മുപ്പതുവര്‍ഷത്തെ സുദീര്‍ഘവും സംഭവബഹുലവുമായ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ വി.രാജേന്ദ്രന്, സര്‍ക്കാര്‍ ജീവിതത്തോട് വിടചൊല്ലി. ഇന്നലെയായിരുന്നു ആ പടിയിറക്കം. അതും താന്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര ഇ.എസ്.ഐ ഡിസ്പെന്‍സറിക്ക് പ്രവര്‍ത്തനമികവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കുകയെന്ന അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ സ്വപ്ന സാക്ഷാത്ക്കാരത്തിന് ശേഷം. മറ്റുള്ളവരില്‍ നിന്ന് വി.രാജേന്ദ്രനെ വേറിട്ടു നിര്‍ത്തിയ ഏറ്റവും വലിയ ഘടകം ആ മാനവികതയുടെ മുഖമായിരുന്നു. ചുറ്റുപാടും കാണുന്ന തിന്മകളോട് സന്ധിയില്ലാ സമരത്തില്‍ ഏര്‍പ്പെടുകയും പ്രത്യയശാസ്ത്രച്ചട്ടക്കൂടുകള്‍ക്കപ്പുറം തന്നാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ എന്നും ജനപക്ഷത്തുനിന്നു ഈ മനുഷ്യസ്നേഹി.
2004 ഡിസംബര്‍ 24 ന് സുനാമിത്തിരകള്‍ തീരദേശങ്ങളെ വിഴുങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവൃത്തിക്കുംമുമ്പെ രാജേന്ദ്രന് കര്‍മ്മനിരതനായി. ബോംബെയിലെ രാജേന്ദ്ര മെറ്റല്‍സും പാര്‍ലെ ബിസ്ക്കറ്റ് കമ്പിനിയും സുനാമി ബാധിതര്‍ക്ക് സഹായം എത്തിക്കുവാന്‍ മത്സരിച്ചത് രാജേന്ദ്രന്റെ മിടുക്ക് ഒന്നുകൊണ്ടുമാത്രമായിരുന്നു. ജില്ലാ കളക്ടറടക്കം ഈ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചപ്പോള്‍ വകുപ്പ് അധികാരികള്‍ വലിയൊരു പാരിതോഷികം നല്കി. 2004 ഡിസംബര്‍ 26 മുതല്‍ 2005 ജനുവരി 15 വരെയുള്ള 21 ദിവസത്തെ രാജേന്ദ്രന്റെ ശമ്പളം തടഞ്ഞുവെക്കുവാന്‍ ഉത്തരവിട്ടുകൊണ്ട് അവര്‍ പകവീട്ടി. പിന്നീട് അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഇടപെടലുകളാണ് രാജേന്ദ്രന് നീതി ലഭ്യമാക്കിയത്.
1984 ല്‍ ശബരിമല സന്നിധാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ “’നമ്പിനോര്‍ കെടുവതില്ലൈ’” എന്ന തമിഴ് സിനിമ യൗവ്വന യുക്തകളായ സിനിമാനടികളെവച്ച് ഷൂട്ട് ചെയ്തു. ഇത് ഹൈന്ദവാചാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, പൂര്‍വ്വാചാരങ്ങളുടെ ലംഘനമെന്നും കാണിച്ച് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്കോടതിയില്‍ രാജേന്ദ്രന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായി വാദിക്ക് കോടതിച്ചെലവ് അനുവദിച്ചുകൊണ്ടും പ്രതികളെ മൂന്നുമാസം തടവുശിക്ഷയ്ക്കു വിധിച്ചും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതി ഡിവിഷന് ബഞ്ച് 10നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
തികഞ്ഞ അയ്യപ്പഭക്തനായ രാജേന്ദ്രന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തിരുന്ന അയ്യപ്പചക്രത്തിലെ മൂലമന്ത്രങ്ങളിലെ തെറ്റുകള്‍ ദേവസ്വം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കായംകുളം ശ്രീരാമകൃഷ്ണാശ്രമവുമായി സഹകരിച്ച് പിഴവുകള്‍ തീര്‍ത്ത സാമ്പിള്‍ അയ്യപ്പചക്രം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ഇന്നും ഈ അയ്യപ്പചക്രങ്ങളാണ് ശബരിമലയില്‍ വിതരണം ചെയ്യുന്നത്.
താന്‍ തന്നെ ജോലി ചെയ്യുന്ന ഇ.എസ്.ഐ വകുപ്പിലെ ക്രമക്കേടുകളോട് എന്നും സന്ധിയില്ലാസമരം ചെയ്യാന്‍ രാജേന്ദ്രന് മുന്നിലുണ്ടായിരുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വാങ്ങി, കമ്മീഷന് തട്ടുന്ന ഗൂഢസംഘത്തെ വെളിച്ചത്തുകൊണ്ടുവരികയും രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി സംഘം ഇവര്‍ക്കെതിരെ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. തന്റെ മുന്നില്‍ എത്തിച്ചേരുന്ന നിസ്സഹായരായ നിരവധി പാവങ്ങല്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമങ്ങളുടെ ചട്ടക്കൂടുകള്‍ ഭേദിച്ച് സഹായം നല്കാന് എപ്പോഴും രാജേന്ദ്രന് ധൈര്യം കാട്ടിയിരുന്നു. ചിലപ്പോള്‍ ഇതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടാനും തയ്യാറാകുമായിരുന്നു. ഓഫീസ് സമയം അല്ലാത്തപ്പോഴും അവധി ദിവസങ്ങളിലും രാപകല്‍ ഭേദമന്യേയും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. ഇതിന് പുറമേയാണ് ദിനംപ്രതി ഫോണ്‍വഴിയുള്ള ഇടപെടലുകളും.
ആലപ്പുഴ തത്തംപള്ളി മഞ്ജുഷയില്‍ ചെല്ലപ്പനാചാരിയുടെ മകളായ മിനിയാണ് ഭാര്യ. മക്കള്‍ വിജയ് വിഷ്ണവും ശംഭുവും. ഇരുവരും ബി.ടെക് ബിരുദദാരികളാണ്. നന്മകള് പെയ്തൊഴിയുന്ന സമൂഹത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ജാജ്വല്യമാനമായ മുഖമാണ് രാജേന്ദ്രന്. രാജേന്ദ്രന് ഔദ്യോഗിക ജീവിതത്തിന്റെ പടികള്‍ ഇറങ്ങുന്നത് പടികള്‍ കയറുവാന്‍ വേണ്ടിയാണ്. സാമൂഹ്യസേവനത്തിന്റെ ശ്രീകോവിലേക്കുള്ള പടികള്‍ കയറുവാന്‍. ശിഷ്ടജീവിതം സര്‍ക്കാര്‍ സര്‍വ്വീസിന്റെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തനായി മുഴുവന്‍ സമയജീവകാരുണ്യപ്രവര്‍ത്തകനാകാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: