എലി കടിച്ചാല്‍ ഉടന്‍ വേലിപ്പത്തിരി ഇല ഒരു കൈവീതം മൂന്നു ദിവസം കാലത്ത് കഴിക്കാനാണ് പഴമക്കാര്‍ പറയുന്നത്. കുറ്റിപ്പാണലിന്റെ വേര് പാലില്‍ അരച്ച് കഴിക്കുന്നതും പഞ്ചസാരയിട്ട് കാച്ചിയ പാലില്‍ നെന്മേനി വാക അരച്ചു കലക്കി കുടിക്കുന്നതും അതിനുള്ള മറ്റ് ചികിത്സകള്‍. പൂച്ചകടിച്ചാല് ഉടന്‍ ആ ഭാഗത്തെ രക്തം ഞെക്കിക്കളഞ്ഞ് വയമ്പും ചുക്കും ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ മതി. കീരി കടിച്ചാല്‍ തകരയില അരച്ചു തേക്കാം. ചിലന്തിയാണെങ്കില്‍ തുളസിയില ചവച്ചു തിന്നാം. തുളസിയില നീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും ചെയ്യാം. പക്ഷേ മനുഷ്യന് കടിച്ചാല്‍ അമരിവേര് പാലില്‍ അരച്ചു കുടിക്കുകയോ വയമ്പ്, ചെറുചീര നീരില്‍ അരച്ചു കുടിക്കുകയുമാണത്രേ ചെയ്യേണ്ടത്.
വ്രണങ്ങള്‍ കരിഞ്ഞുണങ്ങാന്‍ നൂറുകണക്കിന് നാട്ടുവിധികളാണുള്ളത്. വെളുത്ത മന്ദാരത്തിന്റെ ഇല അരച്ച് പുരട്ടുക. മുക്കുറ്റിയില പിഴിഞ്ഞ് ഒഴിക്കുക, വേപ്പില അരച്ചു പുരട്ടുക, തെങ്ങിന് പൂക്കുലയുടെ മുകള്‍ ഭാഗത്തെ പൊടിയെടുത്ത്മുറിവില് വെച്ചു കെട്ടുക, ഉള്ളി അല്ലെങ്കില്‍ തുളസി ചതച്ച് വെച്ചുകെട്ടുക, മുറികൂട്ടിച്ചെടിയുടെ നീര് മുറിവില്‍ വീഴ്ത്തുക, അരയാലിന്റെ തൊലി ചതച്ച് പുരട്ടുക…എന്നിവ അവയില്‍ ചിലതുമാത്രം.
ആട്ടിന്പാല് കാച്ചി ആറിയ ശേഷം പുളിയാറില പിഴിഞ്ഞൊഴിച്ച് ഉറയൊഴിച്ച തൈര് കടഞ്ഞ വെണ്ണ, തുണിയില്‍ പുരട്ടി വച്ചുകെട്ടുന്നതടക്കം വിശദമായ നാട്ടുചികിത്സകളും ഏറെ. കൈതപ്പൂവ് ചുട്ട ഭസ്മം വിതറിയാല്‍ പ്രമേഹരോഗികളുടെ ശരീരത്തിലെ വ്രണം പെട്ടന്നുണങ്ങുമെന്നും പറയുന്നു.
പഴമക്കാര്‍ തൊണ്ടയിലെ കിച്ച്-കിച്ച് അകറ്റിയത് ലോസിഞ്ചര് മിഠായി നുണഞ്ഞല്ല – ആടലോടകത്തിന്റെ ഇല പൊടിച്ച് തേന്‍ ചേര്‍ത്ത് നുണഞ്ഞ് കഴിച്ചും തിപ്പലിയും പഞ്ചസാരയും പൊടിച്ചു ചേര്ത്തുകഴിച്ചുമാണവര് കിച്ച്-കിച്ച് അകറ്റിയത്. പശുവിന് പാലില്‍ ഇരട്ടിമധുരം ചേര്‍ത്ത് കഴിച്ചും ബ്രഹ്മിനീരും തേനും ചേര്‍ത്ത് നുണഞ്ഞും അവര്‍ തൊണ്ടയിലെ കാറല്‍ മാറ്റി.
തൊണ്ടയില്‍ ചുണ്ണാമ്പ് പുരട്ടിയാല്‍ തൊണ്ട നൊമ്പരം കുറയുമെന്ന് മറ്റൊരു നാടന്‍ വിധി. തൊണ്ടക്കുഴിയില്‍ വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തേച്ച് പിടിപ്പിക്കുന്നതും തൊണ്ടവേദന കുറയാന്‍ ഉത്തമം. സ്വരമാധുര്യം വരുത്താനുമുണ്ട് നൂറ്-നൂറ് പൊടിക്കൈകള്‍… മാവിന്റെ തളിരില നിത്യവും രാവിലെ ചവച്ചു കഴിക്കുക. തീക്കനിലില് ചുട്ടെടുത്ത ഉള്ളി തിന്നുന്നതും വെളുത്തുള്ളി അല്ലി ചവച്ചിറക്കിയ ശേഷം പാല് കുടിക്കുന്നതും ഉത്തമം തന്നെ.
വെള്ളം ശുദ്ധീകരിക്കാനും പഴമക്കാര്‍ ഒരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. മുരിങ്ങക്കായുടെ കുരു തൊലികളഞ്ഞ് അരച്ചു വെള്ളത്തിലേക്ക് അരിച്ചൊഴിച്ചാല്‍ മതി. വെള്ളം നല്ലതുപോലെ ഇളക്കുകയും വേണം. മാലിന്യങ്ങള്‍ അല്പസമയത്തിനുള്ളില്തന്നെ അടിയുമത്രേ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: