ചിലരങ്ങനെയാണ്. മാറ്റാനാവില്ല. മാറ്റം മുന്നില്‍ കണ്ടാലും മാറാതെ നില്ക്കും. താന്‍ പിടിച്ച പൂച്ചയ്ക്ക് കൊമ്പ് രണ്ട് എന്നതില്‍ നിന്ന് പുറകോട്ടില്ല. അരസികന്മാരോട് കവിത പാടില്ലെന്ന് കാളിദാസന് പറഞ്ഞത് ഇത്തരക്കാരേയും കൂടി ഉദ്ദേശിച്ചാവണം. പറഞ്ഞുവരുന്നത് പക്ഷേ, അല്പം രാഷ്ട്രീയമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവേള. മാധ്യമങ്ങള്‍ അത് പല തരത്തില്‍ ആഘോഷിച്ചു. ദോഷം പറയരുതല്ലോ, നമ്മുടെ കോഴിക്കോട്ടെ പത്രമുത്തശ്ശിയും കൊടുത്തു ഒരു ലേഖനം. ഒന്നാമതായിത്തന്നെ.
മാറ്റത്തിന്റെ അടിത്തറപാകല്‍ എന്ന് തലക്കെട്ട്. എഴുതിയത് ബിബേക്ദേബ്റോയ്. ആരാണിദ്ദേഹമെന്ന് ലേഖനത്തിന്റെ ഒടുവില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു. കണ്ടാലും: നിതി ആയോഗിലെ രണ്ടു സ്ഥിരാംഗങ്ങളില്‍ ഒരാളും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമാണ് ലേഖകന്‍. അത്രയും കുഴപ്പമില്ല. ഇനിയാണ് പത്രത്തിന്റെ അജണ്ട പുറംതോട് പൊട്ടിച്ച് വരുന്നത്. അത് ഇതാ: അഭിപ്രായങ്ങള്‍ വ്യക്തിപരം. ച്ചാല്‍ ആറുറുപ്പിക കൊടുത്ത് ഇക്കടലാസ് വാങ്ങി വായിക്കുന്നവന് ഒരിക്കലും അത് പത്രത്തിന്റെ അഭിപ്രായമായി കരുതരുത് എന്ന് സാരം.
ശരി സമ്മതിക്കുക.
പത്രധര്‍മ്മമാണെന്ന് കരുതുക. രണ്ടാമത് ഒരു ലേഖനം കൊടുത്തിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ: ധ്രുവീകരണ വഴിയില്‍ ഒരു വര്‍ഷം. എഴുതിയത് പരന്‍ജോയ് ഗുഹതാക്കൂര്ത. അതിന്റെ ഒടുവിലും കൊടുത്തിട്ടുണ്ട് വിശദീകരണം. അതിങ്ങനെ: ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകന്‍ മുന്‍ പ്രസ് കൗണ്‍സില്‍ അംഗവുമാണ്. അതോടെ വിശദീകരണം സ്വാഹ. മുകളില്‍ കൊടുത്ത ലേഖനം എഴുതിയ ആളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആവുമ്പോള്‍ രണ്ടാമത്തെ വിദ്വാന്റെ ലേഖനം അങ്ങനെയല്ലാതാവുന്നതിന്റെ മാജിക്ക് എന്താണ്? അത് പത്രത്തിന്റെ മൊത്തം അഭിപ്രായം ആണെന്നല്ലേ അന്നം തിന്നുന്നവര്‍ കരുതുക? നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കുരച്ചുചാടാന്‍ മാത്രമുള്ളതാണോ സത്യം സമത്വം സ്വാതന്ത്ര്യത്തിന്റെ വാവട്ടം. പത്രപ്രവര്‍ത്തനത്തിലെ ജേര്‍ണലിസമാണോ, പത്രപ്രവര്‍ത്തകന്റെ ജീര്‍ണലിസമാണോ, മാനേജ്മെന്റിന്റെ നീചലിസമാണോ ഇതെന്ന്് പ്രിയപ്പെട്ട കാലികവട്ടം വായനക്കാര്‍ വിലയിരുത്തുക.
മേല്‍പ്പറഞ്ഞ ലേഖനങ്ങള്‍ക്കൊപ്പം പത്രാധിപന്റെ ഒരു ഉദീരണം കൂടി മുഖപ്രസംഗമെന്ന രീതിയില്‍ കൊടുത്തിട്ടുണ്ട്. മറക്കാന്‍ പാടില്ലാത്തത് അടിസ്ഥാനശിലകള്‍ എന്ന തലക്കെട്ടില്‍ ആയത് വായിക്കാം. നേരത്തെ സൂചിപ്പിച്ച ഒളിയജണ്ട മുനകൂര്‍പ്പിച്ച് ഇതില്‍ മുക്രയിട്ടുപായുന്നത് കാണാം. ഈ അധികപ്രസംഗത്തിന്റെ മുകളില്‍ ഗാന്ധിജിയുടെ വചനവും കൊടുത്തിട്ടുണ്ട്. അത് വായനക്കാര്‍ വായിക്കുന്നതിനേക്കാള്‍ നന്ന് പത്രാധിപര്‍ തന്നെ വായിക്കുന്നതാണ്. കാരണം ഗാന്ധിജി അജണ്ട ഒളിപ്പിച്ചുവെച്ചായിരുന്നില്ല നിഷ്കളങ്കമായി ചിരിച്ചിരുന്നത്. ആത്മാര്‍ത്ഥതയുടെ നിലാവെളിച്ചം നിറഞ്ഞതായിരുന്നു അത്. ആത്മാര്‍ത്ഥതയുടെ അരികു പറ്റിയാണ് പോക്കെന്ന് പറയുന്നവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മറ്റെന്തൊക്കെയോ ആണെന്ന് ഇതില്‍ നിന്ന് വ്യക്തമല്ലേ?
വിപസനധ്യാനം എന്ന പേരില്‍ ഒളിച്ചോട്ടം നടത്തിയ രാജകുമാരന് സര്‍ക്കസിലെ ചില വിദ്വാന്മാരെപ്പോലെയാണിപ്പോള് പെരുമാറുന്നത്. നരേന്ദ്രമോദിയുടെ ചുരുക്കപ്പേര് എന്ന നിലയ്ക്ക് നമോ എന്ന് വിളിക്കുന്നത് രാജകുമാരന് അത്ര പിടിച്ചിട്ടില്ല. അതിനദ്ദേഹം മറ്റൊരുവ്യാഖ്യാനമാണ് കൊടുത്തിരിക്കുന്നത്. നോ വര്‍ക്ക് മോര് ഒറേറ്ററി എന്ന് കോഴിക്കോട്ട് നടന്ന പരിപാടിയില്‍ അദ്ദേഹം പറയുകയുണ്ടായി. ഇത് വായിച്ചറിഞ്ഞ ഞങ്ങളുടെ നാട്ടിലെ കണാരേട്ടന്, ബിരുദത്തിന് പഠിക്കുന്ന കൊച്ചുമകന്റെ സഹായത്തോടെ രാജകുമാരന്റെ സഖ്യത്തിന് മറ്റൊരു വ്യാഖ്യാനം കൊടുത്തു. അതീവസന്തോഷത്തോടെ എന്നെ വിളിച്ച കണാരേട്ടന് പറഞ്ഞത് ഇങ്ങനെ: ഓന്റെ കക്ഷിക്ക് നമ്മള് ഒരു പേരിട്ടു മോനെ. ഇതാ പിടിച്ചോ. അട്ടര്‍ പൊല്യൂട്ടഡ് അലയന്‍സ് (യുപിഎ). കണാരേട്ടനുപോലും അത്ര വര്‍ദ്ധിത ആവേശം വരുത്താന്‍ രാജകുമാരന് സാധിച്ചു എന്നതില്‍ കാലികവട്ടത്തിന് പെരുത്ത് സന്തോഷം. കാലത്തിന്റെ ഒരു പോക്കേ…
ഗള്‍ഫ് ജീവിതവും നിതാഖത്തും ആത്മാര്‍ത്ഥ സ്നേഹവും സാമ്പത്തിക ആക്രാന്തവും സാധാരണജീവതവും എല്ലാം കലരുന്ന സുന്ദരമായ ഒരു നോവലെറ്റ് പ്രിയസ്നേഹിത മാസിക (മെയ്) യില്‍. ഷൈന്‍ ഷൗക്കത്ത് അലിയുടെ ബാധ്യത ഏല്‍ക്കേണ്ടതില്ല എന്ന നോവലെറ്റ് ഒടുവില്‍ ശുഭപര്യവസായി ആവുമ്പോള്‍ മനുഷ്യരിലേക്ക് നന്മ കയറിവരുന്ന വഴികളെക്കുറിച്ച് ഒരുവേള നമ്മള് ചിന്തിച്ചുപോകും. എല്ലാം പണത്തിന്റെ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ പൊട്ടിച്ചിതറുന്ന കുപ്പിവളകള്‍ പോലെയാകുന്നു ജീവിതം. സര്‍വതും നേടിയിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയെക്കുറിച്ച് ആരും മനസ്സു തുറന്ന് വിശകലനം ചെയ്യുന്നില്ല.
തങ്ങളുടെ ഇടുങ്ങിയ മനസ്സിലേക്ക് എല്ലാ വിശാല സങ്കല്‍പ്പങ്ങളും ബോണ്‍സായ് പരുവത്തിലാക്കി കുത്തിക്കയറ്റുകയാണ്. മനുഷ്യത്വവും ആര്‍ദ്രതയും സ്നേഹവും എല്ലാം പുറമെക്കാരാവുന്ന സ്ഥിതിവിശേഷം. പടിപ്പുരവാതില്‍ അടച്ച് സാക്ഷയിടുന്നതുപോലെ മനസ്സിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. അങ്ങനെ ചെയ്യുന്നവര്‍ ജീവിതം തകര്‍ക്കുന്നതെങ്ങനെയെന്ന് ഷൈന്‍ ഷൗക്കത്തലി സുന്ദരമായി പറഞ്ഞുപോകുന്നു. അത്യുഷ്ണത്തിന്റെ രൂക്ഷതക്കൊടുവില് എത്തുന്ന പുതുമഴയുടെ മണവും രുചിയും കുളിരും അനുഭവിക്കാം ആ നോവലെറ്റ് വായിക്കുമ്പോള്‍. മുസ്ലിം പശ്ചാത്തലത്തില്‍ മോഹങ്ങള്‍ പെയ്തിറങ്ങുന്ന കഥ, സംഭവ്യമാകാവുന്ന കഥ.
മാവോവാദി-നക്സല്‍-മനുഷ്യാവകാശ… തുടങ്ങി ഒട്ടേറെ പേരുകളില്‍ അറിയപ്പെടുന്നവര്ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതി(മെയ്31)പ്പ്. കോടതിയുടെ ഒരു പരാമര്‍ശം ഇത്തരക്കാര്‍ക്ക് ആവേശമുണ്ടാക്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍ നക്സലുകള്‍ ഉള്‍പ്പെടെയുള്ള ഘടാഘടിയന്മാരുടെ നെടുങ്കന്‍ ലേഖനങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന്് വരുത്തിത്തീര്‍ക്കുകയാണ് കമലരാമന്മാര്. അരാജകവാദത്തിന്റെ ആത്മാവില്‍ അഭിരമിക്കുന്നത് മനുഷ്യത്വത്തിന്റെ മാസ്മരികതയാണെന്ന്് വാദിക്കുന്ന വിദ്വാന്മാരാണല്ലോ അവര്‍. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും എടുത്തുവെക്കാം ഇതൊക്കെ. എപ്പോഴെങ്കിലും ആവശ്യമുണ്ടായെങ്കിലോ?
സകലമാന കവികളെയും അളന്നെഴുതുന്ന വിദ്വാന്റെ രചന (കവിതയെന്ന് പത്രാധിപന് മുകളില്‍ തുല്യം ചാര്‍ത്തിയിരിക്കുന്നു) മെയ് 22ന്റെ ദേശീയവാരികയില്. 18 വരിയേയുള്ളു. കല്ലറ അജയന് എന്ന കവി പറയാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ അതില്‍ വന്നോ എന്നൊരു സംശയം അസാരം മുന്നിട്ടു നില്ക്കുന്നു. ഗോളാകൃതിയുടെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് തിരയുന്ന മേപ്പടി രചന വായിച്ചുകഴിയുമ്പോള്‍ നമ്മളും ഗോളാകൃതിയാവാന് സാധ്യതയുണ്ട്. എന്തായാലും അപൂര്‍ണമാണ് ആ രചന. കവിതയെ (തല്ക്കാലം അങ്ങനെ വിശേഷിപ്പിക്കാം) ഗളഹസ്തം ചെയ്ത് ചോരയൊലിപ്പിക്കുന്നത് എന്തിന് അജയന് കല്ലറേ എന്നത്രേ വിലപിക്കുന്നൂ വായനക്കാര്‍.
ഈ വര്‍ഷത്തെ കുമാരനാശാന് അന്തര്‍ദേശീയ കവിതാപുരസ്കാരം നേടിയത് സിറിയയില്‍ ജനിച്ച അറബ് കവി അഡോണിസ് ആണ്.
പുരസ്കാരം ഏറ്റുവാങ്ങാന്‍ കേരളത്തില്‍ എത്തിയ അദ്ദേഹവുമായി ഡോ. എന്‍.ഷംനാദ് സംസാരിച്ചതിന്റെ ദീര്‍ഘവിവരണം മാധ്യമം ആഴ്ചപ്പതി(മേയ്25)പ്പില്‍. പത്തുപേജിലേക്ക് വിന്യസിക്കപ്പെട്ടിരിക്കുന്ന പക്വതയുള്ള രചന. ഒരു ചോദ്യവും അതിനുള്ള ഉത്തരവും കാണുക. എത്രയെത്ര കവിതാസമാഹാരങ്ങളാണ് താങ്കളുടേതായിട്ടുള്ളത്. എന്തുകൊണ്ടാണ് നോവല്‍ പോലുള്ള മറ്റു സാഹിത്യ രൂപങ്ങള്‍ പരീക്ഷിക്കാത്തത് എന്ന് ചോദ്യം. ഇതാ ഉത്തരം: ലോകത്തെയും മനുഷ്യനെയും നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയായാണ് എന്നെ ഞാന്‍ കാണുന്നത്. അതിനാല്‍ ഞാന്‍ കവിത മാത്രം എഴുതാന്‍ ശ്രമിക്കുന്നു. എല്ലാ കവികളും, കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ തയാറാവുന്ന പത്രാധിപന്മാരും ഇത് ഓര്‍ക്കുന്നത് നന്ന്.
തൊട്ടുകൂട്ടാന്‍
കൊല്ലാതെ, വിടാതെയും,
പിന്തുടര്ന്നിടും തന്റെ
തന്നെ മൃത്യുവിന് ദയാപൂര്‍വ
നിര്ദയത്വത്തില്
കണ്ടിരിക്കുന്നു കടുംകാഴ്ചകള്
നമ്മള്, തന്റെ
തന്നെ വേട്ടകള്‍; അപരന്റെയും
മൃഗയകള്‍.
കണിമോള്‍
കവിത: കരുണമൊരുരസം താന്‍
മലയാളം വാരിക (മെയ്29)
പ്രതികരിക്കാൻ ഇവിടെ എഴുതുക: