കോട്ടയം: ഒരാഴ്ചക്കാലത്തെ നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമായി. പാറമ്പുഴ കൂട്ടക്കൊലപാതകത്തിലെ പ്രതി നരേന്ദ്രകുമാറിനെ തെളിവെടുപ്പിനായി മൂലേപ്പറമ്പില്‍ വീട്ടിലെത്തിച്ചതോടെയാണ് കൊലപാതകിയെ കാണാന്‍ കാത്തിരുന്ന നാട്ടുകാരുടെ ആകാംക്ഷയ്ക്ക് വിരാമമായത്. കഴിഞ്ഞ 17ന് കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത അറിഞ്ഞതുമുതല്‍ കൊലപാതകി ആരെന്നറിയാനുള്ള ആകാംക്ഷയായിരുന്നു നാട്ടുകാര്‍ക്ക്. മൂന്നുപേരെയും അരുംകൊല ചെയ്തത് അലക്കുകമ്പനിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആണെന്നറിഞ്ഞതോടെ അയളോടുള്ള വിദ്വേഷം ഉള്ളിലൊതുക്കി തെളിവെടുപ്പിന് കൊണ്ടുവരുന്നതുംകാത്ത് നാട്ടുകാര്‍ അക്ഷമരായി. ഒരു കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകനെയും അരുംകൊല ചെയ്ത കൊലയാളിയെ മുന്നില്‍കണ്ടാല്‍ എന്തും ചെയ്തുപോകുമെന്ന മാനസികാവസ്ഥയിലായിരുന്നു സ്ത്രീകളടക്കമുള്ള നാട്ടുകാര്‍. ദിവസങ്ങള്‍ക്കുമുമ്പ് പ്രതിയെ കോട്ടയത്തെത്തിച്ചെങ്കിലും പാറമ്പുഴയിലെത്തിച്ച് തെളിവെടുക്കാന്‍ പോലീസിനും ആശങ്കയുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും എസ്എന്‍ഡിപിശാഖായോഗം ഭാരവാഹികളെയും ബന്ധപ്പെട്ട് പ്രതിയെ സുരക്ഷിതമായി തെളിവെടുപ്പിന് കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊലപാതകം നടത്തിയ അലക്കുകമ്പനിയിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ കഞ്ഞിക്കുഴി – തിരുവഞ്ചൂര്‍ റോഡില്‍ ചെട്ടിപ്പടിയില്‍ പോലീസ് വാഹനപരിശോധന തുടങ്ങിയിരുന്നു. രണ്ടരയോടെ പ്രതിയെയുംകൊണ്ട് പോലീസ് വാഹനം സ്ഥലത്തെത്തി. അലക്കുകമ്പനിയോടു ചേര്‍ത്ത് പോലീസ് വാഹനം നിര്‍ത്തി തോക്കേന്തിയ പോലീസുകാരുടെ അകമ്പടിയോടെ പ്രതിയെ അലക്കുകമ്പനിക്കുള്ളിലേക്കു കൊണ്ടുപോയി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരെ ഇരുവശത്തും പോലീസ് തടഞ്ഞുനിര്‍ത്തി. അലക്കുകമ്പനിക്കുള്ളിലെത്തിയ നരേന്ദ്രകുമാര്‍ കൃത്യം നിര്‍വ്വഹിച്ച വിധം പോലീസിനോടു വിവരിച്ചു. കൊലപാതകത്തിനുശേഷം അന്ന് ഉടുത്തിരുന്ന കൈലിമുണ്ട് വലിച്ചെറിഞ്ഞ സ്ഥലവും പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിനുള്ളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലചെയ്യപ്പെട്ട ലാലസണ്‍, പ്രസന്നകുമാരി, പ്രവീണ്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ കത്തിച്ച നിലവിളക്കിനു മുന്നില്‍ വച്ചിരുന്നു.
വിങ്ങുന്ന ഹൃദയത്തോടെ ഇളയമകന് വിബിന്‍ലാലും ബന്ധുക്കളും തെളിവെടുപ്പിന് സാക്ഷികളായി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മിന്നല്‍ വേഗത്തില്‍ പോലീസ് നരേന്ദ്രകുമാറിനെ വാനിനുള്ളില്‍ കയറ്റി. അപ്പോഴേക്കും കൂടിനിന്ന നാട്ടുകാരുടെ ക്ഷമയറ്റു. പുലഭ്യം പറച്ചിലും പുലയാട്ടുകളുമായി അവര്‍ പോലീസ് വാഹനത്തെ വളഞ്ഞു. ഏറെ പണിപ്പെട്ടാണ പോലീസ് വാഹനം മുന്നോട്ടെടുത്തത്.
പ്രതിയെ സംഭവസ്ഥലത്തുനിന്നും കൊണ്ടുപോയശേഷം എആര്‍ ക്യാമ്പിലെ പോലീസുകാരടങ്ങുന്ന സംഘം പ്രതി ഉപേക്ഷിച്ച കൈലിമുണ്ടിനായി സമീപത്തെ കാടുപിടിച്ചുകിടന്ന പറമ്പില്‍ തെരച്ചില്‍ നടത്തി. കുറച്ചു സമയത്തിനുശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കൈലിമുണ്ട് കണ്ടെത്തി. നേരത്തെ തന്നെ കൊലചെയ്യാനുപയോഗിച്ചിരുന്ന കോടാലിയും കത്തി യും വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് മഹസര്‍ തയ്യാറാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഉടന്‍തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു.വി.കുര്യാക്കോസ്, പാമ്പാടി സിഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: