മുഴുവന്‍ നിറഞ്ഞുകവിഞ്ഞ് ആ കൃഷ്ണചൈതന്യം നമ്മെ മുക്കിക്കളയുന്നു. നമ്മുടെ മനസ്സ് അന്ന് വെറും ഒരു ആലില! അതില്‍ കൈകാല്‍ കുടഞ്ഞും കാല്‍വിരലുണ്ടും കിടക്കുന്ന ഒരേയൊരു സമാധാനം കൃഷ്ണന് മാത്രം!
ഇതൊരു ചെറിയ കാര്യമല്ല. കുഞ്ഞുവിരലില്‍ ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി ഒന്നാം കൃഷ്ണന് അത്ഭുതം കാട്ടി. ആ കുഞ്ഞു കൃഷ്ണനെയും ഗോവര്‍ദ്ധനത്തെയും ഉള്‍പ്പെടെ ഉയര്‍ത്തിനിര്‍ത്തി രണ്ടാം കൃഷ്ണന് മഹാത്ഭുതം സൃഷ്ടിച്ചു. മാനംമുട്ടുന്ന ഗോപുരങ്ങള്‍ പണിതുകേറ്റി അതിന്റെ ഉച്ചാണിക്കൊമ്പത്ത് നിറുത്തുകയല്ല ചെയ്തത് കൃഷ്ണനെ. ഏതു നിമിഷവും നിലത്തുവീണ് തവിടുപൊടിയാവുന്ന ഏര്‍പ്പാടല്ല കൃഷ്ണന്. കൃഷ്ണന് മണ്ണില്‍ച്ചവിട്ടി നടക്കുന്നു. മനസ്സുകള്‍ കീഴടക്കുന്നു. മൗനത്തെ സംഗീതമാകുന്നു. മന്ത്രപ്പശുക്കളെ മേയ്ച്ചു നടക്കുന്നു. മായകളില്‍ യാഥാര്‍ത്ഥ്യവും ഇല്ലായ്മകളില്‍ ഉണ്മയും നിറയ്ക്കുന്നു. കെട്ടുകഥയല്ല കൃഷ്ണന്. ആണെങ്കില്‍ ഉരലില്‍ കെട്ടിയ യശോദയ്ക്ക് ആ കുഞ്ഞുവായില് ഈരേഴുലകങ്ങളും കൊണ്ട് മോഹാലസ്യപ്പെടേണ്ടിവരുമായിരുന്നോ? അങ്ങനെ ഒന്നാം കൃഷ്ണനിലൂടെ രണ്ടാമനും രണ്ടാമനിലൂടെ ഒന്നാമനും രണ്ടല്ലാതായി. അതുകൊണ്ട് രണ്ടാം കൃഷ്ണനായ എം.എ. കൃഷ്ണന് എന്ന മായക്കാരനെയും എനിക്കിഷ്ടം!
നമ്മെയൊക്കെ നിലനിര്‍ത്താന്‍ ഇങ്ങനെയൊക്കെ ചില ജന്മങ്ങള് ഉണ്ടാവുമായിരിക്കും. ആര്‍ക്കറിയാം? അതും എനിക്കറിയാം. ധര്‍മം നിലനിര്‍ത്താന്‍ എം.എ. കൃഷ്ണന് എന്നൊരു കൃഷ്ണന് ഉണ്ടായേ പറ്റൂ. അതുകൊണ്ട് ഉണ്ടായി.
ഇനിയുമുണ്ടോ നിങ്ങള്‍ക്കു വല്ല സംശയവും?
എങ്കില്‍,
‘ചെല്ലുവിന്‍ ഭവാന്മാരെന്
ഗുരുവിന് നികടത്തില്‍
അല്ലായ്കില് അവിടുത്തെ
ചരിത്രം വായിക്കുവിന്‍….’
എന്ന് വള്ളത്തോള്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.
എന്തായാലും,
‘പെരുത്ത നൂറ്റാണ്ടിനിടയ്ക്കൊരിക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരന്‍
ഒരുറ്റ വൃക്ഷത്തെ നടുന്നു പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായി!’
വലപ്പോഴുമേ ഉണ്ടാകൂ ഒരു അനുഗ്രഹവൃക്ഷം. അങ്ങനെയൊന്ന് ഇവിടെ ഈ കൃഷ്ണവൃക്ഷം. അതിന്റെ തണലിലിരുന്നാണ് ഇപ്പോള്‍ എന്റെ എഴുത്ത്. കാരണം, ഇഷ്ടം. ഇഷ്ടത്തോടിഷ്ടം. എന്റെ കൃഷ്ണനോട്, എനിക്കങ്ങോട്ടും എന്റെ കൃഷ്ണന് എന്നോടിങ്ങോട്ടും. ഇനി കൂടുതലൊന്നും ചോദിക്കരുത്.
ഇനി മൂന്നാം കൃഷ്ണനിലേക്കു വരാം. അതിനുമുമ്പ് സംഗതമായ ഒരു പശ്ചാത്തലം ഒരുക്കേണ്ടിയിരിക്കുന്നു. അത് ഇങ്ങനെ തുടങ്ങാം.
”മുണ്ടേമ്പിള്ളിമാരാരുടെ ഗൃഹം കൊച്ചി രാജ്യത്ത് തൃപ്പൂണിത്തുറയാണ്. എന്നുമാത്രമല്ല, തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ പതിവായിട്ടുള്ള കൊട്ട്, പാട്ട് മുതലായ അടിയന്തിരങ്ങള്‍ നടത്താനുള്ള സ്ഥാനവും ആ കുടുംബത്തേയ്ക്കായിരുന്നു.
ഇക്കാലത്തു കുലവിദ്യയായ ചെണ്ടകൊട്ടും മറ്റും അഭ്യസിക്കുന്നതും ക്ഷേത്രപ്രവൃത്തി നടത്തുന്നതും മാത്രമല്ല, മാരാന്മാരെന്നു പറയുന്നതുതന്നെ വലിയ കുറച്ചിലാണെന്ന വിചാരം അവരില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്.”
ഇത് ഞാന്‍ പറയുന്നതല്ല. സാക്ഷാല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞതാണ്. ഇന്നേയ്ക്ക് 106 വര്‍ഷംമുമ്പ്.
1909 മുതല്‍ 1937 വരെയുള്ള വര്‍ഷങ്ങളില്‍, എട്ട് ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ മലയാളത്തിന്റെ ഒരു മഹാകൗതുകമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല.’ അതില്‍ 97-ാമത്തെ ഐതിഹ്യപ്രാരംഭത്തില് ഗ്രന്ഥകാരന് പറഞ്ഞ കാര്യമാണ് മേല്‍ ഉദ്ധരിച്ചത്. ‘മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍’ എന്ന ആ അദ്ധ്യായത്തില്‍ നിങ്ങള്‍ക്ക് ഈ വിസ്മയം വായിക്കാം.
വാദ്യകലകളില്‍ സാമാന്യാധികമായ നൈപുണ്യം കാംക്ഷിച്ച്, അതുവരെ ഉപാസിച്ചു നേടിയ കൈപ്പുണ്യത്തിനുപുറമെ ചിലതുകൂടി മോഹിച്ച്, അദ്ദേഹം കാല്‍നടയായി പല ദിവസം സഞ്ചരിച്ച് മൂകാംബികയില്‍ എത്തി. അമ്മ കനിഞ്ഞാല്‍ അതിലപ്പുറം ഒന്നുമില്ല. അതിന് അവിടത്തെ ത്രിമധുരം കിട്ടണം. അതാര്‍ക്കും കൊടുക്കില്ല. നന്നേ പ്രഭാതത്തില്‍ പൂജാരിമാര്‍ ചേര്‍ന്ന് അതു കിണറ്റില്‍ ഇടുകയാണ് പതിവ്. മാരാര്‍ എന്തായാലും ഭജനം മുടക്കിയില്ല.
ഒടുവില്‍, സൂത്രത്തില്‍ മാരാര്‍ അതു നേടി. വളരെ കുറച്ചേ കിട്ടിയുള്ളൂ. മതിയല്ലോ. മുമ്പ് മുട്ടസ്സുനമ്പൂതിരി എന്നൊരു വിരുതനും സൂത്രത്തില്‍ ഒരല്‍പ്പം ത്രിമധുരം നേടി. മഹാവിദ്വാനായി. നേടിയ വഴി അല്‍പ്പം വളഞ്ഞതായതുകൊണ്ട് വിദ്വത്വം മാത്രമല്ല, അസാരം വികടത്വവും കൈവന്നു, രണ്ടുപേര്‍ക്കും.
എന്തായാലും, ത്രിമധുരം സേവിച്ച ആ കലാനൈപുണിയുടെ പരമ്പരയില്‍, തുടര്ക്കണ്ണികള്ക്കുമുണ്ടാവുമല്ലോ ആര്‍ദ്രമായ ആ അനുഗ്രഹത്തിന്റെ ധ്വനിമുഴക്കവും വജ്രത്തിളക്കവും വരമധുരവും! ആ മധുരമാണ് ഒരു മകരത്തിലെ അത്തം നാളില്‍, സ്വര്‍ഗത്തില്‍ നിന്ന് ഒരു ഗമകമായി ഭൂമിയില്‍ പൊഴിഞ്ഞുവീണ തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്ന എന്റെ മൂന്നാം കൃഷ്ണന്!
അപൂര്‍വതകള്‍ ഒന്നേ ഉണ്ടാവൂ. ‘വില്ലുക്ക് ഓര് വിജയന്’ എന്നു തമിഴില്പ്പറയും. പലരും വില്ലെടുത്തു. പക്ഷേ മധ്യമപാണ്ഡവനായ അര്ജ്ജുനവിജയന് എടുത്തപ്പോഴേ വില്ല് വില്ലായുള്ളൂ. അതുപോലെ, അമ്പാടിക്ക് ഒരു കൃഷ്ണന്. ബാലഗോകുലത്തിന് ഒരു കൃഷ്ണന്. ഇടയ്ക്കക്ക് ഒരു കൃഷ്ണന്. കൃഷ്ണന് എടുത്തപ്പോഴേ ഇടയ്ക്ക ഇടയ്ക്കയായുള്ളൂ.
പേരിലുമുണ്ട് പൊരുത്തം. കൃഷ്ണനിയോഗം ഏറ്റെടുത്തു നടത്തേണ്ടവരൊക്കെ പേരുകൊണ്ടും പെരുമകൊണ്ടും കൃഷ്ണന്മാര് തന്നെയായിരിക്കും. അടുത്തകാലത്ത് തൃപ്പൂണിത്തുറയപ്പനെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു പാട്ടിന്റെ പല്ലവി ഇങ്ങനെ-
‘ഓടക്കുഴല്‍ കൈയിലില്ലെങ്കിലും-എന്റെ
പൂര്‍ണത്രയീശനും കൃഷ്ണന്.
രാധയല്ലെങ്കിലും നങ്ങേമയെ-
തിരുമാറില് അലിയിച്ച ഭഗവാന്!’
അപ്പോള്‍, കൃഷ്ണന് തന്നെയായിരിക്കുന്ന തൃപ്പൂണിത്തുറയപ്പന്റെ തിരുനടയില്‍ കൊട്ടിപ്പാടിസേവ നടത്തുന്നത് ആരായിരിക്കണം? അതിന് കൃഷ്ണന്റെ ദാസന് തന്നെ വേണം. അങ്ങനെയാണ് ഈ കൃഷ്ണന് കൃഷ്ണദാസ് ആയത്. തൃപ്പൂണിത്തുറയ്ക്ക് ഒരു പൂര്ണത്രയീശന്. പൂര്ണത്രയീശന് ഒരു കൃഷ്ണദാസ്! കൃഷ്ണദാസിന് ഒരു ഇടയ്ക്ക. ആ കൊട്ടിപ്പാടി സേവയ്ക്ക് വയസ്സ് അമ്പത്! എന്നുവച്ചാല്‍, അര നൂറ്റാണ്ട്!
അഞ്ചാം വയസ്സില്‍ വാദ്യശീലം തുടങ്ങി. അതു വല്ലാത്ത ഒരു ശീലായ്മയായതോ, എട്ടാം വയസ്സില്‍ പൂര്‍ണത്രയീശന്റെ മുന്നില്‍ അരങ്ങേറി ഇയ്ക്കയെക്കൊണ്ട് ചിലതൊക്കെ മിണ്ടിച്ചതോ ഒന്നുമല്ല അത്ഭുതം. അതൊക്കെ ആര്‍ക്കും കഴിയും. എന്നാല്‍, ഇടയ്ക്കയില്‍ എന്തു വായിച്ചാലും പൊഴിയുന്നത് നാദമല്ല, പൂവിതളുകളാണ്. എന്നുവച്ചാല്‍, അതല്ലേ അത്ഭുതം? അതു കൃഷ്ണനു കൃഷ്ണന് കൊടുത്ത വരം. കൃഷ്ണനില്‍ നിന്നു കിട്ടിയതാണ് ആ ഹൃദ്യസ്വരം!
അതുകൊണ്ട് എന്തുണ്ടായി? ജന്മവാസനയുടെ അത്യസുലഭസുകൃത സുഗന്ധത്തിന്റെ പൂവിതളുകള്‍ കൃഷ്ണന്റെ ഇടയ്ക്കയില്നിന്ന് ചാറ്റല്‍ മഴ പോലെ ഉതിരുകയായി. കൃഷ്ണന് പൂര്‍ണത്രയീശന്റെ മുന്നില്‍ ഇടയ്ക്ക വായിച്ചാല്‍ പൊഴിയുന്നത് താമരയിതളുകള്‍! ഭഗവതിയുടെ മുമ്പിലെങ്കില്‍ ചെത്തിപ്പൂക്കള്‍. സാക്ഷാല്‍ ഗുരുവായൂരപ്പന്റെ മുമ്പിലാണെങ്കിലോ? ചെത്തി മന്ദാരം തുളസി പിച്ചകമാലപ്പൂവിതളുകള്!
അസൂയകൊണ്ട് എനിക്ക് ഇവനെ സഹിക്കാന്‍ വയ്യ! അതുകൊണ്ടാണ് ഞാന്‍ ഈ ഇടയ്ക്കക്കാരനെ ഹൃദയത്തില്‍ ചുമന്നുകൊണ്ടു നടക്കുന്നത്. കൈപ്പുണ്യമുള്ള കലാസപര്യയുടെ ഈ അമ്പതാംവര്ഷത്തിലെങ്കിലും ഈ ലേഖനത്തിന്റെ ആവണപ്പലകയില്‍ ഒന്ന് ഇറക്കിവച്ചില്ലെങ്കില്‍ ഈ കൃഷ്ണനോടുള്ള ആദരത്തിന്റെ ഭാരം കൂടിക്കൂടി ഞാന്‍ കഷ്ടത്തിലാവും. എനിക്കും വയസ്സാവുന്നു.
ഇടയ്ക്കയില്‍ ഹൃദയം വായിക്കുന്ന എന്റെ കൃഷ്ണന്! തൃപ്പൂണിത്തുറ കൃഷ്ണദാസ്! എത്ര കാലമായി ഈ ഗന്ധര്വന് ഇടയ്ക്കയുമായി എന്റെ പാട്ടുകളെ പിന്തുടരാന് തുടങ്ങിയിട്ട്? കൃത്യമായി ഓര്‍മയില്ല.
‘മുണ്ടേമ്പിള്ളി കൃഷ്ണനെപ്പോല്-എനി
ക്കുണ്ടൊരു മോഹം ജഗദംബികേ!
എന്റെ ഹൃദയം ഇടയ്ക്കയായ്ത്തീരണം…..?
എന്നൊക്കെ ഞാന്‍ എഴുതിയത് ഈ കൃഷ്ണനെ മോഹിച്ചിട്ടാണ്. ഇവന്റെ വായന കേട്ടു ഭ്രാന്തിളകിയിട്ടാണ്.
നിങ്ങള്‍ക്ക് അറിയാവുന്ന എന്റെ ഒരു പാട്ടുണ്ട്.
‘രാധതന്‍ പ്രേമത്തോടാണോ- കൃഷ്ണാ
ഞാന്‍ പാടും ഗീതത്തോടാണോ?
പറയൂ നിനക്കേറ്റം ഇഷ്ടം-പക്ഷേ
പകല്‍പോലെ ഉത്തരം സ്പഷ്ടം..?’
അതില്‍,
‘നെഞ്ചില്‍ത്തുടിക്കും ഇടയ്ക്കയിലെന് സംഗീതം
പഞ്ചാഗ്നിപോല്‍ ജ്വലിക്കുന്നു!’
എന്നെഴുതിയത് ഈ കൃഷ്ണന്റെ ഇടയ്ക്കയെക്കുറിച്ച് മാത്രമാണ്. എന്നല്ല, ആ വരികള്‍ക്കു പിന്നില്‍, അവയെ കീഴടക്കിയ ഗാനഗന്ധര്വന് യേശുദാസിന്റെ അഭൗമമായ സ്വരമാധുര്യത്തിനു പിന്നില്‍, മതിമറന്ന് സ്വയം ലയിച്ച് കണ്ണടച്ചുനിന്ന് ഇടയ്ക്കയില്‍ ഹൃദയം വായിച്ചതും ഈ കൃഷ്ണദാസ് തന്നെയായിരുന്നു.
ദാസേട്ടന് പറഞ്ഞതാണു ശരി. ‘ഇടയ്ക്കയുമായി കൃഷ്ണന് കൂടെയുണ്ടെങ്കില്‍, ശ്രുതിയുടെ പ്രത്യേകമായ അകമ്പടി തനിക്ക് ആവശ്യമില്ല’ എന്ന്. ഞാന്‍ പറയുന്നത് അതല്ല. ‘ഇടയ്ക്കയുമായി കൃഷ്ണന് കൂടെയുണ്ടെങ്കില്‍ എനിക്ക് എഴുത്തും വായനയും ഊണും ഉറക്കവും ഒന്നും ആവശ്യമില്ല’ എന്നുതന്നെ.
അതിന്റെ പേരാണ് കൈപ്പുണ്യം. അതിന്റെ പര്യായമാണ് എന്റെ ഈ ഇടയ്ക്ക കൃഷ്ണന്. ആ വായനയുടെ സൗന്ദര്യത്തെ എത്ര സിനിമാക്കാര് റാഞ്ചിക്കൊണ്ടുപോയി അഭിനയിപ്പിച്ചു! ദേവാസുരം, അഷ്ടപദി, കമലദളം…. അങ്ങനെ എത്രയെത്ര!
പുരസ്കാരങ്ങളിലല്ല മഹത്വം; ഈശ്വരാധീനത്തിലാണ്. കൃഷ്ണനെത്തേടി ഇനിയും വരാനിരിക്കുന്ന എത്രയെത്രയോ വലിയ പുരസ്കാരങ്ങള്‍ വഴിമദ്ധ്യേ പരസ്പരം പരിചയപ്പെട്ട് തമ്മില്‍ത്തമ്മില്‍ ചോദിക്കുന്നു- ‘നമ്മള് ഇപ്പോള്‍ അങ്ങോട്ടുപോയാല്‍ എങ്ങനെ? നമ്മളെ സ്വീകരിക്കുവാന്‍ കൃഷ്ണന് കൈയൊഴിവുണ്ടാകുമോ? ആ കൈ എപ്പോഴും ഇടയ്ക്കയില്ത്തന്നെയല്ലേ?’
നാലു വേദങ്ങളുടെ പ്രതീകമായ ജീവക്കോല്‍! അതില്‍ 64 പൊടിപ്പുകള്‍-ഞാത്തുകള്‍! ഇരുവശവും രാപകലുകള്‍! ഇടയ്ക്ക ഈ പ്രപഞ്ചം തന്നെയല്ലേ?
അപൂര്‍വജന്മമായ ഈ ഇടയ്ക്ക കൃഷ്ണന് ആദ്യമായി കാല്കുത്തി പിച്ചവച്ച തൃപ്പൂണിത്തുറയിലെ മണ്ണ് ധന്യം! ഇതിലുണ്ട് പുണ്യം! അക്രൂരനെപ്പോലെ ഈ മണ്ണുതൊട്ട് ഞാന്‍ കണ്ണില്‍ വയ്ക്കുന്നു. എന്റെ കണ്ണുകള്‍ നിറയുന്നു. കൃഷ്ണന്റെ ഇടയ്ക്കയില്‍ നിന്നുള്ള ചാറ്റല്‍മഴ നനഞ്ഞുനനഞ്ഞ് വല്ലതും സംഭവിക്കാതിരിക്കാന്‍ ഞാനെന്റെ ഉച്ചിയില്‍ പരമാനന്ദത്തിന്റെ രാസ്നാദി പൊത്തുന്നു. എന്റെ കാതുകളില്‍ തേന്‍ നിറയുന്നു. എന്റെ ആത്മാവ് തളിര്‍ക്കുന്നു. എന്നെന്നും എന്റെ ഇടനെഞ്ചിനു സ്വന്തമായ ഈ ഇടയ്ക്കയ്ക്ക് ഞാന്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നു.
ഇല്ല. എന്റെ ഈ കൃഷ്ണന്മാര്‍ക്കു മരണമില്ല. ഒരു കംസനും വേണ്ടാ അങ്ങനെയൊരു മൂഢവിചാരം. എന്നെങ്കിലും ഒന്നു സംഭവിച്ചിട്ടുണ്ടെങ്കില്‍, ഇനിയെന്നെങ്കിലും അതു സംഭവിക്കുമെങ്കില്‍, അത് സ്വര്‍ഗാരോഹണം മാത്രം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: