പൂര്‍ണവികാസം പ്രാപിച്ച ഒരു ഭാരതീയാദര്‍ശവും ഉപനിഷത്തുകളാകുന്ന അതേ ഉറവിടത്തില്‍ അങ്കുരിക്കാത്തതായിട്ടില്ല. ഉപനിഷത്തുകളില്‍ പറയത്തക്ക പാണ്ഡിത്യമില്ലാത്ത ചിലര്‍, വിദേശീയമായ ചില ഉറവിടങ്ങളില്‍നിന്നാണ് ഭക്തി ഇവിടെ വന്നുചേര്‍ന്നതെന്നു വരുത്താന്‍ പരിഹാസ്യമായി പല മട്ടിലും പ്രയത്‌നിച്ചിട്ടുണ്ട്.
എന്നാല്‍ നിങ്ങള്‍ക്കറിയാം, ഇവയെല്ലാം വിഫലമായിരിക്കയാണെന്ന്. ഭക്തിക്ക് എന്തൊക്കെ വേണമോ അതൊക്കെ സംഹിതകളില്‍പ്പോലുമുണ്ട്; പിന്നല്ലേ ഉപനിഷത്തുകളെക്കുറിച്ച് ആരാധനയും പ്രേമവുമൊക്കെ അവിടെയുണ്ട്. ഒന്നുമാത്രം; ഭക്തിയുടെ ആദര്‍ശങ്ങള്‍ ക്രമേണ ഏറെ ഉയരുകയാണ്. സംഹിതഭാഗങ്ങളില്‍ ചിലപ്പോള്‍ ഭയവും ദൈന്യവും കലര്‍ന്ന ഒരു മതത്തിന്റെ അവശേഷങ്ങള്‍ കാണാം.
ചിലപ്പോഴവിടെ ആരാധകര്‍ വരുണന്റെയോ മറ്റു ദേവന്മാരുടെയോ മുന്നില്‍ പേടിച്ചുവിറയ്‌ക്കുന്നതു കാണാം. ചിലപ്പോഴെല്ലാം അവനെ പാപചിന്ത ഭയങ്കരമായി വേദനിപ്പിക്കുന്നതു കാണാം. ചിലപ്പോഴെല്ലാം അവനെ പാപചിന്ത ഭയങ്കരമായി വേദനിപ്പിക്കുന്നതു കാണാം. ഉപനിഷത്തുകളിലാകട്ടെ ഈവക വസ്തുതകളുടെ ചിത്രീകരണത്തിനു സ്ഥാനം നല്‍കിയിട്ടില്ല. അവയില്‍ ഭയത്തിന്റെ മതത്തിനു സ്ഥാനമില്ല; അതു പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയും മതമാണ്.
















