ഭാരതീയ ജനതാപാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമുള്ള ഭരണം ആരംഭിച്ചതിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയായതു സംബന്ധിച്ചു നടക്കുന്ന പരിപാടികളുടെ ഭാഗമായി തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. സാധാരണയായി ഇത്തരം അവസരങ്ങളില്‍ കാണാറുള്ളതുപോലെ അമിതാവേശം അലതല്ലിയ ആഘോഷ പരിപാടിയല്ല നടന്നത്. ഏതാണ്ട് 150 പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയുടെ അഭ്യുദയ കാംക്ഷികളും പങ്കെടുത്ത കാര്യമാത്ര പ്രസക്തമായ ഒരൊറ്റ പ്രഭാഷണം മാത്രം നടന്ന ചടങ്ങായിരുന്നു.
ബിജെപിയുടെ ദേശീയ വക്താവ് ജി.പി.എല്‍. നരസിംഹറാവു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനൈപുണ്യത്തെയും ഒരുവര്‍ഷത്തിനകം ആരംഭിച്ച വിവിധ പദ്ധതികളെയും നയപരിപാടികളെയും പറ്റി ഏകദേശം ഒരു മണിക്കൂര്‍ സംസാരിച്ചു. തികച്ചും വിശകലനാത്മകമായ ആ വിശദീകരണം സദസ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. മോദി സര്‍ക്കാരിനെതിരായി അസൂയാകുക്ഷികളായ തല്പരകക്ഷികള് ഉന്നയിച്ച ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും പൊള്ളത്തരങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
ബിജെപിയുടെ ചുമതല ലഭിക്കുന്നതിനുമുമ്പ് ജനാഭിപ്രായ വിശകലനത്തില്‍ വൈദഗ്ദ്ധ്യം നേടിയ ആളാണ് അദ്ദേഹമെന്നറിയാന്‍ കഴിഞ്ഞു. സെഷോളജിസ്റ്റിന് സഹജമായ വിശകലന സാമര്‍ത്ഥ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ദല്‍ഹിയില്‍ അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ള അമൃത ടിവി ബ്യൂറോ ചീഫ് അനു നാരായണനുമൊത്ത് നരസിംഹറാവു വിശ്രമിച്ചിരുന്നത് എന്റെ അടുത്ത സുഹൃത്ത് പി.എന്‍.ശങ്കരപ്പിള്ളയുടെ വസതിയിലാണ്. അവിടെവച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.
1978 വരെ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു എന്ന് പറഞ്ഞു പരിചയപ്പെട്ട് പഴയ പല വര്‍ത്തമാനങ്ങളും പറഞ്ഞു.
ആന്ധ്രാപ്രദേശുകാരനാണദ്ദേഹമെന്നറിഞ്ഞപ്പോള് പഴയ പല ആന്ധ്രാക്കാരെയും ഓര്‍മവന്നു. ചിലര്‍ സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്മാരും മറ്റു ചിലര്‍ പ്രചാരകരായിരുന്ന് പിന്നീട് സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആദ്യം ജനസംഘത്തിലും പിന്നീട് ബിജെപിയിലും നേതൃസ്ഥാനത്തുണ്ടായിരുന്നവരും ഇപ്പോഴും ദേശീയതലത്തില്‍ ഉള്ളവരുമാണ്.
ഭാരതീയ ജനസംഘത്തിന്റെ ആന്ധ്രാപ്രദേശ് സംഘടനകാര്യദര്ശിയും പിന്നീട് ദേശീയ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്ന ഗോപാല്‍റാവു ഠാകുര്‍ ആണൊരാള്‍. ഒന്നാംവര്‍ഷം ശിക്ഷണത്തിനു പോയപ്പോള്‍ അദ്ദേഹം എന്റെ ശിക്ഷകനും ബൗദ്ധിക് പ്രമുഖനുമായിരുന്നു. ഏത് പ്രതിസന്ധിയിലും കുലുങ്ങാത്ത അക്ഷോഭ്യനായി പരിതസ്ഥിതിയെ നേരിട്ട ആളായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്തെ ഒളിജീവിതത്തിനിടെ പക്ഷാഘാതമേറ്റ് അവശനായപ്പോഴും അദ്ദേഹത്തിനു കുലുക്കമുണ്ടായില്ല.
അടിയന്തരാശ്വാസത്തിനുള്ള ചികിത്സക്കുശേഷം അദ്ദേഹത്തിന് കേരളത്തില്‍ ആയുര്‍വേദ ചികിത്സ ചെയ്യാന്‍ സംഘാധികാരിമാര്‍ തീരുമാനിച്ചു. അങ്ങനെ കോട്ടയത്തെ ഡോ.രാഘവന്റെ വീട്ടില്‍ എത്തിച്ചു ചികിത്സക്കേര്‍പ്പാടു ചെയ്തു. അദ്ദേഹത്തിന്റെ അക്ഷോഭ്യതയും ഏതു പ്രതിസന്ധിയേയും നേരിടാനുള്ള തന്റേടവും ആ സമയത്ത് നേരിട്ടു കാണാനായി. പഴയ ഹൈദരാബാദിലെയും മദ്രാസ് പ്രസിഡന്‍സിയിലെയും തെലുങ്ക് സംസാരിക്കുന്ന സ്ഥലങ്ങള്‍ ഒന്നിച്ചാണ് സംഘത്തിന്റെയും ആന്ധ്രാപ്രാന്തം കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ വീണ്ടും അവ രണ്ടു സംസ്ഥാനങ്ങളായി വേര്‍പിരിഞ്ഞ കാലമാണല്ലൊ.
ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്ത് അടുപ്പത്തില്‍ വന്ന ബംഗാരുലക്ഷ്മണ്‍ പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയുടെയും സമുന്നത സ്ഥാനത്തെത്തിയിരുന്നു. നല്ല സംഘാടകനും പ്രഭാഷകനും സുഹൃത്തുമായിരുന്നു ബംഗാരു. പട്ടികജാതിയില്‍പ്പെട്ട അദ്ദേഹം സംഘടനയുടെ അധ്യക്ഷപദത്തിലെത്തിയത് മറ്റു രാഷ്ട്രീയക്കാര്‍ക്ക് അസഹ്യമായ കണ്ണുകടിയുണ്ടാക്കി.
തെഹല്‍ക്കാ വാരികയും പത്രാധിപര്‍ തരുണ്‍ തേജ്പാലും നടത്തിയ തികച്ചും വഞ്ചനാപരമായൊരു ഗൂഢനീക്കത്തിലൂടെ ആ നിര്ഭാഗ്യവാനെ കുരുക്കി അപമാനിതനാക്കി നശിപ്പിച്ചുവെന്നുപറയുന്നതാവും ശരി. തേജ്പാല്‍ അതിനീചമായ ലൈംഗികാരോപണത്തില്‍ പ്രതിയായി, ഇപ്പോള്‍ വിചാരണ നേരിടുന്നു. ബംഗാരു ലക്ഷ്മണ് നിരാശനായിക്കഴിയുന്ന കാലത്ത് തിരുവനന്തപുരത്തെ കേന്ദ്രീയ ആയുര്‍വേദ ഗവേഷണസ്ഥാപനത്തില്‍ ചികിത്സയിലായിരുന്നപ്പോള്‍ കാണാന്‍ പോകുകയും കുറേനേരം സംസാരിക്കുകയും ചെയ്തു.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംയോജകനായി പ്രവര്‍ത്തിച്ച കാലത്ത്, അതിന്റെ ദേശീയ നേതാവായിരുന്ന മുരളീധര്‍ റാവു ഇപ്പോള്‍ ബിജെപിയുടെ ദേശീയകാര്യദര്ശിമാരില് ഒരാളാണ്.
നേരത്തെ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മുരളീധര്‍റാവു സ്വദേശി പ്രസ്ഥാനത്തിന് ഈടുറ്റ സംഭാവനകള്‍ നല്കി. വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ ധാരാളം പരിഷത് പ്രവര്‍ത്തകരെ അദ്ദേഹം സ്വദേശി ചിന്തയുടെ നാനാതരം വശങ്ങളെക്കുറിച്ചും ബോധിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന്, അനേകം മേഖലകളില്‍ പ്രാഗത്ഭ്യം ഉണ്ടായിരുന്ന ഒട്ടേറെ പ്രശസ്ത വ്യക്തികളെ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായിക്കൊണ്ടുവരാന് അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാത്തരത്തിലും തലത്തിലുമുള്ള ആളുകളുമായി അവര്‍ക്കനുയോജ്യമായ വിധത്തില്‍ ഇടപഴകാനും സ്വദേശി എന്ന ആശയത്തെ യുക്തിയുക്തം ബോധ്യപ്പെടുത്താനും മുരളീധര്‍ റാവുവിനു കഴിഞ്ഞിരുന്നു.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെ നടത്തപ്പെട്ട പ്രചാരണ യാത്രയുടെ ഉദ്ഘാടനവേളയിലും കാലടിക്കടുത്ത താന്നിപ്പുഴയില്‍ നാഗാര്‍ജ്ജുന ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സക്കു താമസിച്ചപ്പോഴും അദ്ദേഹവുമായി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. മുരളീധര്‍ റാവു പിന്നീട് ബിജെപിയുടെ ദേശീയതലത്തിലുള്ള നേതൃസ്ഥാനത്തെത്തി.
ബിജെപിയുടെ അദ്ധ്യക്ഷന്‍, പാര്‍ലമെന്ററി കാര്യമന്ത്രി, പ്രഗത്ഭനായ പ്രഭാഷകന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായ വെങ്കയ്യനായിഡു ആന്ധ്രയില്നിന്നുയര്ന്നുവന്ന മറ്റൊരു ബിജെപി നേതാവാണ്. കോണ്‍ഗ്രസ് നേതൃത്വം തെലുങ്കു ജനതയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതില്‍ മനം മടുത്ത് ധാര്‍മികരോഷം പൂണ്ട് തെലുങ്കു ഗൗരവം വീണ്ടെടുക്കുമെന്നു പ്രതിജ്ഞയെടുത്ത് സംസ്ഥാനത്തുടനീളം കീര്ത്തിരഥത്തിലൂടെ ദിഗ്വിജയം നടത്തി വിജയംവരിച്ച മുന്സിനിമാതാരം എന്‍.ടി.രാമറാവുവിന്റെ തെലുങ്കുദേശം പാര്‍ട്ടി സംസ്ഥാനത്തെ തൂത്തുവാരി വിജയിച്ച കാലമുണ്ടായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ഗവര്‍ണര്‍ രാംലാല്‍ നടത്തിയ ഭരണഘടനാവിരുദ്ധമായ നീക്കത്തിനെതിരെ നടന്ന ഗംഭീരമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നേതൃത്വത്തിലൂടെയാണദ്ദേഹം ദേശീയ ശ്രദ്ധയില്‍ വന്നത്. ഇന്ന് മോദി സര്‍ക്കാരിന്റെ കരുത്തുറ്റ സ്തംഭങ്ങളിലൊന്നാണ് വെങ്കയ്യനായിഡു.
ബിജെപിയുടെ നേതൃനിരയിലേക്കു താരതമ്യേന പുതുതായി ഉയര്‍ന്നുവന്ന രാം മാധവ് മുമ്പ് സംഘത്തിന്റെ വക്താവ് എന്ന നിലയ്ക്ക് മാധ്യമശ്രദ്ധയില്‍ വന്നയാളാണ്. പ്രശ്നങ്ങളെ വിലയിരുത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കുശലനാണ്.
ആന്ധ്രയില്‍നിന്ന് (ഇന്നത്തെ തെലങ്കാനയടക്കമുള്ള) ബിജെപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നവന്ന ഒട്ടേറെ നേതാക്കന്മാരുണ്ട്. ബിജെപിയുടെ മാത്രമല്ല എല്ലാ രാഷ്ട്രീയ രാഷ്ട്രീയേതര പ്രസ്ഥാനങ്ങളുടെയും സ്ഥിതി അതുതന്നെയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥിതി അതാണെന്നു കാണാം. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മൂലം നേതാക്കള്‍ക്ക് ഒട്ടേറെ കഷ്ടതകളനുഭവിക്കേണ്ടിവന്നിരിക്കാം. പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിനും ലോക്സഭാ സ്പീക്കറും പിന്നീട് രാഷ്ട്രപതിയുമായ എന്‍.സഞ്ജീവറെഡ്ഡിക്കും അവരില്‍നിന്ന് നേരിടേണ്ടിവന്ന അപമാനത്തിനും അവഹേളനയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചുവല്ലൊ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ സൈദ്ധാന്തികമായും സംഘടനാപരമായും ആന്ധ്രാക്കാര്‍ ഏറെയാണ്. ഇന്നത്തെ സീതാറാം യച്ചൂരിയടക്കം.
സംഘശിക്ഷാവര്‍ഗുകളില്‍ ഒരുമിച്ചു ഒന്നാംവര്ഷവും രണ്ടാം വര്‍ഷവും പരിശീലനത്തിനുണ്ടായിരുന്ന ദുര്ഗാപ്രസാദറാവുവിനെ മറക്കാനാവില്ല. രണ്ടുവര്‍ഷവും ഞങ്ങളുടെ ഗണപ്രമുഖ് ആയിരുന്നു. ശാരീരികിലും ബൗദ്ധിക്കിലും മുന്നില്‍. വിദ്യാഭ്യാസത്തിനുശേഷം പ്രചാരകനായി. ആദ്യം കത്തിടപാടുകളുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ഒരു വിവരവുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഉടുപ്പിയില്‍ ചേര്‍ന്ന വിശ്വഹിന്ദുപരിഷത്തിന്റെ ഐതിഹാസികമായ മഹാസമ്മേളനത്തില്‍ ദക്ഷിണഭാരതത്തിലെ എല്ലാ പ്രചാരകന്മാരും എത്തിയിരുന്നു. പൂജനീയ ഗുരുജിയുടെ പരിചയ ബൈഠക്കില്‍ അദ്ദേഹത്തെ കണ്ടു.
വൈശാഖ് വിഭാഗിന്റെ പ്രചാരകനാണ്. ബൈഠക്കിനുശേഷം നേരിട്ടു കണ്ടപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരില്ല. ദുര്ഗാപ്രസാദിന് ഒ.ടി.സി.ക്കാലത്തെ അത്രതന്നെ ചെറുപ്പം. ഗോപാല്‍റാവു ഠാക്കുര്ജി സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. അദ്ദേഹം ഞങ്ങളുടെ ഒ.ടി.സി. ശിക്ഷകനുമായിരുന്നല്ലോ. ഏതാനും നാളുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ ചരമവാര്‍ത്ത ഓര്‍ഗനൈസറില്‍ വായിച്ചപ്പോള്‍ നടുക്കമുണ്ടായി. നരസിംഹറാവുവുമായി പരിചയപ്പെട്ടപ്പോള്‍ പഴയ ആന്ധ്രാക്കാരായ സുഹൃത്തുക്കളെ അനുസ്മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: