537. നിരുപാധിഃ – ഉപാധികളില്ലാത്തവള്‍. ഉപാധി എന്ന പദത്തിന് ലക്ഷണം, പ്രതേ്യകത, വേര്‍തിരിച്ചറിയാനുള്ള അടയാളം, കാലദേശാദികളുടെ പരിധി, ഉപായം, ഒന്നിനുപകരം വയ്‌ക്കാവുന്ന മറ്റൊന്ന് എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍. ദേവിക്ക് അകാരമോ ആസ്ഥാനമോ ഗുണമോ ഇല്ലാത്തതുകൊണ്ട് ഉപാധികളുമില്ല. ദേവിക്കു പകരം വയ്‌ക്കാവുന്ന മറ്റൊന്നും ഒരിടത്തുമില്ല. അതുകൊണ്ട് ദേവി അനുപമയുമാണ്. ഒരുതരത്തിലുള്ള ഉപാധികളുമില്ലാത്തവളാകയാല്‍ ‘നിരുപാധിഃ’ എന്നുപേര്.
ഉപാധി എന്ന പദത്തിന് അജ്ഞാനം എന്നും അര്‍ത്ഥം. ശുദ്ധജ്ഞാനമൂര്‍ത്തിയായ ദേവി നിരുപാധിയാണ്.
538. നിരാശ്രയാഃ – ആശ്രയമില്ലാത്തവള്‍. എല്ലാത്തിനും ആശ്രയമായി മറ്റെന്തെങ്കിലും ഉണ്ടായിരിക്കും. പരസ്പരാശ്രയം പ്രകൃതിനിയമമാണ്. അത് എല്ലാത്തിനും ആശ്രയമായ മൂകാംബികയ്‌ക്കു ബാധകമല്ല. എല്ലാത്തിനും ആശ്രയമായ ദേവിക്ക് ആശ്രയമെന്തിന്?
539. ജഗദ്ഭ്രമവിവര്‍ത്തകകാരണാഃ – ജഗത്തിന്റെ ഭ്രമത്തിനും വിവര്‍ത്തനത്തിനും ഏകകാരണമായവള്‍. ഭ്രമത്തിന് ചുറ്റിത്തിരിയല്‍ എന്നും വിവര്‍ത്തനത്തിനു രൂപഭേദം എന്നും അര്‍ത്ഥം. നിരന്തരമായി ചുറ്റിത്തിരിയുന്ന ബ്രഹ്മാണ്ഡങ്ങളുടെ സമാഹാരമാണ് ജഗത്ത്. ഓരോ ബ്രഹ്മാണ്ഡത്തിലും ബഹുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും. അവയും ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു. അവയിലൊക്കെ പലപല ജീവികളും വസ്തുക്കളും. അവയില്‍ ഓരോന്നിന്റെ ഉള്ളിലും പലതരം ഭ്രമണങ്ങളും സ്പന്ദനങ്ങളും. ആകെ ഭ്രമാത്മകമാണ് ജഗത്ത്. ഭ്രമണത്തോടൊപ്പം ജഗത്തിനും ജഗത്തിലുള്ള ഓരോ ജീവിക്കും പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. പ്രപഞ്ചത്തിനു നിരന്തരമായി ഉണ്ടാകുന്ന ഭ്രമത്തിനും വിവര്‍ത്തനത്തിനും കാരണം കണ്ടെത്താനാവില്ല. ദേവിയുടെ ലീല എന്നുപറയാം. നമ്മുടെ ബുദ്ധിക്കെത്തിയിടത്തോളം ദേവിയുടെ ഇച്ഛ എന്ന് സംഗ്രഹിക്കാം.
540. ദിവ്യവിഗ്രഹാഃ – ദിവ്യമായ വിഗ്രഹമുള്ളവള്‍. ദിവ്യം എന്ന പദത്തിന് ദിവ്യത്തെ സംബന്ധിച്ചത് എന്നു പദാര്‍ത്ഥം. അര്‍ത്ഥവികാസംകൊണ്ട് അലൗകികമായത്, അത്ഭുതകരമായത്, ഇന്ദ്രിയഗോചരമല്ലാത്തത്, സുന്ദരമായത്, ആകര്‍ഷകമായത്, പാവനമായത്, പ്രകാശിക്കുന്നത് തുടങ്ങിയ അര്‍ത്ഥങ്ങളും ഉണ്ടായി. വിഗ്രഹം എന്ന പദത്തിന് ശരീരം, ബിംബം, പ്രതിമ, ആകൃതി, വിസ്താരം, വ്യാപ്തി, യുദ്ധം, കലഹം എന്നീ അര്‍ത്ഥങ്ങളുണ്ട്.
രണ്ടും ചേര്‍ന്ന ‘ദിവ്യവിഗ്രഹാ’ എന്ന നാമത്തിന് അലൗകികവും അത്ഭുതകരവും സുന്ദരവും പ്രകാശമാനവുമായ ശരീരമുള്ളവള്‍ എന്ന് അര്‍ത്ഥം പറയാം. ഈ വിശേഷണങ്ങള്‍ ചേരുന്ന പ്രതിഷ്ഠാമൂര്‍ത്തിയായി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ ഇളകൊള്ളുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
ലോകമാകെ വ്യാപിക്കുന്ന ദിവ്യശരീരമുള്ളവള്‍ എന്നു മറ്റൊരു വ്യാഖ്യാനം. ലോകകണ്ടകരായിത്തീര്‍ന്ന ദുഷ്ടരെ നശിപ്പിക്കുന്നതിന് അത്ഭുതകരമായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
… തുടരും
















